ഈ ഭൂമിമലയാളത്തിലെ സകലമാന കാര്യങ്ങളും തങ്ങളുടെ ചുമലിലൂടെയാണ് പോകുന്നതെന്നും ,താൻ പിടിവിട്ടാൽ എല്ലാം പ്രതിസന്ധിയിലാകുമെന്നും കരുതുന്ന ഒരു ചെറിയ കൂട്ടം ഏതു സമൂഹത്തിലുമുണ്ടെന്നാണ് വയ്പ്പ്.ഇക്കൂട്ടരെ നമ്മുടെ നാട്ടില്‍ സംസാര ഭാഷയില്‍ വിശേഷിപ്പിക്കുന്ന ഒരു പല്ലവിയാണ്,- ‘ഉത്തരം
താങ്ങുന്ന പല്ലികള്‍’എന്നത് .
‘ഉത്തരം താങ്ങുന്ന പല്ലികള്‍’ എന്ന
പരാമര്‍ശം പലപ്പോഴും പൊതുസമൂഹത്തിലും സംഘടനകളിലുമാണ് പറഞ്ഞു കേള്‍ക്കാറുള്ളത് .
തങ്ങള്‍ ഒന്നുമല്ലെങ്കിലും ഒരു സമൂഹത്തെയും സംഘടനയെയും ഒക്കെ താങ്ങി നിര്‍ത്തുന്നത്
അവരാണെന്ന് ചിന്തിച്ചു നടക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കാറുള്ളത്.
സാധാരണ പല്ലികള്‍ വീടിന്റെ ഉത്തരത്തിലും ഭിത്തികളിലും മറ്റും ജീവിക്കാറുണ്ട് . വീടിന്റെ
ഉത്തരത്തില്‍ ജീവിക്കുന്ന ഒരു പല്ലി , ‘ഞാനാണ് ഈ ഉത്തരം മുഴുവന്‍ താങ്ങി നിര്‍ത്തിയിരിക്കുന്നത്’
എന്ന് പറയുന്നത് പോലെ വീരവാദം മുഴക്കുന്ന അല്‍പ ജ്ഞാനികള്‍ ഏതു സമൂഹത്തിലും
ഉണ്ടാകാം .എന്നാല്‍ പിടിച്ചു തൂങ്ങിക്കിടക്കുന്ന ഉത്തരത്തില്‍ നിന്നും പിടിവിട്ടാല്‍
സ്വന്തം അസ്ഥിത്വവും ,വ്യക്തിത്വവുമാണ് ഇല്ലാതാകുകയെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കാറില്ല .പകരം സ്വയം
പ്രശംസ നടത്തിയും ,തങ്ങളാണ് സകലവും നിയന്ത്രിക്കുന്നതെന്ന മിഥ്യാധാരണയില്‍ കാലം
കഴിക്കുകയും ചെയ്യുന്നു .
പൊതു സമൂഹത്തിലോ , സംഘടനകളിലോ , ആത്മീയ
രംഗത്താണെങ്കില്‍പോലും മേല്‍പറഞ്ഞ ചിന്താഗതിക്കാര്‍ ഭൂഷണമല്ല .പ്രത്യേകിച്ച്
നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരുടെയിടയില്‍. തങ്ങളും ഒരു സമൂഹത്തിന്റെ
ഭാഗമാണെന്ന തിരിച്ചറിവും , മറ്റുള്ളവരെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ആവശ്യം .
ഈ യുഗവീക്ഷണത്തിന്‍റെ ആദ്യ ഭാഗത്ത് ‘ഉത്തരം
താങ്ങികളായ പല്ലികളെക്കുറിച്ചും, ശേഷം ‘അരമനയില്‍ പാര്‍ക്കുന്ന
പല്ലി’കളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.രണ്ടിടത്തും ബലഹീന ജീവിയായ പല്ലി
തന്നെയായിരുന്നു കഥാപാത്രം . സ്വന്തം നിസ്സാരത മനസ്സിലാക്കാതെ , തങ്ങളാണ് എല്ലാം
താങ്ങി നിര്‍ത്തിയിരിക്കുന്നതെന്ന് എന്ന് മന:പായസം ഉണ്ട് ജീവിക്കുന്നവര്‍ സ്വന്തം
നിലനില്‍പ്പിന് തന്നെ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ഓര്‍ക്കാറില്ല. ഇത്തരക്കാരുടെ
സ്വയം പ്രശംസയും ,അഹം ഭാവവും ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഓര്‍ക്കണം .തങ്ങളുടെ കൂട്ടത്തിലുള്ളവർക്കു മുഴുവൻ തെറ്റായ പ്രതിച്ഛായ നൽകുവാൻ , ഇത്തരത്തിലെ ഒന്നോ രണ്ടോ 'ഉത്തരം താങ്ങികൾ 'മതിയെന്നാണ് വസ്തുത .
എന്നാല്‍ , ഏറ്റവും
നിസ്സാരരെങ്കിലും , രാജാവിന്റെ അരമനയില്‍ പാര്‍ക്കുന്ന പല്ലി , തങ്ങളുടെ
ബലഹീനതയിലും ശ്രേഷ്ഠമായ ജീവിത സാഹചര്യത്തില്‍ പാര്‍ക്കുന്നു എന്നതാണ് ഏറെ
ചിന്തിപ്പിച്ചത് .ഒരു പക്ഷെ നാമൊക്കെ ,ജന്മം കൊണ്ടോ ,കര്‍മം കൊണ്ടോ ഒന്നും യാതൊരു
ശ്രേഷ്ഠതയും അവകാശപ്പെടാനില്ലാത്തവരാണ് .ഇത്തരത്തില്‍ നോക്കിയാല്‍ ബലഹീന പാത്രമായ
നമുക്കൊക്കെ , നമ്മുടെ സ്വര്‍ഗീയ രാജാവിന്റെ അരമനയില്‍ വാസം ചെയ്യാനുള്ള ശ്രേഷ്ഠ
പദവിയല്ലേ ലഭിച്ചിരിക്കുന്നത് . ഈ പദവി മറന്നു ‘ഉത്തരം താങ്ങികളായി’, താത്കാലിക
ലാഭങ്ങള്‍ക്കായി സമയം ചിലവിടുമ്പോള്‍ ഓര്‍ക്കണം – തങ്ങളുടെ ശ്രേഷ്ഠ പദവിയാണ്
നഷ്ടപ്പെടുത്തുന്നതെന്ന് .അതിനാല്‍ നാം
നമ്മുടെ ശ്രേഷ്ഠ പദവി മറക്കാതെ ജീവിത യാത്രയില്‍ മുന്നേറണം.
===================================================================
=സാം.ടി .മൈക്കിൾ ഇളമ്പൽ *
===========================

വസ്തു നിഷ്ടം
മറുപടിഇല്ലാതാക്കൂ