2021 ഏപ്രിൽ 26, തിങ്കളാഴ്‌ച

അവർത്തിച്ചുള്ള മുന്നറിയിപ്പുകൾ !



             ഒരിക്കൽ വിമാനയാത്ര കഴിഞ്ഞെത്തിയ ഒരാൾ തൻ്റെ പ്രത്യേക അനുഭവം വിവരിക്കുന്നത് കേൾക്കാനിടയായി. മേല്പറഞ്ഞ വ്യക്തി ലക്ഷ്യസ്ഥാനത്തേക്കുള്ള ടിക്കറ്റും , യാത്രയ്ക്കാവശ്യമായ അനുബന്ധ രേഖകളുമായി വിമാനത്താവളത്തിലെത്തി , ദേശാന്തര ഗമനത്തിനായുള്ള സൂക്ഷ്മ പരിശോധനകൾക്കുമൊടുവിൽ, യാത്രാനുമതി രേഖയും  (Boarding pass) കൈപ്പറ്റി ,  നിർദ്ദിഷ്ട  കാത്തിരിപ്പ്   സ്ഥലത്ത്  മറ്റ് യാത്രക്കാരോടൊപ്പം ഇരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലേക്കുമുള്ള വിമാനയാത്രയ്ക്കായി തയാറായിരിക്കുന്ന പലരും പലവിധ വികാരങ്ങളോടെയിരിക്കുന്നത്  കണ്ടു. ഇതിനൊക്കെയിടയിലും  , ഓരോ വിമാനത്തെക്കുറിച്ചും, യാത്രക്കാർക്കായുള്ള അറിയിപ്പുകൾ വന്നുകൊണ്ടേയിരുന്നു. ആവർത്തിച്ചാവർത്തിച്ചുള്ള അറിയിപ്പുകൾ എന്തിനെന്നു പോലും ചിന്തിച്ചു കൊണ്ട് ചെറുതായൊന്നു മയങ്ങിയതും ആ മനുഷ്യൻ അറിഞ്ഞതേയില്ല.

      ഈ മയക്കത്തിനിടയിൽ തനിക്കു പോകാനുള്ള വിമാനത്തിലെ യാത്രക്കാരെ വിളിച്ചു കൊണ്ടുള്ള അറിയിപ്പും ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. തനിക്ക് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാനുള്ള വിമാനം യാത്രക്ക് തയാറാകുന്നതും,  അതിനുള്ളിലേക്ക് അധികൃതരുടെ നിർദ്ദേശാനുസരണം യാത്രക്കാർ വരിയായി കയറുന്നതുമൊന്നുമറിയാതെ മേല്പറഞ്ഞയാൾ  യാത്രക്കാർക്കായുള്ള കാത്തിരിപ്പൂ സ്ഥലത്തിരുന്ന് ഉറങ്ങുകയായിരുന്നു. അപ്പോഴൊക്കെയും  യാത്രാവിവരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ഉച്ചഭാഷിണിയിലൂടെ വീണ്ടും വീണ്ടും മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം, ഉറങ്ങിക്കിടക്കുന്നയാൾ ഇതൊക്കെ എങ്ങനെയറിയാനാണ്. അവസാനം ഭാഗ്യവശാൽ അവർത്തിച്ചാവർത്തിച്ച് വന്ന അറിയിപ്പുകളുടെ ഒരു അലയൊലി കേട്ട് ഉണരുകയും തത്രപ്പെട്ട്  ചെന്നതിനാൽ  യാത്ര മുടങ്ങാതെ ലക്ഷ്യത്തിലെത്താനും സാധിച്ചെന്നുമായിരുന്നു മാന്യ ദേഹം പറഞ്ഞതിൻ്റെ സാരം. ഒരു പക്ഷേ യാത്രാവിവരങ്ങൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കേട്ടില്ലായിരുന്നുവെങ്കിൽ ആ യാത്ര തന്നെ മുടങ്ങി, ലക്ഷ്യത്തിലെത്താൻ കഴിയുകയുമില്ലായിരുന്നു.

      ഏതാണ്ട് ഇതേ നിലയിലല്ലെങ്കിലും ,മറ്റൊരു  തരത്തിൽ ഉച്ചത്തിലുള്ള വിളംബരങ്ങൾ ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും കേൾക്കാറുണ്ട്. സ്ഥലപ്പേരും ,പുറപ്പെടുന്ന സമയവുമൊക്കെ ഓരോ ഓർമ്മപ്പെടുത്തലുകളോ മുന്നറിയിപ്പുകളോ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഏത് വിധേനയും യാത്രക്ക് പുറപ്പെടാനെത്തിയിട്ടുള്ള ഒരാൾക്കു പോലും തങ്ങളുടെ  വാഹനം നഷ്ടപ്പെടാനോ, യാത്ര മുടങ്ങാനോ ഇടയാകാതിരിക്കാനാണ് മേല്പറഞ്ഞ അറിയിപ്പുകളും വിളംബരങ്ങളുമൊക്കെ ലക്ഷ്യം വക്കുന്നത്. തയാറും താൽപര്യവുമുള്ള അവസാനത്തെയാളും പ്രവേശിക്കണമെന്നതാണ് ഈ അറിയിപ്പുകളുടെയൊക്കെയും ലക്ഷ്യം എന്നതാണ് സത്യം.

 വേദപുസ്തക ചരിത്രത്തിലെ ഏവർക്കും സുപരിചിതമായ ഒരു സംഭവം ഇതുമായി കൂട്ടി വായിക്കുകയാണ്. ആസന്നമായ ജലപ്രളയത്തിൽ ജീവൻ നഷ്ടപ്പെടാതിരിക്കേണമെങ്കിൽ, പെട്ടകത്തിൽ കയറി ജീവൻ രക്ഷിക്കൂ എന്ന നോഹയുടെ നീതി പ്രസംഗമായിരുന്നത്. മുന്നറിയിപ്പ് ശ്രവിച്ച് അനേകർ രക്ഷപ്പെടാനുള ഒരറിയിപ്പായിരുന്നത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. മുന്നറിയിപ്പുകൾ തൃണവൽഗണിച്ചവർക്ക്  ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നോർക്കണം.

  മനുഷ്യജീവിതം ഒരു യാത്രയാണ്. ഈ ജീവിതയാത്രയിൽ അലസ ഗമനം നടത്തുകയും ആത്മീയ , ഉറക്കത്തിലായിരിക്കുകയും ചെയ്യുന്ന അനേകരുണ്ട്.ലക്ഷ്യത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാതെ വൃഥാ സഞ്ചരിക്കുകയാണക്കൂട്ടർ. ലോക സംഭവങ്ങൾ ആസന്നമായിരിക്കുന്ന ഒരു വലിയ യാത്രയിലേക്കുള്ള ചുണ്ടുപലകയാണെന്നോർക്കണം. ഇനിയും ലോകത്തിൻ്റെ ശീതളഛായയിൽ മയങ്ങിക്കിടക്കുന്നവരെ ഓർമിപ്പിച്ചുണർത്താനുള്ള ആവർത്തിച്ചാവർത്തിച്ചുള്ള സുവിശേഷം എന്ന അറിയിപ്പ് ലോകമെമ്പാടും മുഴങ്ങിക്കേൾക്കുകയാണ്. ഒരാൾ പോലും നിത്യത എന്ന ലക്ഷ്യം നഷ്ടപ്പെടുന്നവരാകരുതെന്നാണ് ഈ സദ്വർത്തമാനം ഓർമ്മപ്പെടുത്തുന്നത്. സുവിശേഷം അറിയാനും അറിയിക്കാനുമുള്ള കടപ്പാട് നാം മറക്കരുത്. നിത്യത എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ആർക്കും മുടങ്ങാതിരിപ്പാൻ നമ്മാലാവും വിധം ദൈവരാജ്യത്തിൻ്റെ സുവിശേഷം വിളംബരം ചെയ്യാൻ മറക്കാതിരിക്കാം.


========== * ========== * ========== * ==========* ========== *==========





2021 ഏപ്രിൽ 24, ശനിയാഴ്‌ച

നാട് നന്നാവാൻ സുവിശേഷം, നിത്യത ഉറപ്പാണ്

 


              നാടെങ്ങും മുഴങ്ങിക്കേൾക്കുന്ന രണ്ട് വിഭിന്ന വാചകങ്ങളാണ് ഇക്കുറി യുഗവീക്ഷണമായി കുറിക്കുന്നത്. ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ രണ്ട് വിഭിന്ന രാഷ്‌ട്രീയ ചേരികളുടെ ആപ്തവാക്യമാണത്. ഒരു കൂട്ടർ ' നാട് നന്നാകാൻ തങ്ങളുടെ മുന്നണി 'യെന്ന നിലയിലും, മറ്റൊരു കൂട്ടരാകട്ടെ ഇത്തവണ  'ഉറപ്പാണവർക്കെന്ന നിലയിലുമാണ് മുദ്രാവാക്യം ജനമധ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.. ഈ വാചകങ്ങൾ പൊതു സമൂഹത്തിൽ  വിവിധ മാധ്യമ ദ്വാരാ അലയടിച്ചു കൊണ്ടിരിക്കുകയാണ് .

      മേൽപ്പറഞ്ഞ വാചകങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനല്ല ഇവിടെ സൂചിപ്പിക്കുന്നത് . അതുമായി കോർത്തിണക്കിയ ചില ലഘു ആത്മീയ ചിന്തകളിലേക്ക് വെളിച്ചം വീശാനാണത് ഉദ്ധരിച്ചത്. സമൂഹത്തിൻ്റെ മൂലകണമായ   വ്യക്തികൾ നന്നായാൽ കുടുംബവും നാടുമെല്ലാം നന്നാവുമെന്നതാണ്  വസ്തുത. മദ്യത്തിനും സാമൂഹ്യ വിപത്തുകളിലും പെട്ട് ജീവിച്ചിരുന്ന അനേകരെ നല്ല ജീവിതങ്ങളാക്കിത്തീർക്കാൻ സുവിശേഷത്തിന് കഴിഞ്ഞിട്ടുണ്ട്. ക്രിസ്തുവിൻ്റെ സുവിശേഷത്തിനു മാത്രമേ ആരെയെങ്കിലും നന്നാക്കാൻ കഴിയൂ. 

  തങ്ങളുടെ ഈ ലോകത്തിലെ ജീവനും സമയവുമെല്ലാം പാഴാക്കി, ക്രിസ്തേശുവിലെ നിത്യജീവൻ നഷ്ടമാക്കിക്കളയുന്നവരാണനേകർ. ഒരു പക്ഷേ ക്രിസ്തുവിലുള്ള നിത്യജീവൻ്റെ സുവിശേഷം ശ്രവിക്കാനുള്ള ഭാഗ്യമോ അവസരമോ ഒരു പക്ഷേ ലഭിച്ചിട്ടില്ലായിരിക്കാം. അതുകൊണ്ടു തന്നെയാണ് പാപ സ്വഭാവങ്ങളിൽ നിന്ന് അനേകരും വിടുതൽ പ്രാപിക്കാതിരിക്കുന്നതും, ഒരർത്ഥത്തിൽ നന്നാകാതിരിക്കുന്നതും. അതായത് ഈ ' പറഞ്ഞു വരുന്നതിന്  ഒറ്റയർത്ഥമേയുള്ളൂ. വ്യക്തിയും , നാടുമൊക്കെ സുവിശേഷം കേൾക്കണം. അതിന് വേണ്ടി തന്നാലാവുന്നതിലധികം യത്നിക്കുകയും വേണം. ക്രിസ്തുവിലൂടെയുള്ള നിത്യജീവൻ ഏവർക്കും ഉറപ്പാക്കുകയും വേണം.

======x=========x=========x======x=========x=========x=================

#നാട് _നന്നാവാൻ_സുവിശേഷം




2020 ഒക്‌ടോബർ 17, ശനിയാഴ്‌ച

ചിന്തിക്കാൻ

 സാം.ടി. മൈക്കിൾ ഇളമ്പൽ

'കാറ്റ് വന്നില്ലായിരുന്നെങ്കിൽ '!

          വന്മരങ്ങളും കുറ്റിച്ചെടികളും പൂച്ചെടികളും പുൽച്ചെടികളുമൊക്കെ ഇടതൂർന്ന് വളർന്ന് നിന്നിരുന്ന ഒരു ചെറിയ കാട്ടിൽ ചേരി തിരിഞ്ഞ് ഒരു വലിയ തർക്കം നേരിട്ടു. ആരാണ് വലിയവർ എന്നതായിരുന്നു മേൽപ്പറഞ്ഞ വാഗ്വാദങ്ങൾക്കും താൻപോരിമക്കും (Ego Clash) പ്രധാന കാരണം. വരമരങ്ങൾ ഒറ്റക്കെട്ടായി നിന്ന് ചെറിയ മരങ്ങളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയുമൊക്കെച്ചെയ്തു.  ഈ കാട്ടിലെ വമ്പൻമാർ തങ്ങളാണെന്നും, മൃഗങ്ങൾക്ക് തണലൊരുക്കുന്നതും, പക്ഷികൾക്ക് വിശ്രമിക്കാനിടം നൽകുന്നതുമൊക്കെ തങ്ങളാണെന്ന വാദവുമായി വമ്പൻ മരങ്ങൾ നിലകൊണ്ടു. മാനം മുട്ടെ തലയുയർത്തി നിന്നിരുന്ന ചില 'വൃക്ഷ പ്രമാണികൾ ' , ബലഹീനവും തീരെച്ചെറുതുമായ സസ്യങ്ങളെ അല്പം ഗർവ്വത്തോടെ ഏറ് കണ്ണിട്ട്‌ നോക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യാം ദുർബലവിഭാഗത്തിൽപ്പെട്ട ചെടികളാകട്ടെ ഇതൊക്കെ കണ്ടും കേട്ടും സഹിച്ച് ജീവിച്ചു പോന്നു.

      തർക്കങ്ങളും, ശീതസമരവുമൊക്കെ നടന്നു പോരുന്നതിനിടെയാണ് ആകസ്മികമായി കാട്ടിൽ കൊടുങ്കാറ്റടിച്ചത്. കാട്ടിലെ ജീവജാലങ്ങളെല്ലാം ഭയവിഹ്വലരായി വിറച്ചു. ആ ഭയാനകമായ കാറ്റ് അനേകം ജന്തുജാലങ്ങളുടെ ജീവൻ വീശിയെടുത്തു. അഹമ്മതിയോടെ ശിരസ്സുയർത്തി നിന്ന വൻമരങ്ങൾ കടപുഴകി വീണു. പക്ഷേ മറ്റുള്ളവരൊക്കെ ദുർബ്ബലരെന്നു കരുതിയ ചെറിയ കുറ്റിച്ചെടികളും പുൽച്ചെടികളുമൊക്കെ ഒരു പോറൽ പോലുമേൽക്കാതെ കാട്ടിലവശേഷിച്ചു.ആ കാറ്റു വന്നില്ലായിരുന്നുവെങ്കിൽ വമ്പൻ മരങ്ങൾ തങ്ങളുടെ യഥാർത്ഥ അസ്തിത്വം തിരിച്ചറിയുമായിരുന്നില്ല.

'   മേൽപറഞ്ഞ ഉപമാന കഥ പൊതുസമൂഹത്തിൻ്റെ പരിച്ഛേദമല്ലേയെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല.തോളിനൊപ്പം നിൽക്കുന്നവർ സംഘം ചേർന്ന് ദുർബ്ബലരെ ഒറ്റപ്പെടുത്തുന്ന ഒരു പൊതു മിനിമം പരിപാടി ചിലയിടങ്ങളിലെങ്കിലും ഉണ്ടാകാം.  ആരാണ് വലിയ വൻ എന്ന അത്ര നല്ലതല്ലാത്ത ചിന്തയാണ് പലയിടത്തും പ്രതിസന്ധികളുടെ രോധം തീർക്കുന്നത്. സംഘടനകളിലും, സമൂഹങ്ങളിലുമൊക്കെ മറ്റുള്ളവരെക്കാൾ മേൽക്കൈ നേടി ഉയർന്നു നിൽക്കണമെന്നു വാശി പിടിക്കുന്നതും ,മറ്റുള്ളവരെ തുച്ഛീകരിക്കാൻ ശ്രമിക്കുന്നതുമൊന്നും ഭൂഷണമല്ലെന്നോർക്കണം. തങ്ങൾ പ്രബലരെന്നു കരുതി മറ്റുള്ളവർ ദുർബലരെന്നും കരുതിക്കൂടാ. വലിയ ബലശാലികൾ പോലും ഇടറി വീഴുന്ന പ്രതിസന്ധികളിൽ, തീരെ ദുർബ്ബലരെന്നു കരുതപ്പെടുന്നവരാകാം അതിജീവനം നേടുന്നതെന്നതും സനാതന സത്യം തന്നെ.

    മറ്റുള്ളവരെ തങ്ങളെക്കാൾ ശേഷ്ഠരെന്നേണ്ണേണമെന്ന ബൈബിൾ വചനങ്ങൾ ഏറെ പ്രസക്തമാണ്. ആയതിനാൽ ആത്മീയ ജീവിതത്തിൽ  ആരും ആരെക്കാളും കുറഞ്ഞവരല്ലെന്നും, തങ്ങളെക്കാൾ ശ്രേഷ്ഠർ മറ്റുള്ളവരാണെന്നുമുള്ള ചിന്താധാര വെറും അറിവല്ല, മറിച്ച് വലിയൊരു ആത്മീയ തിരിച്ചറിവിൻ്റെ വാതായനമാണെന്ന് മറക്കരുത്.


========================================




2018 സെപ്റ്റംബർ 16, ഞായറാഴ്‌ച

പൗരത്വ രജിസ്റ്ററിനുള്ളിലോ പുറത്തോ?

==============================================
കാഴ്ചക്കുറിപ്പുകൾ:                   


                  പൗരത്വ രജിസ്റ്ററിനുള്ളിലോ പുറത്തോ?
                   =============================
                    പൗരത്വം എന്ന വാക്കിന് രാഷ്ട്രമീമാംസയിൽ മാത്രമല്ല ഓരോ വ്യക്തിയുടെ ജീവിതത്തിലും അനിർവ്വചനീയവും  അതിപ്രധാനവുമായ സ്ഥാനമാണുള്ളത്.ഭരണഘടനാനുസൃതം മുന്നേറുന്ന ഏതൊരു രാജ്യത്തിലും തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് വ്യക്തവും ദൃഢവുമായ നിർവ്വചനങ്ങൾ നൽകിയിരിക്കും. നമ്മുടെ നാട്ടിൽ പ്രായപൂർത്തിയായ പൗരന്മാരുടെ ഭരണഘടനാപരമായ പ്രധാന  അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാശം. റേഷൻ കാർഡ്, പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്, തുടങ്ങി ഏറ്റവുമൊടുവിൽ ഏറെ സവിശേഷതകളോടെ ആധാർ കാർഡും പൗരന്മാരുടെ തിരിച്ചറിയൽ രേഖകളായി ഗണിക്കപ്പെടുന്നു.. അനേക വ്യക്തിവിവരങ്ങളടങ്ങിയ ആധാർ കാർഡ് അതുല്യമാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ,ആക്ഷേപങ്ങളും ആവലാതികളും ഇപ്പോഴും നില്ക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നിരുന്നാലും ഏറെക്കുറെ എല്ലാ സർക്കാർ സേവനങ്ങളും ആധാറുമായി യോജിപ്പിക്കുന്ന തിരക്കിലാണ് ബന്ധപ്പെട്ടവർ.
          ഏതു കാലത്തും വിവിധ കാരണങ്ങളാൽ സ്വന്തനാടും വീടും ഉപേക്ഷിച്ച് കനൽവഴികളിലൂടെ നടന്ന്,അഭയാർത്ഥികളായി ജീവിച്ചവരെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര കലഹങ്ങളും മൂലം പാലായനം ചെയ്യുമ്പോൾ ,മറ്റ് ചിലർ തങ്ങളുടെ നാട്ടിലെ ദാരിദ്ര്യവും പട്ടിണിയുമൊക്കെ നിമിത്തം മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. വംശീയ വിദ്വേഷത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരും ഇല്ലാതില്ല. മദ്ധ്യപൂർവ്വദേശത്തെ സിറിയൻ അഭയാർത്ഥികളും, മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളുമൊക്കെ ലോക മന:സാക്ഷിയെ സ്പർശിച്ചത് ഇനിയും മറക്കാറായിട്ടില്ല. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങളും ഒരു വേള പൊതു സമൂഹത്തിൽ  ചർച്ച ചെയ്യപ്പെട്ടതും അധികനാളുകൾക്ക് മുമ്പല്ലെന്നതും ഓർക്കണം.പല യൂറോപ്യൻ രാജ്യങ്ങളും ,ലാറ്റിനമേരിക്കൻ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്ക് വർഷങ്ങൾക്ക് ശേഷം അനുഭാവപൂർവ്വം  പൗരത്വം നൽകിയിട്ടുണ്ടെന്ന വസ്തുതയും കുറിക്കട്ടെ.
   മേൽപ്പറഞ്ഞ വസ്തുതകളൊക്കെ " കാഴ്ചക്കുറിപ്പുകളിൽ "
കോറിയിടാൻ കാരണം ഇതിന് സമാനമായ മറ്റൊരു സാഹചര്യം മാധ്യമദ്വാരാ  സജീവ ചർച്ചകളിലിടം പിടിച്ചതിനാലാണ്. ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിൽ ഈയിടെ പുറത്തിറങ്ങിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയുടെ ചുവട് പിടിച്ചായിരുന്നു ചർച്ചകൾ. മേൽ ഉദ്ധരിച്ച ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് രൂപത്തിൽ നിന്നും ഏകദേശം നാല്പത് ലക്ഷം പേർ പുറത്തായതായിരുന്നു സഗൗരവ വാദവിവാദങ്ങൾക്ക് വഴിമരുന്നിട്ടത്.പ്രത്യേക കാലയളവിനുള്ളിൽ തൊട്ടടുത്ത അയൽ രാജ്യത്ത് നിന്നും മറ്റുമായി ഇത്രയും പേർ അനധികൃതമായി കുടിയേറിയതായിരുന്നെന്നായിരുന്നു അധികൃതരുടെ നിലപാട്. പല പൗരപ്രമുഖരുടെയും കുടുംബാംഗങ്ങൾ ഉൾപ്പെടെ നിയമാനുസൃതം കാലങ്ങളായി സംസ്ഥാനത്ത് ജീവിച്ച ചില പ്രമുഖരും പട്ടികക്ക് പുറത്തായത് ആശങ്കയും കൗതുകവും ജനിപ്പിച്ചതും മറ്റൊരു കാര്യം.
    ആസ്സാമിലെ കുടിയേറ്റത്തിന്റെ ചിത്രത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തുവന്നതോടെയാണ് അതിരൂക്ഷമായ തത്സ്ഥിതി വീണ്ടും സമൂഹമധ്യത്തിലെത്തിയത്. പൗരത്വ ലിസ്റ്റിൽ ഇടം പിടിക്കാത്തവരുടെ സ്ഥിതി ഏറെ ദയനീയവുമായിത്തീരും. സർക്കാർ സേവനങ്ങൾ ലഭിക്കാതെയും, തൊഴിലുറപ്പില്ലാതെയും അരക്ഷിതരായി മുമ്പോട്ട് പോകേണ്ട അവസ്ഥ. ഒരു പക്ഷേ തങ്ങളുടെ രാജ്യത്തെ ദാരിദ്ര്യവും അതിജീവനത്തിന്റെ ബുദ്ധിമുട്ടുകളുമൊക്കെയാവാം ഇത്തരത്തിൽ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. കാലക്രമേണ അതാത് ഭരണകൂടത്തിന്റെ സംരക്ഷണവും, പിന്നീട് പൗരത്വമൊക്കെ ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലുകളാണ് പിഴച്ചത്. അവിടെയും ഇവിടെയുമില്ലെന്ന സങ്കീർണ്ണമായ മാനുഷിക പ്രശ്നം കൊടും ദാരിദ്യത്തിലേക്കും പട്ടിണിയിലേക്കു വരെ കൊണ്ടെത്തിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്.
 
    ഈയൊരു സമകാലിക സമസ്യയിലൂടെ ഒരു ആത്മീയ സന്ദേശം ഒർമ്മപ്പെടുത്തുകയാണ്. ദൈവമക്കളായ നമ്മുടെ ഓരോരുത്തരുടെയും ഭൗമ ജീവിതം ഏതാണ്ട് ഒരു പ്രവാസ ജീവിതമോ അല്ലെങ്കിൽ പരദേശ വാസമോ ഒക്കെയാണ് .ഈ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുമ്പോഴും ,അതാത് രാജ്യങ്ങളുടെ നിയമാനുസൃതം ജീവിക്കുമ്പോഴും മറക്കരുതാത്ത പ്രധാനപ്പെട്ട ഒരു മർമ്മമുണ്ട് .നാം നോക്കി പാർക്കുന്ന കാണപ്പെടാത്ത ഒരു നിത്യ രാജ്യം നമുക്കുണ്ടെന്ന മർമ്മമാണത്.കാണപ്പെടുന്ന ഈ ലോകരാജ്യമല്ല, മറിച്ച് കാണപ്പെടാത്ത നിത്യ രാജ്യത്തിന്റെ പൗരന്മാരാണ് നാമെന്ന ഉറപ്പും ധൈര്യവുമായിരിക്കണം ജീവിത യാത്രയിൽ നമ്മെ നയിക്കേണ്ടത്.
  പൗരത്വത്തിന്റെ മൂല്യവും വ്യാപ്തിയും അതിമഹത്തരമാണ്. പലപ്പോഴും ഉപജീവനാർത്ഥമോ മറ്റേതെങ്കിലും കാരണത്താലോ പ്രവാസ ജീവിതം നയിക്കുന്നവരുടെ മനസ്സിനെ മഥിക്കുന്ന ചിന്തകളും കൂറും എപ്പോഴും തങ്ങൾക്ക് പൗരത്വമുള്ള രാജ്യത്തെക്കുറിച്ചായിരിക്കും. മറുനാട്ടിൽ അധ്വാനിക്കുന്നതും ഓടുന്നതുമെല്ലാം മാതൃരാജ്യത്തിൽ എന്തെങ്കിലുമൊക്കെ സ്വരുക്കൂട്ടാനും ,ജോലി വിട്ടാലും സ്വന്തം നാട്ടിൽ ശിഷ്ടകാലം കഴിക്കാനുമൊക്കെയായിരിക്കും. ഏത് അടിയന്തര സാഹചര്യത്തിലും മാതൃരാജ്യം തിരികെ വരാൻ ആവശ്യപ്പെട്ടാൽ ,ഒരുക്കമുള്ളവരായിരിക്കേണമെന്നതും വസ്തുതയാണ്. ഇപ്രകാരം ലിബിയയിൽ നിന്നും മറ്റും ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചതും ഓർക്കുമല്ലോ. ഇതിനൊക്കെ വലിയ ആത്മീയ അർത്ഥ തലങ്ങൾ ഉണ്ടെന്നതും അവിതർക്കിതമായ വസ്തുതയല്ലേ!.
   നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാകുന്നു എന്ന പൗലോസിന്റെ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്(ഫിലി: 3:20). ഈ ലോകത്തിൽ എന്തെങ്കിലുമൊക്കെ നേടിയാലും ഇല്ലെങ്കിലും ,വരുവാനുള്ള നിത്യ രാജ്യത്തിലെ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താകരുതേ!
അതേ പോലെ തന്നെ ഭൂമിയിലുള്ളത് ചിന്തിക്കാതെ ഉയരത്തിലുള്ളത് തന്നെ ചിന്തിക്കാം. മാതൃരാജ്യത്തിലേക്കുള്ള പുറപ്പാടിനുള്ള  കാഹളം എപ്പോഴാണ് മുഴങ്ങുന്നതെന്നറിയില്ല. ഒരുങ്ങിയിരിക്കണം, അവിടത്തെ പൗരത്വ രജിസ്റ്ററിൽ പേരുണ്ടെന്ന് ഉറപ്പിക്കയും ചെയ്യണം.
==============================================

2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

കടൽക്കരയിലെ മണൽത്തരികൾ പറയാതെ പറയുന്നത് !!!


കടൽക്കരയിലെ മണൽത്തരികൾ പറയാതെ പറയുന്നത് !!!
===============================================
            നിർമ്മാണ മേഖലക്ക് അവശ്യം വേണ്ടുന്ന വസ്തുവാണ് മണൽ .പുഴകളിലൂടെയോ അല്ലെങ്കിൽ ഏതെങ്കിലും ഒഴുക്കു വെള്ളത്തിലൂടെയോ പാറക്കല്ലുകൾ ചലിച്ച്, പൊടിഞ്ഞ് അതിൽ  നിന്നാണ് മണലുണ്ടാകുന്നതെന്ന്  എവിടെയോ വായിച്ചതോർക്കുന്നു .അപ്രകാരം പുഴകളിൽ പാറകൾ പൊടിഞ്ഞുണ്ടാകുന്ന മണലാണ് വ്യാപകമായി നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ഉപയോഗിക്കുന്നത് .
               എന്നാൽ കടൽത്തീരത്തെ മണലിന്റെ നിലവാരം മറ്റൊരു തരത്തിലുള്ളതാണ് .ഉപ്പുരസത്തിന്റെ സാന്നിദ്ധ്യം മൂലം നിർമ്മാണത്തിന് ഉപകരിക്കില്ലെന്നായിരുന്നു വയ്പ് .ചില പ്രക്രിയകളിലൂടെ കടത്തി ശുദ്ധീകരിച്ചാൽ കടൽക്കരയിലെ മണലും നിർമ്മാണമേഖലയിൽ ഉപകരിക്കുമെന്ന്‌ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് .പല മുൻനിര രാജ്യങ്ങളിലും ഇതിനോടകം തന്നെ കടൽത്തീരത്ത് നിന്ന് ശേഖരിക്കുന്ന മണൽ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്നതായാണറിവ് .
                കടൽക്കരയിലെ മണലിനെക്കുറിച്ച് പറയുമ്പോൾ ഒരു ശരാശരി വേദപഠിതാവിന്റെ ദൃഷ്ടി  പ്രധാനപ്പെട്ട ചില വസ്തുതകളിലൂടെ കടന്നു പോകാതിരിക്കില്ല. അതിലൊന്ന് സർവ്വശക്തനായ ദൈവം കടലിനെ മണൽത്തരികൾ കൊണ്ടാണ് അതിരിട്ടതെന്ന സത്യത്തിലേക്കാണ് ( യിരെമ്യാവ്: 5:22). മറ്റൊന്ന് അബ്രാഹാമിനോടുള്ള സർവ്വശക്തനായ ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ പശ്ചാത്തലത്തിലും .ഞാൻ നിന്റെ സന്തതിയെ കടൽക്കരയിലെ മണൽപോലെ വർദ്ധിപ്പിക്കുമെന്ന ദൈവീക വാഗ്ദത്തത്തിലടങ്ങിയ ആത്മീയ അർത്ഥതലങ്ങൾ ഏറെ ആഴത്തിലുള്ളതാണ് (ഉല്പ: 22:17).മണലിനെ എണ്ണിത്തീർക്കാൻ കഴിയാത്തതുപോലെ അബ്രഹാമിന്റെ സന്തതി പരമ്പരകളെ  എണ്ണത്തിൽ പെരുപ്പമുള്ളവരാക്കും എന്നർത്ഥം .അതേ പോലെ തന്നെ അടിക്കടി ഉയർന്നു വരുന്ന തിരമാലകളേറ്റ് മണൽത്തരികൾ  അനുനിമിഷം ശുദ്ധീകരിക്കപ്പെടുന്ന പോലെ ഈ വംശാവലി അനുദിന ജീവിതത്തിൽ ലവലേശം മാലിന്യപ്പെടാതെ വിശുദ്ധരായിരിക്കേണമെന്നും വ്യംഗ്യം .
            കടൽത്തീരത്തെ മണൽത്തരികളെക്കരിച്ചുള്ള പരിമിതമായ അറിവുകളെ മറ്റൊരു ദിശയിലേക്ക് നയിച്ചത് നാളുകൾക്ക് മുമ്പ് കരിമണൽ ഖനനം സംബന്ധിച്ച വാർത്തകൾ സുലഭമായതോടെയായിരുന്നു.കടൽക്കരയിലെ മണലിന്റെ അനന്ത സാധ്യതകളെപ്പറ്റി സാമാന്യ ജനത്തിലെ നല്ലൊരു ശതമാനം പേരും ഒരു പക്ഷേ മനസ്സിലാക്കിത്തുടങ്ങിയതും അക്കാലങ്ങളിലായിരിക്കാം .നമ്മുടെ വിവിധ പ്രദേശങ്ങളിലെ കടലോരത്തു ലഭ്യമാകുന്ന മണലിൽ അടങ്ങിയിരിക്കുന്ന ധാതു സമ്പത്തിന്റെ മൂല്യവും ,അനധികൃതമായി ഇതു കടത്തിക്കൊണ്ടു പോവുമ്പോൾ സംസ്ഥാന ഖജനാവിനുണ്ടാകുന്ന കോടികളുടെ നഷ്ടവും മാധ്യമ ചർച്ചകളെ ചൂടുപിടിച്ചപ്പോഴാണ്  കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമായത് .
        കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടൽത്തീരങ്ങളിൽ പ്രത്യേകിച്ച് ചവറ തുടങ്ങിയ പ്രദേശങ്ങളിൽ ലഭ്യമാകുന്ന കരിമണലിൽ വിവിധ തരത്തിലുള്ള അമൂല്യധാതുക്കൾ അടങ്ങിയതാണെന്ന കണ്ടെത്തലിന് നാളുകളുടെ പഴക്കമുണ്ട് .ഇൽമിനൈറ്റ്, സിലിമിനൈറ്റ്, സിർക്കോൺ ,മോണസൈറ്റ്, റൂട്ടെയ്ൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന അനേകം ധാതുക്കളുടെ സാന്നിധ്യം വ്യവസായ വികസനത്തിന് കുതിപ്പേകാനുതകുന്നതാണ് .ഇതിൽ ഇൽമനൈറ്റ്, റൂട്ടെയ്ൽ എന്നിവയിൽ നിന്നു സംസ്കരിച്ചെടുക്കുന്ന ടൈറ്റാനിയത്തിന് ആണവോർജ്ജ ഉല്പാദന രംഗത്തും, മറ്റ് ആധുനിക സാങ്കേതിക വിദ്യാ രംഗത്തും ഗണ്യമായ സ്ഥാനമാണുള്ളത്. ഇങ്ങനെ ഒട്ടനവധി വാണിജ്യ പ്രാധാന്യമുള്ള മൂല്യവർദ്ധിത വസ്തുക്കൾ മണൽത്തരികളിൽ ഒളിച്ചിരിപ്പുണ്ടെങ്കിൽ അതിന്റെ വില കുറച്ച് കാണാൻ ആർക്കെങ്കിലും കഴിയുമോ?
          മേൽപ്പറഞ്ഞ വസ്തുതകളൊക്കെ നിരത്തിയത് ചില ആത്മീയ സത്യങ്ങളുമായി കോർത്തിണക്കിനാണ് .അബ്രഹാമിന്റെ സന്തതിപരമ്പരകളെ കടൽക്കരയിലെ മണൽപോലെ വർദ്ധിപ്പിക്കുമെന്ന സർവ്വശക്തന്റെ അനുഗ്രഹവാക്കുകൾക്ക് അർത്ഥ തലങ്ങൾ ഏറെയാണ്.അത് കേവലം എണ്ണത്തിലെ പെരുപ്പമോ, അല്ലെങ്കിൽ അനുദിന ശുദ്ധീകരണമോ, അതും അല്ലെങ്കിൽ കരുത്തേറിയ തിരമാലകളെ അതിരിടാൻ തക്ക സംഘബലമോ ഒക്കെ മാത്രമായി കാണരുത്. ചരിത്രത്തിൽ ആരും  കണ്ടിട്ടില്ലാത്തത്ര അമൂല്യമായ വസ്തുക്കൾ ഈ മണൽത്തരിക്കൾക്കിടയിൽ സൃഷ്ടാവ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നതാണ് സത്യം. ഒരു പക്ഷേ ലോകത്തിന്റെ മുഴുവൻ ഊർജാവശ്യങ്ങൾക്കും ഉതകത്തക്ക നിലയിൽ ആണവോർജ്ജ ഉല്പാദനത്തിനുതകുന്ന അസംസ്കൃത വസ്തുക്കളും ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്.
         പലപ്പോഴും ദൈവമക്കൾ എന്നഭിമാനിക്കുന്നവർ തങ്ങളുടെ യഥാർത്ഥ മഹാത്മ്യം തിരിച്ചറിയണമെന്നില്ല. തങ്ങളുൾപ്പെടുന്ന സഭയുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ ആൾബലവും സംഘടനാ ചട്ടക്കൂടിന്റെ മികവുമൊന്നുമല്ല ഒരു ദൈവപൈതലിന്റെ ജീവിതാധാരം.മറിച്ച് ഒരു ആത്മീയനെ മൂല്യമുള്ളതാക്കുന്നത് തന്റെ ഉള്ളിലെ പരിശുദ്ധാത്മ സാന്നിദ്ധ്യമാണ്.കടൽക്കരയിലെ മണൽത്തരികളിലൊളിഞ്ഞിരിക്കുന്ന അമൂല്യ ധാതുക്കളെപ്പോലെ ആത്മാവിന്റെ ഫലങ്ങളും വരങ്ങളും നമ്മിലൂടെ വെളിപ്പെടേണ്ടതാണ്. ലോകത്തെ ഇളക്കിമറിക്കാൻ വേണ്ട ആണവോർജ്ജത്തിനുതകുന്ന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ കരിമണലിൽ ഉള്ളത് പോലെ, അതിലും വലിയ ദൈവശക്തിയുടെ സാന്നിദ്ധ്യമാണ് നമ്മെ മറ്റുള്ളവരിൽ നിന്നും തികച്ചും വിഭിന്നരാക്കുന്നത്. ആർത്തലച്ചു വരുന്ന തിരമാലകളെ  കടൽത്തീരത്തെ മണൽ പ്രതിരോധിക്കുന്നതു പോലെ ഏതു വലിയ പ്രതിസന്ധികളെയും തടഞ്ഞു നിർത്താനോ നിഷ്ക്രിയമാക്കാനോ ഉള്ള ദൈവശക്തിയാണ് നമ്മിൽ വ്യാപരിക്കുന്നതെന്ന തിരിച്ചറിവും ജീവിതയാത്രയിൽ നമുക്ക നിവാര്യമാണ് .ആയതിനാൽ നമ്മിലെ ദൈവശക്തിയുടെ വലിപ്പവും മഹിമയും തിരിച്ചറിഞ്ഞാകണം ജീവിതയാത്രയിലെ ഓരോ ചുവട് വയ്പുമെന്നതാണ് സത്യം. അത്രക്ക് മൂല്യമുള്ളവരായിട്ടാണ് ദൈവം നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ചത്.
===== * =====*===== * =====*===== * =====*=====

   




2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

കനൽവഴികൾ താണ്ടിയ , കളിമൺ പാത്രങ്ങൾ !!!



          ആധുനിക കാലത്ത് ജീവിത ശൈലികളിൽ പ്രത്യേകിച്ച് ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിൽ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അനിവാര്യമെന്ന് കരുതുന്നവർ വിരളമല്ല. 'ഫാസ്റ്റ്ഫുഡ്' സംസ്കാരവും ,മൃദു പാനീയങ്ങളും, കരിപിടിക്കാത്ത 'നോൺ സ്റ്റിക് ' പത്രങ്ങളിൽ പാകം ചെയ്തെടുക്കുന്ന ആഹാരസാധനങ്ങളും അടക്കിവാഴുന്ന ഒരു കാലമാണിത്. പഴയ കാലത്തെ വിറകടുപ്പിന്റെ സ്ഥാനമപഹരിച്ച് മൈക്രോവേവ് ഓവൻ', 'ഇൻഡക്ഷൻ കുക്കർ ', തുടങ്ങി ആധുനിക സംവിധാനങ്ങൾ അടുക്കളക്കകത്ത് മാന്യമായ സ്ഥാനം അലങ്കരിക്കുന്നു .

    എന്നാൽ ചെറിയൊരുവിഭാഗമാളുകളുടെയെങ്കിലും ഇത്തരം ചിന്താധാരകളെ വിപരീത ദിശയിൽ ചലിപ്പിച്ചത് ,സമൂഹത്തിൽ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ടാണ്. ലോഹപ്പാത്രങ്ങൾക്കും, ടെഫ്ളോൺ  പൂശിയ 'നോൺസ്റ്റിക് 'പാത്രങ്ങൾക്കും പകരം പഴയ രീതിയിലെ മൺപാത്രങ്ങളിലെ വ്യാപക ഉപയോഗത്തിലേക്ക് മടങ്ങേണമെന്ന ചിന്താഗതിയാണ് ചെറിയ തോതിൽ പ്രബലപ്പെട്ടു വരുന്നത്. അതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് അലൂമിനിയം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ലോഹപ്പത്രങ്ങൾ ഭക്ഷണവുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നത് നിമിത്തം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ വിളിച്ച് വരുത്തിയേക്കാമെന്ന തിരിച്ചറിവായിരിക്കണം. 
       
         ഒരു കാലത്ത് നമ്മുടെ നാട്ടിൽ കളിമൺ കൂജകളുടെയും, മൺചിരാതുകളുടെയും ,മൺചട്ടികളുടെയുമൊക്കെ പ്രതാപ കാലമായിരുന്നു. അക്കാലത്ത് മൺപാത്ര നിർമാണവും, മറ്റ് കരകൗശല വസ്തുക്കളുടെ വിപണനവും അനേകർക്ക് തൊഴിൽ നൽകിയ പ്രധാന കുടിൽ വ്യവസായങ്ങളിലൊന്നായിരുന്നു. ഇക്കാലത്ത് കളിമണ്ണിന്റെ ലഭ്യതയില്ലാതായി വരുന്നതും, പാരിസ്ഥിതിക പ്രശ്നങ്ങളും,ലോഹപ്പാത്രങ്ങളുടെ വ്യാപക ഉപയോഗങ്ങളും ഇത്തരം സംരംഭങ്ങളുടെ നടുവൊടിച്ചെന്നു വേണം പറയാൻ.

          ഏതാണ്ട് നവീന ശിലായുഗം മുതലാണ് മനുഷ്യർ, അതിപ്രധാന നാഴികക്കല്ലായ കളിമൺപാത്ര നിർമ്മാണത്തിലേക്ക് കടന്നതെന്നാണ് കരുതുന്നത്.പിന്നീടിങ്ങോട്ട് വിവിധോദ്ദേശ്യങ്ങൾക്കായി പലരുപത്തിലും ഭാവത്തിലുമൊക്കെയുള്ള വസ്തുക്കളും കളിമണ്ണ് കൊണ്ട് നിർമ്മിച്ചു തുടങ്ങി.ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചു വെക്കാനും മാത്രമല്ല കുടിവെള്ളം പകർന്നു വെക്കാനുമൊക്കെ ഉപയോഗിച്ചിരുന്നു.കൂടാതെ കളിമണ്ണ് കൊണ്ട് മെനഞ്ഞെടുത്ത മനോഹരമായ അലങ്കാര വസ്തുക്കളും പൂച്ചെട്ടികളുമൊക്കെ ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ വിരലടയാളം കൂടിയായിരുന്നു.

   ഓരോ മൺപാത്രങ്ങളും രൂപപ്പെടുന്നതു സവിശേഷ സാഹചര്യങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ്. കളിമണ്ണിനെ കുശവൻ ചവിട്ടിമെതിച്ച് അതിലെ കരടുകളൊക്കെ നീക്കം ചെയ്ത് ഉപയോഗിക്കത്തക്കതാക്കിത്തീർക്കുന്നു.ഇതിനെ മനോഹരമായ പാത്രങ്ങളോ അലങ്കാര വസ്തുക്കളോ ഒക്കെയാക്കി മാറ്റിയതിനു ശേഷം തീച്ചൂളയിലൂടെ കടത്തിവിട്ടതിനു ശേഷമാണ് ഈ സൃഷ്ടികൾ ഉറപ്പും ഭംഗിയുമൊക്കെ ഉള്ളതായി മാറുന്നത്. സമ്മർദ്ദമുള്ള ജീവിതാനുഭവങ്ങളും പേറി, കനൽവഴികളും താണ്ടിയാണ് കുശവന്റെ കയ്യിലെ കളിമണ്ണ് മനോഹരമായ പാത്രങ്ങളായിത്തീരുന്നതെന്ന സത്യം ചില ഓർമ്മപ്പെടുത്തലുകളാണ് തരുന്നത്.
  
     മനുഷ്യജീവിതങ്ങളെ മൺപാത്രങ്ങളോട് തുലനം ചെയത് ചിന്തിച്ചാൽ നാമോരോരുത്തരും സൃഷ്ടാവായ ദൈവത്തിന്റെ കരങ്ങളിലെ വെറും കളിമണ്ണ് മാത്രമാണ്. അവിടുന്ന് നമ്മെ ഉറപ്പും ഭംഗിയുമുള്ള പാത്രങ്ങളാക്കി പ്രയോജനപ്പെടുത്താനായി അനേക ശുദ്ധീകരണ, സംസ്കരണ പ്രക്രിയകളിലൂടെ കടത്തിവിടുന്നു. നമ്മെ ശുദ്ധീകരിക്കാനും ഉറപ്പിക്കാനുമൊക്കെ അവിടുത്തേക്കു മാത്രമേ കഴിയുകയുള്ളു എന്ന വാസ്തവം മറക്കരുത്. ഇപ്പറഞ്ഞ വസ്തുതകളൊക്കെ ചൂണ്ടിക്കാട്ടിയത്, ഈ കേവലം മൺപാത്രങ്ങൾ മാത്രമായ നമ്മിൽ പകർന്ന ദൈവകൃപയുടെ മാഹാത്മ്യം ഗ്രഹിക്കാവുന്നതിലും എത്രയോ വലുതാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ്. (  "കൃപയിന്നത്യന്ത ധനം , മൺപാത്രങ്ങളിൽ പകർന്നൂ..... " എന്നു തുടങ്ങുന്ന അനുഗ്രഹീത ഗാനത്തിന്റെ ഈരടികൾ ഈ സമയം  ഹൃദയത്തിന്റെ അഭ്രപാളികളിൽ തെളിയുന്നു).
   
           കളിമൺ പാത്രങ്ങളുടെ നിർമ്മാണം ,ഉപയോഗം തുടങ്ങി അത് നൽകുന്ന ഒരു വലിയ സാരാംശം കൂടിയുണ്ട് നമുക്ക് സ്വായത്തമാക്കുവാൻ. മൺപാത്രങ്ങളുടെ ഗുണ ഗണങ്ങൾ അനവധിയുണ്ടെങ്കിലും, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഉടഞ്ഞുപോകുമെന്ന സാരാംശം  ഒരു തിരിച്ചറിവാണ് നൽകുന്നത്. ഒരേ സമയം മനുഷ്യജീവിതത്തിന്റെ അമുല്യതയെയും നൈമിഷികതയേയും,വിചാരിച്ച് സൂക്ഷ്മതയോടെ ജീവിതം നയിക്കേണമെന്ന വലിയ മുന്നറിയിപ്പും!!
     

    
     =====================================*=====
#കളിമൺ_പാത്രങ്ങൾ    #ഫാസ്റ്റ്ഫുഡ്       

#ജീവിതശൈലി    #നോൺസ്റ്റിക്_പാത്രങ്ങൾ

#കുശവന്റെ_കയ്യിലെ_കളിമണ്ണ് 

                       #ദൈവകൃപയുടെ_മാഹാത്മ്യം


2018 ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഡാം തുറക്കുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നവർ!!!


      ഡാം തുറക്കുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നവർ
      =======================================
              
      ഒരു വ്യക്തിയോ സമൂഹമോ ഏതെങ്കിലും അടിയന്തര സാഹചര്യത്തിലുടെ കടന്നുപോകുമ്പോൾ അതിൽ നിന്നും സ്വാർത്ഥ ലാഭങ്ങൾ കൊയ്യാൻ ശ്രമിക്കുന്ന ചില 'വിദ്വാന്മാർ ' എവിടെയും ഉണ്ടാകാം .ഇത്തരക്കാർക്ക് മറ്റുള്ളവരുടെ ദുരിതങ്ങളോ ദുഃഖങ്ങളോ അല്ലെങ്കിൽ താനുൾപ്പെടെയുള്ള സമൂഹം കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിന്റെ ഗൗരവമോ മനസ്സിലാകണമെന്നില്ല .പുര കത്തുമ്പോൾ വാഴവെട്ടുന്നവർ ,നഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്നവർ ,കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.... തുടങ്ങിയ അനേകം ശൈലീ പ്രയോഗങ്ങൾ മേല്പറഞ്ഞ വിനോദങ്ങൾ കൈമുതലാക്കിയവരെ സൂചിപ്പിക്കാനുതകാം.
              ഈ കുറിപ്പെഴുതുന്ന സമയത്ത് സംസ്ഥാനത്ത് കടുത്ത മഴയെത്തുടർന്ന് വിവിധ ജലസംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ വലിയ ജലവൈദ്യുത പദ്ധതിയുടെ കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2395 അടിയിൽ കൂടുന്നതും ,അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും ആശങ്കകൾ സൃഷ്ടിക്കുകയാണ് .ഇതിനിടെയാണ് ഇടുക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത് .അതി ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട് ) പ്രഖ്യാപിച്ച് സംസ്ഥാന ജില്ലാ ഭരണകൂടത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംയുക്താഭിമുഖ്യത്തിലാണ്  മുന്നൊരുക്കങ്ങൾ  നടക്കുന്നത് .ഇതിനിടെ പൊതു ജന ക്ഷേമാർത്ഥം അധികൃതരുടെ കർശന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും  നിലവിൽ വന്നിട്ടുണ്ട് .അതിൽ ശ്രദ്ധേയമായ ഒരു കാര്യം  ,ഡാം തുറന്നു വിടുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണെന്ന ജില്ലാ കളക്ടറുടെ അറിയിപ്പാണ് .
        ഒരു വലിയ ജനസമൂഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗവൃന്ദങ്ങളും രാപകലില്ലാതെ അധ്വാനിക്കുകയാണ് .ഇത്തരം സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ,പ്രോൽസാഹിപ്പിക്കുകയോ അല്ലെങ്കിൽ സ്വന്തം ജീവൻ കണക്കിലെടുത്തെങ്കിലും സുരക്ഷിത സ്ഥലങ്ങളിൽ നിലകൊള്ളുകയുമൊക്കെ  ചെയ്യുന്നതിന് പകരം  സ്വാർത്ഥ ലാഭത്തിനായി മീൻ പിടിക്കാനോ, അതേ പോലെ 'സെൽഫി' എടുക്കാൻ   ശ്രമിക്കുന്നതുമൊക്കെ   ഏറ്റവും അപലപനീയം തന്നെയാണ്.
          മേൽപ്പറഞ്ഞ കാര്യങ്ങൾ മറ്റ് ചില വസ്തുതകളിലേക്കും വിരൽ ചൂണ്ടുകയാണ് .ഏതു കാര്യങ്ങളിലും തങ്ങളുടെ സ്വന്തം കാര്യസാധ്യങ്ങൾ ലക്ഷ്യമിടുന്നവർ ,പൊതുതാൽപര്യങ്ങൾക്ക് എതിർദിശയിൽ സഞ്ചരിക്കുന്നവരാണെന്ന യാഥാർത്ഥ്യത്തിലേക്ക്  തന്നെ .പൊതു സമൂഹമാണെങ്കിലും, സംഘടനയാണെങ്കിലും ,സഭയാണെങ്കിലും ശരി വ്യക്തിതാൽപര്യങ്ങളുടെ ചുണ്ടയുമായി ആരെങ്കിലും നിലകൊള്ളുന്നത് അഭിലഷണീയമല്ല .ആത്മീയ സമൂഹങ്ങളിലും ഏത് കാലത്തും ഇത്തരം പ്രവണതകൾ ആശാവഹമല്ല .
 
         ഏറെ സുപരിചിതമായ ഒരു വേദപുസ്തക സംഭവം ഓർമ്മയിലേക്കോടിയെത്തുകയാണ്. ആസന്നമായ വലിയ ജലപ്രളയത്തെക്കുറിച്ചും ,അതിൽ നിന്നും ജീവൻ രക്ഷിക്കാനുള്ള പദ്ധതികളെക്കുറിച്ചുമൊക്കെ മുന്നറിയിപ്പുമായി നോഹയെന്ന നീതി പ്രസംഗി ഓടി നടന്ന പഴയ ചരിത്രം .ദുരന്ത മുന്നറിയിപ്പുകളെ മുഖവിലക്കെടുത്ത എട്ടു പേർ മാത്രം രക്ഷപ്പെട്ടത് അനേക സൂചനകളാണ് തരുന്നത് .ജീവിതയാത്രയിൽ ദൈവീക മുന്നറിയിപ്പുകളെ അവഗണിക്കാതെ ,അനുസരിക്കണമെന്ന സത്യം .നോഹയുടെ കാലത്തെ പ്രളയ സമയത്ത് ,ആരെങ്കിലും ആ വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചോ ഇല്ലയോ എന്നൊന്നും വ്യക്തമല്ല .എന്നാൽ ഒരു കാര്യം സത്യമാണ്, ഭൂമിയിൽ മഴ പെയ്ത് തുടങ്ങി ജലനിരപ്പ് ഉയർന്നു വരുമ്പോൾ പോലും അവിടത്തെ ജനങ്ങൾ താന്താങ്ങളുടെ മേച്ഛതകളിൽത്തന്നെ തുടർന്നിരിക്കണം .മുന്നറിയിപ്പിനെപ്പറ്റി ഓർക്കുക പോലും ചെയ്യാതെ ,തങ്ങളുടെ സ്വാർത്ഥ ലാഭങ്ങളുടെ പിന്നാലെ നടന്ന് സമയം ചെലവിട്ടെന് ചുരുക്കം .ഏതാണ്ട് ദുരിതക്കയങ്ങളിൽ ചൂണ്ടയിടാൻ ശ്രമിക്കുന്നതുപോലെ.
         ലോകം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയമാണ് .സുവിശേഷം എന്ന രക്ഷാ പദ്ധതി ലോകമെങ്ങും അറിയിക്കപ്പെടേണ്ട സമയമാണിത് . സുവിശേഷം അറിയിക്കാനുള്ള നമ്മുടെ കടമകൾ നാം വിസ്മരിക്കരുത് .അനേക ജീവിതങ്ങളെ രക്ഷിക്കാനുള്ള അതീവ ജാഗ്രതാ നിർദേശമാണത് .ഈ സമയം രക്ഷാ ദൗത്യങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നതോ, അതിനിടെ സ്വാർത്ഥ ലാഭങ്ങളുടെ ചൂണ്ടയിടാൻ ശ്രമിക്കുന്നതോ അഭിലഷണീയമല്ലെന്നോർക്കണം .വ്യക്തിതാൽപര്യങ്ങൾ മാറ്റി വച്ച് ആത്മീയ താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കാം .
=============================================