2017 ഡിസംബർ 10, ഞായറാഴ്‌ച

ലോക മനുഷ്യാവകാശ ദിനം- ചില ചിന്തകൾ !!!!

 ലോക മനുഷ്യാവകാശ ദിനം- ചില ചിന്തകൾ

                        ഇന്ന് ഡിസംബർ 10 ,ലോക മനുഷ്യാവകാശ   ദിനം .മനുഷ്യാവകാശങ്ങൾക്കായി ഒരു ദിനം എല്ലാവർഷവും ആചരിക്കപ്പെടുമ്പോൾ  വേണ്ട നിലയിൽ അതിന്റെ മൂല്യങ്ങൾ സമൂഹത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഒറ്റപ്പെട്ട വാർത്തകൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പലപ്പോഴും കേൾക്കുന്നത് ആധുനിക സമൂഹത്തിനു ഭൂഷണമല്ലെന്നോർക്കണം .


       1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭയുടെ വിശ്വജനീനമായ മനുഷ്യാവകാശ പ്രഖ്യാപനത്തെത്തുടർന്നാണ് എല്ലാവർഷവും ഈ ദിവസം മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്. പതിവുപോലെ ഈ വർഷവും ,ഡിസംബർ 10 ന് സാർവ്വദേശീയമായി മനുഷ്യാവകാശ ദിനാചരണം നടക്കുകയാണല്ലോ. ഈ സമയങ്ങളിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ ,  മനുഷ്യാവകാശ സംബന്ധിയായ സെമിനാറുകളുംശില്പശാലകളുംപൊതുയോഗങ്ങളുമൊക്കെ നടത്തപ്പെടാറുണ്ട്. ഓരോ മനുഷ്യനും അന്തസ്സോടെയുംസുരക്ഷിതത്വത്തോടെയും സമൂഹത്തിൽ ജീവിക്കാനുള്ള അവകാശങ്ങളെയുംമതവിശ്വാസംസ്വകാര്യതഅഭിപ്രായപ്രകടനങ്ങൾ തുടങ്ങി മനുഷ്യന്റെ വിവിധ  അടിസ്ഥാന അവകാശ സംബന്ധമായ  കാര്യങ്ങളെയും അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങളായി പരിഗണിക്കുന്നുണ്ട്. ആഗോള തലത്തിൽത്തന്നെ മനുഷ്യാവകാശങ്ങളെ കുറിച്ച്  വിശാലമായ ഒരു കാഴ്ചപ്പാട് ഇതിനോടകം തന്നെ പ്രബല പ്പെട്ടതായി വേണം കരുതാൻ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പലപ്പോഴും ഉയർന്നു കേൾക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾ പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല.                 

                             ഒരിക്കൽ  സാമൂഹ്യ ശാസ്ത്രജ്ഞനും നിരീക്ഷകനുമായ ഒരാൾ  ,തന്നോട് സംവാദത്തിലേർപ്പെട്ട വിദ്യാർത്ഥികളോടായി   രണ്ടു ചോദ്യങ്ങൾ ചോദിച്ചു .അതിൽ ആദ്യത്തെ ചോദ്യം- "ഭൂമിയിലെ ഏറ്റവും വിവേകവും ബുദ്ധിശക്തിയും ഉള്ള ജീവി ഏതാണ്?" എന്നായിരുന്നു .കുട്ടികൾ ഒരേ സ്വരത്തിൽ ഉത്തരം പറഞ്ഞു "മനുഷ്യൻ "എന്ന് .ആദ്യത്തെ ഉത്തരം ശരിയായതിൽ സന്തോഷിച്ചിരിക്കുന്ന അവരോടായി അദ്ദേഹം രണ്ടാമത്തെ ചോദ്യവും ചോദിച്ചു . അവരെ ആകെ കുഴക്കിയ ഒരു  ചോദ്യം ആയിരുന്നത് ."ഭൂമിയിൽ ഏറ്റവും വിവേകഹീനമായും ബുദ്ധിശൂന്യമായും പെരുമാറുന്ന ജീവി ഏത് ?"എന്നതായിരുന്നു ആ ചോദ്യം  .ആ വിദ്യാർത്ഥികൾ ആകെ ആശയക്കുഴപ്പത്തിലായി .കുറേപ്പേർ ചില ജീവികളുടെയും ,മറ്റുള്ളവർ വിവിധ തരം പക്ഷികളുടെയും പേര് പറഞ്ഞു തടിതപ്പി .ചിലർ അറിയില്ലെന്നു തുറന്നു സമ്മതിച്ചു .

                  ഒടുവിൽ ചോദ്യകർത്താവിനു തന്നെ ഉത്തരം നൽകേണ്ടി വന്നു .അദ്ദേഹം വിദ്യാർത്ഥികളോടായി പറഞ്ഞു .മേൽപ്പറഞ്ഞ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ,അതായത്  പലപ്പോഴും  വിവേകഹീനമായും,മറ്റും പെരുമാറുന്ന ജീവിയും  "മനുഷ്യൻ " തന്നെയാണ് .അപ്പോൾ ആ കുട്ടികൾ വീണ്ടും  സംശയമുന്നയിച്ചു ,എന്തുകൊണ്ടാണ് ഏറ്റവും അറിവിലും ബുദ്ധിയിലും മുൻപിൽ നിൽക്കുന്ന മനുഷ്യനെ തന്നെ ,വിവേകമില്ലാത്ത പെരുമാറുന്നവരുടെ  നിരയിലും അങ്ങ് ഉൾപ്പെടുത്തിയതെന്ന്  .അദ്ധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം നല്ലൊരു വിശദീകരണം നൽകി  .
 

              ബുദ്ധിശക്തിയിലും വിവേകത്തിലും ഏറ്റവും വികാസവും ഉന്നതിയുമുള്ളതു മനുഷ്യന്  തന്നെയാണ് .ഹോമോ സാപിയെൻസ്(Homo sapiens)എന്ന ശാസ്ത്രീയ നാമമുള്ള മനുഷ്യന്റെ പ്രത്യേകത ചിരിക്കാനും ചിന്തിക്കാനുമുള്ള കഴിവ് തന്നെ .മറ്റെല്ലാ ജീവികളിലും വെച്ച് മസ്തിഷ്ക വികാസവും ,അറിവും ,സാംസ്കാരിക പുരോഗതിയും മനുഷ്യനുണ്ട്. ഭാഷയുപയോഗിച്ച് സംവേദിക്കാനുള്ള വേറിട്ട കഴിവും മനുഷ്യന് മാത്രമുള്ളതത്രേ. ആകാശത്തിലൂടെ പറക്കുന്ന വലിയ വിമാനങ്ങൾ ,റോക്കറ്റ് തുടങ്ങി  അതിവേഗ ഗമനം നടത്തുന്ന വാഹനങ്ങൾ അവൻ നിർമ്മിച്ചു .ചന്ദ്രനിലും ,നക്ഷത്രങ്ങളിലും വരെ  അവന്റെ സാന്നിധ്യം എത്തിയിട്ടുണ്ട് . വാർത്താവിതരണ ,വൈദ്യശാശ്ത്ര
 രംഗമുൾപ്പെടെ എല്ലാ രംഗങ്ങളിലും കണ്ടുപിടിത്തങ്ങൾ നടത്തി മുന്നേറുന്നു .അതൊക്കെ മനുഷ്യന്റെ വിശേഷതയല്ലേയെന്നാണ് അദ്ദേഹം 
  വിശദീകരിച്ചത് .

                   പലപ്പോഴും   ചില മനുഷ്യർ  മദ്യത്തിനും മറ്റും അടിമകളാകുകയും ,സ്വന്തം കൂട്ടത്തിലുള്ളവരെ  ആക്രമിക്കുകയും ചെയ്യുന്ന വാർത്തകൾ കാണുമ്പോൾ ബുദ്ധി വൈഭവമുള്ള മനുഷ്യൻ തന്നെ വിവേക ഹീനനായി മാറുന്നുണ്ടെന്നാണ് ആ അദ്ധ്യാപകൻ വിദ്യാർത്ഥികളോട് പറഞ്ഞത് .പല അക്രമങ്ങളും കൊലപാതകങ്ങളും കേൾക്കുമ്പോൾ ,അതിനെ മൃഗീയമെന്നു പറഞ്ഞാൽ ഒരു പക്ഷെ മൃഗങ്ങൾ പോലും ലജ്ജിച്ചു തല താഴ്ത്തിയേക്കും .മറ്റു  ജീവജാലങ്ങൾ പൊതുവെ പ്രാണരക്ഷാർത്ഥമോ ,ഇരപിടിക്കാനോ വേണ്ടി മാത്രമേ ആക്രമണോത്സുകരാകാറുള്ളൂ .ആ വിധത്തിൽ നോക്കിയാൽ വിവേക ശൂന്യനായി പെരുമാറുന്ന ജീവിയും മനുഷ്യൻ തന്നെയല്ലേയെന്നാണ് ആ സാമൂഹിക നിരീക്ഷകൻ പറഞ്ഞത് .ആ വാദം ശരിയാണെന്നു വിദ്യാർത്ഥികളും സമ്മതിച്ചു .

       മനുഷ്യാവകാശങ്ങൾ എവിടെയും സംരക്ഷിക്കപ്പെടണമെന്ന്  ഏവരും ആഗ്രഹിക്കുന്നത് .അതിന്നായി നമ്മുടെ രാജ്യത്തും ,സംസ്ഥാനത്തും കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട് .   കൂടാതെ ഒട്ടേറെ സമൂഹ്യ  സേവന സംഘടനകൾ മനുഷ്യാവകാശ മൂല്യങ്ങൾക്കായി പ്രവർത്തിക്കുന്നുമുണ്ട്.എന്നിരുന്നാലും പലപ്പോഴും ചില മനുഷ്യാവകാശ ലംഘനങ്ങളുടെയും ,ചൂഷണത്തിന്റെയും ഞെട്ടിക്കുന്ന വാർത്തകൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും ചിലപ്പോഴെങ്കിലും കേൾക്കേണ്ടിവരുന്നത് ആശാവഹമല്ലെന്നോർക്കണം .

               ഈ വിഷയത്തിന് ഒരു ആത്മീയ തലം കൂടിയുണ്ട്.ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും  മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ പ്രസാദിപ്പിച്ചു വിവേകത്തോടെ ജീവിക്കാനാണ് ജീവിക്കാനാണ് .വിശുദ്ധ ബൈബിൾ പറയുന്നത് ഒരു  ആത്മാവിന്റെ വില സർവ ലോകത്തേക്കാളും വലുതാണെന്നാണ്  .അതായത് ഓരോ വ്യക്തിയുടെയും ജീവനും വ്യക്തിത്വത്തിനും വിലയിടാനാവില്ലെന്നു തന്നെ പറയാം .ഓരോ വ്യക്തിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് .അതേപോലെ തന്നെ  മറ്റൊരാളിന്റെ അവകാശങ്ങൾ ഹനിക്കാൻ ആർക്കും അധികാരം ഇല്ലെന്നുമോർക്കണം .തന്നെ മദ്യം തുടങ്ങിയ സാമൂഹിക വിപത്തുകൾക്കടിപ്പെട്ട്, മുന്നോട്ട് പോകുന്നത് ഭോഷത്വമാണെന്നും മറക്കരുത് .മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ദൈവത്തിനു പ്രസാദമുള്ളവരായിത്തീരാൻ ഏവർക്കും ഇടയാകട്ടെയെന്നു ആശംസിക്കുന്നു .






                                                                         

                                                                                    -സാം.ടി .മൈക്കിൾ ഇളമ്പൽ

=======================================================================           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ