'വമ്പൻ സ്രാവുകൾക്കൊപ്പം നീന്തേണ്ടി വരുമ്പോൾ' !!!
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പുസ്തകമായ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ " എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് .ഇതിനോടനുബന്ധിച്ചു അനേകം വാദ വിവാദങ്ങളും ,ചർച്ചകളുമൊക്കെ ഇതിനോടകം തന്നെ നടന്നിട്ടുണ്ട് .ഉദ്യോഗത്തലപ്പത്തിരുന്നു കൊണ്ട് ഇത്തരം ഒരു പുസ്തകം രചിച്ചത് അനുചിതമാണെന്നും ,സർവീസ് നിയമങ്ങളുടെ ലംഘനമാണെന്നുമൊക്കെ പല നിലയിൽ അഭിപ്രായങ്ങൾ വന്നിരുന്നു . ഇത് കുറിക്കുമ്പോൾ ആ ഉദ്യോഗസ്ഥൻ വകുപ്പുതല നടപടി നേരിട്ടതായാണറിവ് .
എന്നാൽ ഈ തലക്കെട്ട് നല്കുന്ന ആത്മീയ ഉൾക്കാഴ്ചകൾ മാത്രം കോറിയിടാനാണ് ആഗ്രഹിക്കുന്നത് . വലിയ സമുദ്രത്തിൽ തീരെ ചെറിയ ജീവികൾ മുതൽ വമ്പൻ സ്രാവുകൾ വരെയുണ്ടെന്നതാണ് സത്യം .സമുദ്രാന്തർഭാഗം ജൈവവൈവിധ്യത്തിന്റെ വലിയ കലവറ തന്നെയാണ് . .ചെറു മീനുകളെ വലിയ മീനുകൾ ആഹാരമാക്കും .വൻ മത്സ്യങ്ങളെ വരെ ആഹാരമാക്കാൻ അല്ലെങ്കിൽ വിഴുങ്ങാൻ കഴിവുള്ള കൂറ്റൻ സ്രാവുകളും മറ്റു കടൽ ജീവികളും ആഴിയെ അടക്കി വാഴുന്നു .ഏറ്റവും ഭീമൻ മൽസ്യമായ നീലത്തിമിംഗലങ്ങൾ പോലും സ്വൈര വിഹാരം നടത്തുന്നിടത്തു ,തീരെച്ചെറിയ മീനുകൾക്ക് നീന്തേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ അല്പം സാഹസികമെന്നേ പറയാനാവൂ. വിഴുങ്ങാൻ നിൽക്കുന്ന വമ്പന്മാരുടെ മുൻപിൽ പ്രതിരോധം തീർക്കുന്നത് തികച്ചും ദുഷ്കരമാണ് .ഇവയുടെ കണ്ണിൽ പെടാതെ നോക്കുന്നത് തന്നെ ഏറെ ശ്രമകരവുമാണ് .
ഈ ലോകം ഒരു വലിയ സമുദ്രമാണെന്നിരിക്കെ ,നാമൊക്കെ അതിലെ തീരെചെറിയ മൽസ്യങ്ങൾ മാത്രം .മറ്റു ജീവികളെ നോക്കിയാൽ വലിപ്പത്തിലോ പെരുപ്പത്തിലോ ഒന്നും ഗണിക്കത്തക്ക വിശേഷതകളൊന്നും ഇല്ലെന്നുമോർക്കണം (Negligibly Small ).വിഴുങ്ങാൻ കെല്പുള്ള വമ്പൻ സ്രാവുകൾ അരങ്ങു വാഴുമ്പോൾ ,നാം സംരക്ഷിക്കപ്പെടുന്നത് നാം തീർക്കുന്ന പ്രതിരോധം കൊണ്ടോ ,നമ്മുടെ ഏതെങ്കിലും കഴിവ് കൊണ്ടോ അല്ലെന്ന വസ്തുത നാം മറക്കരുത് .ദൈവീക സംരക്ഷണം നമ്മെ പൊതിഞ്ഞതിനാൽ മാത്രമാണ് .സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ - “മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ, അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.”—സങ്കീർത്തനം 124:2, 3..എന്നാണ് .
ഒരിക്കൽ ദൈവീക കല്പന അനുസരിക്കാതെ യാത്ര തിരിച്ച യോനാ പ്രവാചകനെ ,കടലിലെറിഞ്ഞ സംഭവം ഏവർക്കും അറിവുള്ളതാണല്ലോ . വമ്പൻ മൽസ്യങ്ങൾ വിഴുങ്ങാൻ നിന്നിടത്തു ,വിഴുങ്ങാനിരുന്നവന്റെ ഉദരത്തിൽ മൂന്നു ദിനരാത്രങ്ങൾ ഒരു പോറലുമേൽക്കാതെ സുരക്ഷിതമായി കാത്തതും ,ലക്ഷ്യത്തിലെത്തിച്ചതും അനേകം ചിന്തകളാണ് തരുന്നത് .വിഴുങ്ങാൻ ഭാവിക്കുന്ന വമ്പൻ സ്രാവുകൾക്കൊപ്പം നീന്തേണ്ടി വരുമ്പോൾ കരയെയും കടലിനെയും സകല ജീവജാലങ്ങളെയും സൃഷ്‌ടിച്ച സർവ്വശക്തന്റെ കരുതലും സാന്നിധ്യവും കൂടെയുണ്ടെന്ന യാഥാർഥ്യം മറക്കരുത് .
=================================================================
- സാം .ടി .മൈക്കിൾ ഇളമ്പൽ
- സാം .ടി .മൈക്കിൾ ഇളമ്പൽ


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ