നികുതി വെട്ടിക്കുന്നവരും! ,നികുതിപ്പണത്തിൽ നിന്നും വെട്ടിക്കുന്നവരും !
രാജ്യത്തും സംസ്ഥാനത്തുമൊക്കെ ഊർജ്ജിത നികുതിപിരിവിന് കർശന നടപടികൾ പുരോഗമിക്കുന്നതായാണറിവ് .ഏകീകൃത നികുതി സംവിധാനമായ ചരക്കു സേവന നികുതിയും (GST ),മറ്റും രാജ്യമെമ്പാടും വിപണികളിൽ മാറ്റമുണ്ടാക്കുന്ന സമയവും . ആദായ നികുതി ദായകർ തങ്ങളുടെ PAN കാർഡുകൾ ,ആധാറുമായി ബന്ധിപ്പിക്കുന്നതുമൊക്കെ ഇതുമായി കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്.നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിന്റെ തിരച്ചിലും പതിവാണ് . പലപ്പോഴും വമ്പൻമാർക്ക് അനധികൃതമായി നികുതിയിളവ് നൽകുന്നെന്ന ആരോപണങ്ങളും പറഞ്ഞു കേൾക്കാറുണ്ട് .
ഇതിനിടെയാണ് നികുതി വെട്ടിപ്പിന്റെ ചില സുഖകരമല്ലാത്ത വാർത്തകൾ മാധ്യമദ്വാരാ പുറത്തു വന്നത് .ഞാനിതു കുറിക്കുമ്പോൾ ഇത്തരം വാർത്തകൾ ദൃശ്യ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നു .പോണ്ടിച്ചേരിയിലും മറ്റുമുള്ള ഏതെങ്കിലും വിലാസത്തിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും ,തന്മൂലം സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി ഒഴിവാക്കുന്നതുമായ ഒരു പ്രത്യേക രീതിയാണ് പുറത്തു വന്നിരിക്കുന്നത് .സമൂഹത്തിലെ ഉന്നതരും ,കലാ സാംസകാരിക രംഗത്തെ പ്രമുഖരും എന്തിനു ഒരു രാജ്യസഭാഅംഗവുമൊക്കെ ഈ നിരയിൽപ്പെടുന്നെന്നാണ് ആരോപണം .ഇത്തരത്തിൽ വിലാസം വിൽക്കുന്നവരും ,അധികൃതരുമൊക്കെ ചേരുമ്പോൾ പൊതു ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടങ്ങളാണുണ്ടാകുന്നത് .രാഷ്ട്ര മീമാംസയിൽ ചാണക്യ സൂക്ത പ്രകാരം രാഷ്ട്രത്തിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും നട്ടെല്ലുതന്നെ ജനങ്ങളിൽ നിന്നും കിട്ടുന്ന നികുതിപ്പണം തന്നെയാണ് .
നികുതി വെട്ടിക്കുന്നതിന്റെ വാർത്തയായിരുന്നു മേൽ പ്രസ്താവിച്ചതെങ്കിൽ ,നികുതുപ്പണത്തിൽ നിന്നും പണം വെട്ടിച്ചതിന്റെ തീരെ അസുഖകരമായ വാർത്തകൾ ഏറെ നാളുകൾക്കു മുൻപ് പുറത്തു വന്നിട്ടുണ്ട് . സംസ്ഥാന അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ നിന്നായിരുന്നു ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് .അന്ന് ഇത്തരം അഴിമതികളിൽ പെട്ട ധാരാളം ഉദ്യോഗസ്ഥർ ശിക്ഷ നടപടികൾക്ക് വിധേയമായത് ഓർക്കുമല്ലോ. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ മേൽപ്പറഞ്ഞ രണ്ടു കൂട്ടരും നല്ലതല്ല .അതായത് നികുതി കൊടുക്കാനുള്ള പണം ഒഴിവാക്കുന്നവരും ,അതേപോലെ നികുതി പിരിച്ചെടുത്ത പണം സ്വന്തം കീശയിലേക്കിടുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരും.രണ്ടു കൂട്ടരും സർക്കാരിലേക്കുള്ള ,വികസനത്തിനുള്ള പണമാണ് നഷ്ടമാക്കുന്നതെന്നോർക്കണം .
മേൽപ്പറഞ്ഞ വസ്തുതകൾ കോറിയിട്ടതിൽ ,ചില ആത്മീയ മാനങ്ങൾ കൂടിയുണ്ട് .വേദപുസ്തകത്തിൽ ചുങ്കക്കാരിൽ പ്രധാനിയായിരുന്ന സക്കായിയെ ആരും മറക്കില്ല .അത്ര നല്ല ഒരു ഉദോഗസ്ഥനല്ലായിരുന്നു സക്കായി .തിരിമറികളും അഴിമതിയുമായി നടന്ന അവൻ കർത്താവിനെ കണ്ടത് അവന്റെ ജീവിത ദിശ തന്നെ മാറ്റി .
ദൈവമക്കളിൽ ചിലരെങ്കിലും ഒരു പക്ഷെ ചിന്തിച്ചേക്കാം നാമൊക്കെ ലോക രാജ്യത്തിലെ നിയമങ്ങൾക്കു അതീതരാണെന്നു .പണ്ട് ഇപ്രകാരമുള്ള ചിന്തയിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാതിരുന്നവരെപ്പറ്റി കേട്ടിട്ടുണ്ട് .സ്വർഗീയ പൗരന്മാരായ നാം ,ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ഈ ഭൂമിയിലെ അധികാരികൾക്കും രാജാക്കന്മാർക്കും വിധേയപ്പെടേണ്ടതാണ് .നികുതി കൊടുക്കേണം .യേശു കർത്താവു ഐഹിക ജീവിത കാലത്തു കടലിലെ മത്സ്യത്തിന്റെ വായിൽ നിന്നെടുത്ത ചതുർ ദ്രഹ്മ പണം കൊടുത്തു തന്റെയും ശിഷ്യന്റെയും നികുതി കൊടുത്ത് അനേകം മാനങ്ങൾ നൽകുന്നുണ്ട് .അവിടുന്ന് പറഞ്ഞത് കൈസർക്കുള്ളത് കൈസർക്കും ,ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പീൻ എന്നായിരുന്നു .ആയതിനാൽ ദൈവത്തിനു കൊടുക്കാനുള്ളതും ,ഒട്ടും മറക്കരുതേ.........!!!!
========================================================================

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ