സഹപാഠി മുങ്ങിത്താഴുന്നതറിയാതെ സെൽഫിയെടുത്ത് രസിച്ച കൂട്ടുകാരെക്കുറിച്ചുള്ള ഒരു പത്ര വാർത്ത കാണുവാനിടയായി . ബംഗളുരുവിലെ ഒരു പാഠശാലയിൽ നിന്നുള്ള കുറെ കുട്ടികൾ ജലാശയത്തിലിറങ്ങി നിന്ന് സെൽഫിയെടുക്കുന്നതിനിടെയായിരുന്നു മേൽപ്പറഞ്ഞ ദാരുണ സംഭവം .ചിത്രം പകർത്തുന്നതിനിടയിൽ സ്വന്തം കൂട്ടുകാരൻ പിന്നിൽ ജീവനുവേണ്ടി പിടയുന്നത് കൂട്ടുകാരാരും അറിയാതെപോയി.എന്തായാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ഭൂഷണമല്ല.
അപകടം പിടിച്ച സ്ഥലങ്ങളിൽ നിന്ന് സ്വന്തം ചിത്രം ഫോണിൽ പകർത്തുന്നതിനിടെ, ഇത്തരത്തിൽ ദുരന്തത്തിൽപ്പെട്ട നിരവധിയാളുകളെക്കുറിച്ചു ദൃശ്യമാധ്യമങ്ങളിലൂടെയും ,മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഇതിനോടകം തന്നെ ധാരാളം വാർത്തകൾ പുറത്തു വന്നിട്ടുണ്ട് .നമ്മുടെ നാട്ടിൽ മേൽപ്പറഞ്ഞ വിധം വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴും , ഇത്തരത്തിൽ 'സെൽഫി'എടുക്കാൻ വെമ്പൽ കൊള്ളുന്നവർ ഇനിയുമുണ്ടെന്നാണ് കരുതുന്നത് .കെട്ടിടത്തിന് മുകളിൽ നിന്നും ,ഉയർന്ന സ്ഥലങ്ങളിൽ നിന്നും ,വാഹനം ഓടിക്കുന്നതിനിടയിലും,കടൽത്തീരത്തു നിന്നും എന്ന് വേണ്ടാ കടന്നൽക്കൂടിനു മുന്നിൽ നിന്നുപോലും സ്വന്തം ചിത്രമെടുക്കുന്നതും ,സമൂഹ മാധ്യമങ്ങളിൽ 'ലൈവിൽ',വരുന്നതുമൊക്കെ സാഹസികമായി കരുതുന്നവരുണ്ടാകാം .എന്നാൽ ഇത്തരക്കാർ അറിയുന്നില്ല കാൽച്ചുവട്ടിലെ ദുരന്ത മുഖങ്ങൾ .
കുറെ നാളുകൾക്കു മുൻപ് ഇത്തരത്തിൽ മറ്റൊരു വാർത്ത സമൂഹ മനഃസാക്ഷിയെ സ്പർശിച്ചിരുന്നു .വഴിയിൽ അപകടത്തിൽപ്പെട്ടു കിടന്ന ഒരാളിനെ രക്ഷിക്കുന്നതിന് പകരം , അവിടെ നിന്ന പലരും സ്വന്തം ഫോണിലെ കാമറയിൽ ആ ദാരുണ ദൃശ്യം പകർത്തിയതിനെക്കുറിച്ചായിരുന്നു അന്നത്തെ കുറിപ്പ് .തക്ക സമയത്തു വൈദ്യ സഹായം ലഭിക്കാതെ , രക്തം വാർന്നു ഒരു വിലപ്പെട്ട ജീവൻ പൊലിഞ്ഞതിനെക്കുറിച്ച അന്ന് വന്ന വാർത്തയും ഏറെ ഹൃദയ ഭേദകമായിരുന്നു. ചിത്രമെടുക്കാൻ മെനക്കെട്ടു നിന്ന ആരെങ്കിലും ഒരാൾ , ആ സമയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനോ,പ്രഥമശുശ്രൂഷക്കുള്ള എന്തെങ്കിലും കാര്യങ്ങൾക്കോ തുനിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു വാർത്തയേ ഉണ്ടാകുമായിരുന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ സമൂഹത്തെ പുരോഗതിയുടെ നെറുകയിലെത്തിച്ചിട്ടുണ്ടെങ്കിലും ,പലയിടത്തും മനുഷ്യത്വം അതിനനുസരിച്ചുയരുന്നില്ലെന്ന് ആരോ പറഞ്ഞതോർക്കുന്നു .
അവസരത്തിലും ,അനവസരത്തിലും മേല്പറഞ്ഞപോലെ ഫോണിൽ സെൽഫിയെടുക്കുന്നവരറിയണം ,പലപ്പോഴും കാൽച്ചുവട്ടിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നു .അവർ ആ ചിത്രത്തിന് ലഭിക്കുന്ന 'ലൈക്കും' 'കമന്റും ' 'ഷെയറും', മാത്രമേ ഒരുപക്ഷെ ലക്‌ഷ്യം വക്കാറുള്ളൂ . ഇതൊന്നും ഒരു സാഹസിക പ്രവർത്തിയേ അല്ല,മറിച്ചു ശുദ്ധ മണ്ടത്തരമാണെന്നും മനസ്സിലാക്കാറില്ല .ഇതിനൊക്കെ കളയുന്ന സമയം ,സമൂഹത്തിനോ നാടിനോ ഒക്കെ വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ അതാകും ഏറെ നന്ന് . ഏതു നൂതന സംവിധാനങ്ങളായാലും ശരി ,പക്വതയാർന്ന ഉപയോഗം കുട്ടികളെ ശീലിപ്പിക്കേണ്ടതാണ് ..അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകണം .അതിനു മാതാപിതാക്കളും,അധ്യാപകരും ,മുതിർന്നവരുമൊക്കെ കൂട്ടായ ശ്രമങ്ങൾ നടത്തേണ്ടതുമാണ് .
============================================
സാം .ടി .മൈക്കിൾ ഇളമ്പൽ



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ