- സാം .ടി മൈക്കിൾ ഇളമ്പൽ
കുഴപ്പക്കാരനല്ലാത്ത കാക്ക !
കാക്കകളെ അറിയില്ലേ !
കാക്കകളെ അറിയാത്തവരുണ്ടാകില്ലല്ലോ !!
കാരണം ഭൂമിയിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന സാധാരണ പക്ഷികളാണിവ.ഏതാണ്ട് നാല്പതിലധികം വൈവിധ്യങ്ങളിലുള്ള കാക്കൾ ലോകമെമ്പാടുമായി ഉണ്ടെന്നാണ് കരുതുന്നത് .ആകാര , ശൈലികളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി ഇവക്കൊക്കെ ഏതാണ്ട് ഒരേ ജീവിത ശൈലികളും രീതികളുമാണെന്നതാണ് വാസ്തവം . ഒരു അന്താരാഷ്ട്ര സംഘടന രൂപീകരിച്ചാൽ ,ഏതാണ്ടെല്ലാ രാജ്യങ്ങളിലും അംഗബലമുള്ള കൂട്ടമാണിവ .മറ്റുപക്ഷികളേക്കാൾ കൗശല ബുദ്ധിയും സാമർഥ്യവും ഇവക്കുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്‌ധാഭിപ്രായം .
ചപ്പുചവറുകളിലും മറ്റും കയറിയിരിന്ന ശേഷം , അവശിഷ്ടങ്ങൾ വഴിയിലെല്ലാം അശ്രദ്ധമായി വലിച്ചെറിയും ഈ കുസൃതിപ്പക്ഷികൾ .വീടുകളിൽ അലക്ഷ്യമായി വസ്തുക്കൾ വലിച്ചെറിയുന്ന കുഞ്ഞുങ്ങളെ അമ്മമാർ പറയാറുണ്ട് -'ഏതാണ്ട് കാക്ക ചികഞ്ഞിട്ടത് പോലെയെന്ന് '. മാത്രമല്ല ഇവയുടെ കരച്ചിൽ ഒരു പക്ഷെ ,അരോചകവും ആരും ഇഷ്ടപ്പെടാത്തതുമാകും . എന്നാൽ തങ്ങളിലൊരാൾക്കു എന്തെങ്കിലും കുഴപ്പമുണ്ടായാൽ ഇവ കൂട്ടമായെത്തും .സംശയമുണ്ടെങ്കിൽ കാക്കക്കൂട്ടിൽ ഒരു കല്ലെറിഞ്ഞു നോക്കണം ,അപ്പോഴറിയാം മനുഷ്യർക്ക് പോലുമില്ലാത്ത ഐക്യതയുടെ നേർക്കാഴ്ച .ഈ ലേഖകൻ പണ്ടൊരിക്കൽ ഒരു കാക്കയെ കല്ലെറിഞ്ഞതിന്റെ അത്ര നല്ലതല്ലാത്ത ഓർമ്മകൾ ഇപ്പോഴുമുണ്ട് മനസ്സിൽ .
പാഠപുസ്തകത്തിലെ കാക്ക
കാക്കകളെ ശരിക്കറിയാൻ തുടങ്ങിയത് ഏതാണ്ട് നഴ്സറി ക്‌ളാസിൽ പഠിക്കുമ്പോൾ മുതലായിരുന്നു .കുട്ടിപ്പാട്ടുകളിലും ,കഥകളിലും മറ്റും നിറഞ്ഞു നിൽക്കുന്ന കൗശലക്കാരനും ,സൂത്ര ശാലിയുമായ കാക്കയെ ആരാണ് മറക്കുക .കുട്ടിയുടെ കയ്യിൽ നിന്നും അപ്പം തട്ടിയെടുക്കുന്ന കാക്കയും ,നെയ്യപ്പം കൊത്തിയെടുത്ത് കടലിലിടുന്ന കാക്കയുമൊക്കെ മനസ്സിൽ നൽകിയത് അത്ര നല്ലതല്ലാത്ത പ്രതിച്ഛായയായിരുന്നു .കുയിലിന്റെ കൂട്ടിൽ മുട്ടയിടുന്ന കാക്കയെക്കുറിച്ചും(തിരിച്ചും ), അരിയാഹാരം കഴിക്കുന്ന ഏവർക്കുമറിയാം .
ഉയർന്ന ക്ലാസ്സുകളിൽ എത്തിയപ്പോഴേക്കും ഗണിത ശാസ്ത്രപ്രകാരം ബുദ്ധിശാലിയും ,തന്ത്ര ശാലിയുമായ കാക്കയെ മനസ്സിലാക്കിയിട്ടുണ്ട് .വായ് വിസ്താരം കുറഞ്ഞ ഒരു മൺകുടത്തിനുള്ളിലെ അൽപം മാത്രമുള്ള വെള്ളം കുടിക്കാൻ ബുദ്ധിയും കൗശലവും ഉപയോഗിക്കുന്ന കാക്ക. തന്റെ കൊക്കുകൾ കൊണ്ട് മൺകുടത്തിലെ അടിയിൽ മാത്രമുള്ള ഇത്തിരിപ്പോന്ന വെള്ളം കുടിക്കാൻ കഴിയാത്തതിനാൽ ,ചെറു കല്ലുകൾ കൊത്തി കലത്തിലിടുകയും ,കലത്തിലെ ജലനിരപ്പുയർത്തി തന്റെ കൊക്കിലൂടെ തന്നെ വെള്ളം കുടിക്കുകയും ചെയ്യുന്ന തന്ത്ര ശാലി !!മേല്പറഞ്ഞതൊക്കെ നിരത്തിയത് സാധാരണ കാക്കയെപ്പറ്റി നമുക്കറിയാവുന്നതും അറിയേണ്ടതുമായ ചിലതു മാത്രം .ഇനി വല്ല 'ന്യൂജനറേഷനിലുള്ള കാക്കയാണെങ്കിൽപ്പോലും' ജന്മസ്വഭാവങ്ങൾക്കു മാറ്റമുണ്ടാകാനിടയില്ലെന്നു തന്നെ അടിവരയിട്ടു പറയാം .
ഈയിടെ പക്ഷികളെക്കുറിച്ചു പഠനം നടത്തുന്ന ഒരു ഗവേഷകൻ അഭിപ്രായപ്പെട്ടത് ,ലോകത്തെ പല പ്രദേശങ്ങളിലും കാക്കകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നെന്നാണ് .പ്രകൃതിയിലെ ശുചീകരണ പ്രക്രിയയിൽ നിർണായക ചുമതലയുള്ള ഇത്തരം പക്ഷികളുടെ കുറവ് പല പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിവെക്കുമെന്നും കണ്ടെത്തലുണ്ട് .
അതിനാൽത്തന്നെ പറയാം അത്ര നിസ്സാരക്കാരല്ല ഇവർ!
വേദപുസ്തകത്തിലെ കാക്ക
കാക്കകൾ പൊതുവെ കുഴപ്പക്കാരാണെന്ന മുൻവിധി പ്രബലപ്പെട്ടു തുടങ്ങിയത് ,നോഹയുടെ പെട്ടകത്തിൽ നിന്നും ഒരു മലങ്കകാക്കയെ തുറന്നു വിട്ട സംഭവം സൺഡേ സ്‌കൂളിൽ പഠിച്ചതോടെയാണ് .ഭൂമിയിലെ തൽസ്ഥിതി അറിയാനായി ഒരു ദൗത്യമേല്പിച്ചു പെട്ടകത്തിൽ നിന്നും തുറന്നു വിട്ട ഈ കാക്ക വെള്ളം വറ്റിപ്പോയത് വരെ വന്നും പോയും കൊണ്ടിരുന്നു എന്നാണു വേദപുസ്തകം പറയുന്നത് .ഏൽപ്പിച്ച ഉത്തരവാദിത്തം ചെയ്യുകയുമില്ല ,പിന്നെ തല കാണിക്കാനായി വന്നുപോകയും ചെയ്യും . ചിലർ ഈ മലങ്കാക്കയെപ്പോലെയാണെന്ന് പറയാറുണ്ട് ,സഭകളിൽ വല്ലപ്പോഴും വന്നു പോകും ,പിന്നെ കാണുകയേയില്ല .നമ്മുടെ ഉത്തരവാദിത്തങ്ങൾ മറക്കരുത് ,അതെവിടെയായാലും ശരി .മേൽപ്പറഞ്ഞ മലങ്കാക്ക അല്പം അനുസരണക്കേടു കാട്ടിയെന്നുവച്ചു ,ആ കൂട്ടത്തിലെ എല്ലാവരും അങ്ങനെയാണെന്ന് കരുതേണ്ട.തമ്പുരാന്റെ കല്പന കണ്ണും പൂട്ടി അനുസരിച്ചവരും കൂട്ടത്തിലുണ്ട്. .
എന്നാൽ ഈ ചിന്തകളെ മാറ്റിമറിച്ചത് ,വളരെ അനുസരണമുള്ള മറ്റൊരു കാക്കയെപ്പറ്റി അറിഞ്ഞതോടെയാണ് .പ്രവാചകനായ ഏലീയാവിനെ പോഷിപ്പിക്കാനായി ,ദൈവകൽപന അതെ പാടി അനുസരിച്ച കാക്ക.ഭക്തന് അപ്പവും ഇറച്ചിയും കൃത്യ സമയങ്ങളിൽ എത്തിച്ചു കൊടുക്കാനായി സമർപ്പിച്ച ഈ കാക്ക ഒട്ടേറെ ചിന്തകളാണ് നൽകുന്നത് .കുട്ടിയുടെ കയ്യിൽ നിന്നും അപ്പം തട്ടിപറിക്കുന്ന സൂത്രശാലിയോ ,തന്ത്ര ശാലിയോ ആയ കാക്കയെ അറിയാം .എന്നാൽ ഈ സൂത്രങ്ങളൊക്കെ മാറ്റിവച്ച് ,ദൈവത്തെ അതേപടി അനുസരിച്ച് , ഭക്തന് അപ്പം എത്തിച്ചു കൊടുക്കുന്ന ഈ കാക്ക തങ്ങളുടെ കൂട്ടക്കാർക്കെല്ലാം അഭിമാനം തന്നെയല്ലേ .ദൈവം കല്പിച്ചാൽ നമ്മിലെ തന്ത്രങ്ങളും ,സ്വയ ബുദ്ധിയുമൊക്കെ മാറ്റി ,അനുസരണമുള്ള ഒരു ദാസനാവുകയെന്നതാണ് ഏറെ നല്ലത് .
ഈ കാക്കകൾ ആരെന്നല്ലേ ?
നമ്മളൊക്കെത്തന്നെ ,അതായതു സമൂഹത്തിലെ യുവജനങ്ങളുടെ ഒരു പരിച്ഛേദം !
പൊതു സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷം യുവജനങ്ങളെയാണ് ഞാനീ കാക്കകളോട് താരതമ്യം ചെയ്യുന്നത് .ആരും പിണങ്ങില്ലല്ലോ !കാരണം കാക്കകൾ ഒരേ സമയം തന്നെ നല്ല ഉപകാരപ്രദമായ പ്രവർത്തികളിലും ,അതേപോലെ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന കാര്യങ്ങളിലും ഉൾപ്പെടുന്നതിനാലാണ് .
കാക്കകളുടെ കരച്ചിൽ പലപ്പോഴും അലോസരമുണ്ടാക്കാറുള്ളതു പോലെ സമൂഹത്തിൽ പലപ്പോഴും ഒരു ചെറു ന്യൂനപക്ഷം യുവാക്കൾ അലോസരമാക്കാറുണ്ട് .രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സമരംവിളിച്ചും ,പൊതുമുതൽ നശിപ്പിച്ചും ,മദ്യത്തിനും മറ്റും അടിപ്പെട്ട് അക്രമാസക്തരായുമൊക്കെ സമൂഹത്തിന് സുഖകരമല്ലാത്ത പ്രവർത്തികളിൽ മുഴുകുന്നു ക്ഷുഭിത യൗവ്വനം .
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നല്ലൊരു പങ്കും യുവാക്കളുൾപ്പെട്ടതാണെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ് .ഇത് കുറിക്കുമ്പോൾ സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ മുന്നിൽ യുവജന പ്രക്ഷോഭവും ബഹളങ്ങളും നടക്കുകയാണ് .അക്രമാസക്തരായ സമരക്കാരെ നേരിടാൻ നിയമപാലകരും പെടാപ്പാടു പെടുകയാണ് .
മാലിന്യങ്ങളിലും മറ്റു ചപ്പ് ചവറുകളിലും മറ്റും കാക്കകൾ തിക്കി ത്തിരയുന്നതുപോലെ , പല യുവാക്കളും മദ്യം ,മയക്കു മരുന്ന് ,മറ്റു പലവിധമായ ലോക മാലിന്യങ്ങൾക്കിടയിൽ ജീവിക്കുന്നു .
കുഴപ്പക്കാരല്ലാത്ത കാക്ക !
ദൈവത്തിന്റെ കൽപ്പന അനുസരിച്ച് ,ഏലീയാവിനു അപ്പം എത്തിച്ചു കൊടുത്ത കാക്കയെപ്പോലെ , ദൈവത്തിനു വേണ്ടി നില കൊള്ളുന്ന ഒരു കൂട്ടം യുവാക്കൾ എവിടെയുമുണ്ടെന്നതാണ് വസ്തുത .ഈ കാലഘട്ടത്തിൽ അനേകരുടെ ആത്മീയ വിശപ്പടക്കാൻ ,ദൈവ വചനമെന്ന അപ്പവും വഹിച്ചു കൊണ്ട് പോകാൻ ഇനിയും ധാരാളം യുവാക്കളെ ആവശ്യമുണ്ട്.കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം നൽകുന്ന ,ദൈവത്തിന്റെ വചന വാഹകരാകാം .
=========================================================



My favourite videos by the video - videodl.cc
മറുപടിഇല്ലാതാക്കൂPlay my favourite videos by the video gamer. Play My favourite videos convert youtube to mp3 by the video gamer. by a fan - 1 views. 1.4M views.