2017 ജൂൺ 29, വ്യാഴാഴ്‌ച

കണ്ടിട്ടും കാണാത്തതു പോലെ പോകുന്നവർ !

             മുമ്പൊക്കെ  ആളുകൾ  നേരിൽ കണ്ടാൽ വന്ദനം ചൊല്ലുന്നതും ,ക്ഷേമാന്വേഷണം നടത്തുന്നതുമൊക്കെ പതിവ് കാഴ്ചയായിരുന്നു . ഇന്ന് ആ പതിവുകളൊക്കെ മാറി വരുന്നുണ്ടോ എന്നാണ് സംശയം .പരിചയക്കാർ പോലും നേരിട്ട് കണ്ടാലും , ഇടിച്ചിട്ടാൽ പോലും ഒന്നുരിയാടിയാലായി,ഇല്ലെങ്കിലായി. പക്ഷേ  നേരിട്ട് മിണ്ടില്ലെങ്കിലും പരിഷ്കൃത സമൂഹത്തിലെ ഒട്ടു മിക്ക പേരും ഫേസ് ബുക്കിലും വാട്സാപ്പിലുമൊക്കെ അടുത്ത സുഹൃത്തുക്കളാണെന്നതാണ് വിചിത്രം .
കണ്ടിട്ടും കാണാത്തതു പോലെ ഭാവിച്ചു പോകുന്നതാണ് ചിലരുടെ രീതി .മറ്റു ചിലരാകട്ടെ ,ആരെയെങ്കിലും വഴിയിൽ വച്ച്  കണ്ടാൽ  മെല്ലെ  മൊബൈൽ ഫോൺ എടുത്തു ചെവിയിൽ വച്ച് കളയും .ഫോണിൽ സംസാരിക്കുകയാണെന്ന വ്യാജേന ,ആൾക്കാരെ 'നൈസായിട്ടങ്ങു' ഒഴിവാക്കിക്കളയാനാണിത്.
   
       ഞാനിതു കുറിക്കാൻ കാരണം , അപകടത്തില്‍ പെട്ട് കിടന്ന ഒരാള്‍ , തക്ക സമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം  മരണപ്പെട്ട ഒരു വാര്‍ത്ത ചില നാളുകള്‍ക്കു മുന്‍പ് വാര്‍ത്താ മാധ്യമത്തിലൂടെ അറിയാനിടയായി . അത്ര  നിസ്സാര പരിക്കുകള്‍  മാത്രം ഉണ്ടായിരുന്ന ആ മനുഷ്യനെ , അത് വഴി പോയവരാരും  ഗൌനിക്കാനോ , ആശുപത്രിയിലെത്തി ക്കാനോ തയാറായില്ല . അങ്ങനെ ശരീരത്തിലെ  രക്തം വാര്‍ന്നു  ആ  മനുഷ്യന്‍  മരണത്തിനു കീഴ്പ്പെടുകയായിരുന്നു . ഒരു പക്ഷേ  , ആ വഴി കടന്നു പോയ ആരെങ്കിലും  തക്ക സമയത്ത് ആശുപത്രിയിലെത്തിക്കുകയോ , പ്രഥമ ശുശ്രൂഷ നല്‍കുകയോ ചെയ്തിരുന്നെങ്കില്‍  ഒരുപക്ഷേ   ഒരു ജീവഹാനി ഒഴിവാക്കാമായിരുന്നു .
ഇതിനിടയിലും ആ അപകട സ്ഥലത്തു നിന്ന് ഫോണിൽ ചിത്രങ്ങൾ പകർത്തിയവരും ഉണ്ടായിരുന്നേക്കാം. 
        ഇതിനു മുന്‍പും  ഇത്തരം  നിരവധി  സംഭവങ്ങള്‍   റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .  ഇത്തരം സംഭവങ്ങളില്‍ ഇടപെട്ടാല്‍  പില്‍ക്കാലത്ത്  ഉണ്ടായേക്കാവുന്ന  നിയമ നടപടികളും നൂലാമാലകളുമൊക്കെ  ഭയന്നാണ്,  സേവന മനസ്ഥിതിയുള്ളവര്‍ പോലും  രക്ഷാ പ്രവര്‍ത്തനങ്ങളില്‍  നിന്ന് പിന്മാറാന്‍  പ്രേരിപ്പിക്കുന്നത് . ഈ അടുത്ത കാലത്താണ്  ഈ  സ്ഥിതി വിശേങ്ങള്‍ക്ക് ചെറിയ ഒരു മാറ്റമെങ്കിലും ഉണ്ടായത് .
        മേല്‍പ്പറഞ്ഞ  വസ്തുതകള്‍  കുറിക്കുമ്പോള്‍ , ഒരു   വേദപുസ്തക  ഉപമ  മനസ്സിലേക്ക് ഓടിയെത്തുന്നു . അത്  ഏവര്‍ക്കും സുപരിചിതമായ നല്ല ശമാര്യാക്കാരന്റെ  കഥയാണ് .  യെരുശലേമില്‍ നിന്നു യെരീഹോവിലേക്ക്  പോകുകയായിരുന്ന  യാത്രികന്റെ  ചരിത്രം .  കള്ളന്മാരാല്‍ സകലവും അപഹരിക്കപ്പെട്ടു , പാതി ജീവന്റെ ബലത്തില്‍  കിടന്ന ആ മനുഷ്യനെ  ആരും തിരിഞ്ഞു നോക്കിയില്ലെന്നു വേണം പറയാന്‍ . അത് വഴി കടന്നു പോയ ഒരു ലേവ്യനും , പിന്നെ ഒരു പുരോഹിതനും  കണ്ടിട്ടും കാണാതെ തങ്ങളുടെ വഴിക്ക് പോയി . എന്നാല്‍ പിന്നാലെ വന്ന നല്ല ശമാര്യാക്കാരനാകട്ടെ , മുറിവേറ്റു കിടന്നയാളെ   കണ്ടിട്ട് അടുത്ത് ചെന്ന് വേണ്ട ശുശ്രൂഷ നല്‍കിയതിനു ശേഷം , സുരക്ഷിതമായ സ്ഥാനത്ത് കൊണ്ട്  ചെന്നാക്കുകയും  ചെയ്തതിനു ശേഷമാണ് കടന്നു പോയത് . ഒട്ടേറെ ഉള്‍ക്കാഴ്ചകള്‍ നല്കുന അതി മനോഹരമായ ഈ ഉപമ അറിയാത്തവര്‍ , പൊതു സമൂഹത്തില്‍  തന്നെ  വിരളമായിരിക്കും .
        നമ്മെക്കൊണ്ട് എന്തെങ്കിലും സേവനം ആവശ്യമുള്ളയാളെ കണ്ടിട്ടും കാണാതെ പോകുന്നത് ഭൂഷണമല്ല.ഒരു വാക്കിന്റെ സ്വാന്തനമെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ നന്ന് .മേല്‍പ്പറഞ്ഞ  ഉപമയിലെ , മുറിവേറ്റു നിസ്സഹായ അവസ്ഥയില്‍ കിടന്ന  ആ മനുഷ്യനെപ്പോലെയായിരുന്നില്ലേ  നാമും .  ആരും  തിരിഞ്ഞു നോക്കാനില്ലാതെ , പാപ സ്വഭാവങ്ങള്‍ക്കു അടിപ്പെട്ടു  അടിമ നുകത്തിലായിരുന്ന  നമ്മെ  ആരും കാണാതെ പോയപ്പോള്‍,  യേശു എന്ന നല്ല ശമാര്യാക്കാരന്‍  കണ്ടു , തന്റെ തങ്കച്ചോര തന്നു വീണ്ടെടുത്തത്  എത്ര വലിയ കാര്യമാണ് .  അല്ലെങ്കില്‍ ഇന്നും പാപത്തിന്റെ  കുഴിയില്‍ ,ആത്മീയ ജീവനില്ലാതെ കിടക്കേണ്ടതായി  വരുമായിരുന്നു  . ആ നല്ല ശമാര്യാക്കാരനായ യേശു കര്‍ത്താവിനു , നമ്മുടെ ജീവിതത്തിന്റെ നിസ്സഹായാവസ്ഥ കണ്ടിട്ട് , കാണാതെ  കടന്നു പോകാനാവില്ല . അപേക്ഷിക്കുന്നവരെ ഉപെഷിക്കാനും ... 
=================================================================

                              -  സാം . ടി .മൈക്കിള്‍  ഇളമ്പല്‍ 
                                                                                             ===========================











2017 ജൂൺ 22, വ്യാഴാഴ്‌ച

‘ഉത്തരം താങ്ങുന്ന’ പല്ലിയും, രാജാവിന്റെ അരമനയില്‍ പാര്‍ക്കുന്ന പല്ലിയും’


       ഈ ഭൂമിമലയാളത്തിലെ സകലമാന കാര്യങ്ങളും തങ്ങളുടെ ചുമലിലൂടെയാണ് പോകുന്നതെന്നും ,താൻ പിടിവിട്ടാൽ എല്ലാം പ്രതിസന്ധിയിലാകുമെന്നും കരുതുന്ന ഒരു ചെറിയ കൂട്ടം  ഏതു സമൂഹത്തിലുമുണ്ടെന്നാണ് വയ്പ്പ്.ഇക്കൂട്ടരെ നമ്മുടെ നാട്ടില്‍ സംസാര ഭാഷയില്‍ വിശേഷിപ്പിക്കുന്ന  ഒരു പല്ലവിയാണ്,- ‘ഉത്തരം താങ്ങുന്ന പല്ലികള്‍’എന്നത് .

        ‘ഉത്തരം താങ്ങുന്ന പല്ലികള്‍’ എന്ന പരാമര്‍ശം പലപ്പോഴും പൊതുസമൂഹത്തിലും സംഘടനകളിലുമാണ് പറഞ്ഞു കേള്‍ക്കാറുള്ളത് . തങ്ങള്‍ ഒന്നുമല്ലെങ്കിലും ഒരു സമൂഹത്തെയും സംഘടനയെയും ഒക്കെ താങ്ങി നിര്‍ത്തുന്നത് അവരാണെന്ന് ചിന്തിച്ചു നടക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കാറുള്ളത്. സാധാരണ പല്ലികള്‍ വീടിന്റെ ഉത്തരത്തിലും ഭിത്തികളിലും മറ്റും ജീവിക്കാറുണ്ട് . വീടിന്റെ ഉത്തരത്തില്‍ ജീവിക്കുന്ന ഒരു പല്ലി , ‘ഞാനാണ്‌ ഈ ഉത്തരം മുഴുവന്‍ താങ്ങി നിര്‍ത്തിയിരിക്കുന്നത്’ എന്ന് പറയുന്നത് പോലെ വീരവാദം മുഴക്കുന്ന അല്‍പ ജ്ഞാനികള്‍ ഏതു സമൂഹത്തിലും ഉണ്ടാകാം .എന്നാല്‍ പിടിച്ചു തൂങ്ങിക്കിടക്കുന്ന ഉത്തരത്തില്‍ നിന്നും പിടിവിട്ടാല്‍ സ്വന്തം അസ്ഥിത്വവും ,വ്യക്തിത്വവുമാണ് ഇല്ലാതാകുകയെന്ന്  ഇക്കൂട്ടര്‍ മനസ്സിലാക്കാറില്ല .പകരം സ്വയം പ്രശംസ നടത്തിയും ,തങ്ങളാണ് സകലവും നിയന്ത്രിക്കുന്നതെന്ന മിഥ്യാധാരണയില്‍ കാലം കഴിക്കുകയും ചെയ്യുന്നു .
         പൊതു സമൂഹത്തിലോ , സംഘടനകളിലോ , ആത്മീയ രംഗത്താണെങ്കില്‍പോലും മേല്‍പറഞ്ഞ ചിന്താഗതിക്കാര്‍ ഭൂഷണമല്ല .പ്രത്യേകിച്ച് നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരുടെയിടയില്‍. തങ്ങളും ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവും , മറ്റുള്ളവരെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ആവശ്യം .

                  ശലോമോന്റെ സദൃശ്യവാക്യത്തില്‍ , ബലഹീന ജീവികളായ ഉറുമ്പ്‌ , വെട്ടുക്കിളി ,കുഴിമുയല്‍ ,പല്ലി എന്നിവയെക്കുറിച്ച് പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ ഏറെ ചിന്തനീയമാണ് .ഇവിടെയാണ്‌ പല്ലിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് . “പല്ലിയെ കൈ കൊണ്ട് പിടിക്കാമെങ്കിലും അത് രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുന്നു”(സദൃശ്യ :30:28). ബലഹീനവും നിസ്സാരമെന്നു കരുതാവുന്നതുമായ ജീവിയാണെങ്കിലും,രാജാക്കന്മാരുടെ അരമനകളില്‍ വസിക്കുന്നു എന്നത് ഒട്ടേറെ  ചിന്തകളാണ് നല്‍കുന്നത് . ശക്തിയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിലയിലോ യാതൊരു നിലയിലും പരിഗണിക്കപ്പെടാന്‍ പോലുമുള്ള ഘടകങ്ങള്‍ ഇല്ലാതിരിക്കെ , ശ്രേഷ്ടമായ ജീവിത സാഹചര്യങ്ങളില്‍ പാര്‍ക്കുന്നു എന്നത് തന്നെ ചില സൂചനകള്‍ നല്‍കുന്നു . വലിയതും ചെറുതുമായ ഏതാണ്ട് എല്ലാ വീടുകളിലും പല്ലികള്‍  ജീവിക്കുന്നുണ്ട് .മറ്റു കീടങ്ങളെ കീടനാശിനികളും മറ്റും തളിച്ച് നശിപ്പിക്കുമ്പോള്‍ , വീടുകളിലെ ഭിത്തിയിലും മറ്റും ജീവിക്കുന്ന പല്ലികളെ സാധാരണയായി ആരും നശിപ്പിച്ചു കളയാറില്ല.അത്രക്ക് നിരുപദ്രകാരികളാണവ , പോരെങ്കിൽ സ്വന്തം വാൽ മുറിച്ചു ശത്രുക്കളിൽ നിന്നും രക്ഷപെടുന്ന വിചിത്ര സ്വഭാവം കൂടിയുണ്ട് ഇവക്കു. 
     ഈ യുഗവീക്ഷണത്തിന്‍റെ ആദ്യ ഭാഗത്ത് ‘ഉത്തരം താങ്ങികളായ പല്ലികളെക്കുറിച്ചും, ശേഷം ‘അരമനയില്‍ പാര്‍ക്കുന്ന പല്ലി’കളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.രണ്ടിടത്തും ബലഹീന ജീവിയായ പല്ലി തന്നെയായിരുന്നു കഥാപാത്രം . സ്വന്തം നിസ്സാരത മനസ്സിലാക്കാതെ , തങ്ങളാണ് എല്ലാം താങ്ങി നിര്‍ത്തിയിരിക്കുന്നതെന്ന് എന്ന് മന:പായസം ഉണ്ട് ജീവിക്കുന്നവര്‍ സ്വന്തം നിലനില്‍പ്പിന് തന്നെ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ഓര്‍ക്കാറില്ല. ഇത്തരക്കാരുടെ സ്വയം പ്രശംസയും ,അഹം ഭാവവും ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഓര്‍ക്കണം .തങ്ങളുടെ കൂട്ടത്തിലുള്ളവർക്കു മുഴുവൻ തെറ്റായ പ്രതിച്ഛായ നൽകുവാൻ , ഇത്തരത്തിലെ ഒന്നോ രണ്ടോ 'ഉത്തരം താങ്ങികൾ 'മതിയെന്നാണ് വസ്തുത . 
         എന്നാല്‍ , ഏറ്റവും നിസ്സാരരെങ്കിലും , രാജാവിന്റെ അരമനയില്‍ പാര്‍ക്കുന്ന പല്ലി , തങ്ങളുടെ ബലഹീനതയിലും ശ്രേഷ്ഠമായ ജീവിത സാഹചര്യത്തില്‍ പാര്‍ക്കുന്നു എന്നതാണ് ഏറെ ചിന്തിപ്പിച്ചത് .ഒരു പക്ഷെ നാമൊക്കെ ,ജന്മം കൊണ്ടോ ,കര്‍മം കൊണ്ടോ ഒന്നും യാതൊരു ശ്രേഷ്ഠതയും അവകാശപ്പെടാനില്ലാത്തവരാണ് .ഇത്തരത്തില്‍ നോക്കിയാല്‍ ബലഹീന പാത്രമായ നമുക്കൊക്കെ , നമ്മുടെ സ്വര്‍ഗീയ രാജാവിന്റെ അരമനയില്‍ വാസം ചെയ്യാനുള്ള ശ്രേഷ്ഠ പദവിയല്ലേ ലഭിച്ചിരിക്കുന്നത് . ഈ പദവി മറന്നു ‘ഉത്തരം താങ്ങികളായി’, താത്കാലിക ലാഭങ്ങള്‍ക്കായി സമയം ചിലവിടുമ്പോള്‍ ഓര്‍ക്കണം – തങ്ങളുടെ ശ്രേഷ്ഠ പദവിയാണ്‌ നഷ്ടപ്പെടുത്തുന്നതെന്ന് .അതിനാല്‍  നാം നമ്മുടെ ശ്രേഷ്ഠ പദവി മറക്കാതെ ജീവിത യാത്രയില്‍ മുന്നേറണം.

===================================================================
                                     =സാം.ടി .മൈക്കിൾ ഇളമ്പൽ *
                                      ===========================







2017 ജൂൺ 17, ശനിയാഴ്‌ച

മൂർച്ചയുള്ള വാളും , അതിനേക്കാൾ മൂർച്ചയേറിയ വാക്കും

                                    ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് , ഒരിക്കൽ ഒരു ഗുരുവിനോട് തന്റെ ശിഷ്യന്മാരിൽ ഒരാൾ ഒരു സംശയവുമായെത്തി ."അങ്ങയുടെ അറിവിൽ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ത് ?"എന്നായിരുന്നു ആ ശിഷ്യന്റെ സംശയം .

           ആ കാലത്ത് ഉപയോഗത്തിലിരുന്ന കുന്തം ,വാൾ , ഉരുമ്മി, അമ്പ് ,തുടങ്ങിയ ആയുധങ്ങളിലെന്തെങ്കിലും ആയിരിക്കും മൂർച്ചയേറിയതെന്നായിരുന്നു ആ ശിഷ്യന്റെ ചിന്ത.എന്നാൽ അർത്ഥ ഗർഭമായ  മൗനത്തിനു ശേഷം ഗുരു ഉത്തരം പറഞ്ഞു -"ഏറ്റവും മൂർച്ചയേറിയ ആയുധം വായിൽ നിന്ന് വീഴുന്ന വാക്കു തന്നെ ".

           ഈ ഉത്തരം കേട്ട് ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്ന ശിഷ്യനോട് ഗുരു വിശദീകരിച്ചു ."മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകളത്രേ വാളിനേക്കാൾ മൂർച്ചയേറിയത് .ഒരു വാൾ അല്ലെങ്കിൽ മറ്റേതെങ്കിലും മൂർച്ചയുള്ള ആയുധം ഒരാളെ ഒരിക്കൽ മുറിപ്പെടുത്താനോ അല്ലെങ്കിൽ ജീവഹാനി വരുത്താനോ ഇടയായേക്കാം .എന്നാൽ മൂർച്ചയേറിയ വാക്കുകൾക്കു ഒരാളെ പല ആവർത്തി കൊല്ലുവാനോ അല്ലെങ്കിൽ മരണം വരെ ഹൃദയത്തിൽ ആഴത്തിൽ മുറിവേല്പിച്ചുകൊണ്ടിരിക്കുവാനോ കഴിയത്തക്കതാണ് ".ഗുരുവിന്റെ മറുപടിയിൽ ശിഷ്യൻ തൃപ്തനായി .

        നാം അറിഞ്ഞോ അറിയാതെയോ ഉച്ചരിക്കുന്ന ഓരോ വാക്കുകളും ഏറെ പ്രാധ്യാന്യമുള്ളതാണ് .ഒറ്റ വാക്കിൽ തന്നെ മറ്റൊരാളെ നിലംപരിശാക്കുന്ന വിരുതന്മാർ ഉണ്ട്. ഒരേ  ഒരു വാക്കു മതി ഒരാളെ തളർത്താനും, തളർന്ന ഒരാൾക്ക് ആശ്വാസം കൊടുക്കാനും .ഒരാളെ നല്ല നിലയിലാക്കാനും മോശമാക്കാനും വാക്കുകൾക്കു കഴിയും.മൃദുവായ ഉത്തരം കോപത്തെ ശമിപ്പിക്കുന്നു എന്ന് വിശുദ്ധ ബൈബിളിലെ സദൃശ്യവാക്യങ്ങൾ ഓർമപ്പെടുത്തുന്നു.ഒരൊറ്റ വാക്കു മതി വലിയ കലഹത്തിനും കലാപത്തിനുമൊക്കെ..അതേപോലെ തന്നെ ഒരു വാക്കു മതി വലിയ പ്രശ്നങ്ങൾ ഉരുകി  മാറുവാനും .

  ആയതിനാൽ സ്വന്തം നാവിനെ കടിഞ്ഞാണിട്ട് സൂക്ഷിക്കണമെന്ന വാക്കുകൾ ഏറെ പ്രസക്തമാണ് .വലിയ കാട് കത്തിക്കാൻ കേവലം ഒരു തീപ്പൊരി മാത്രം മതിയെന്നപോലെയാണ് ,വലിയ കലഹങ്ങൾക്ക് എരിതീയിൽ എണ്ണ ഒഴിക്കുന്നപോലെ ഒരു വാക്കു മതി .അതുപോലെ തന്നെ കൈവിട്ടു പോയ ആയുധവും ,പറഞ്ഞ വാക്കുകളും തിരിച്ചെടുക്കാനാവില്ലെന്നതും ഒരു വസ്തുതയാണ് .ആയതിനാൽ ഉപ്പിനാൽ രുചി വരുത്തുന്ന വാക്കുകളുടെ സഹയാത്രികരാകാം നമുക്ക് .
======================================================================
                                                            =സാം .ടി .മൈക്കിൾ ഇളമ്പൽ
                                                                                                  ===========================



2017 ജൂൺ 9, വെള്ളിയാഴ്‌ച

അറിവ് കൂടുന്തോറും ...

     
                             അറിവും , ബുദ്ധിയും വിദ്യാഭാസവുമൊക്കെ കൂടുന്തോറും മാനുഷിക മൂല്യങ്ങളും നേർ അനുപാതത്തിൽ കൂടുമെന്നാണ് കരുതുന്നത് .എന്നാൽ ആധുനിക സമൂഹത്തിൽ ലോകം ഒരു ആഗോള ഗ്രാമമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഈ വളർച്ച നേർ വിപരീത അനുപാതത്തിലാണെന്നു തോന്നുന്നു .അറിവും ബുദ്ധിയും കൂടുന്നതനുസരിച്ചു സ്നേഹവും ആർദ്രതയുമുള്ള  ഹൃദയം അന്യമായിക്കൊണ്ടിരിക്കുന്നു എന്നാണ് സാമൂഹിക നിരീക്ഷകർ വിലയിരുത്തുന്നത് .പച്ച പരമാർത്ഥഹൃദയമുള്ളവർക്കു  വംശനാശ ഭീഷണി നേരിടുന്ന സമയമാണിതെന്നാണ് അവരുടെ അഭിപ്രായം.

                             എന്റെ ഒരു സുഹൃത്ത് ഈയിടെ വാട്സ്ആപ്പിലൂടെ  അയച്ചു തന്ന ചിത്രങ്ങളാണ്  ഇപ്രകാരം ഒരു കുറിപ്പ് എഴുതാൻ കാരണം .മേൽപ്പറഞ്ഞ വസ്തുത വിവിധ തലങ്ങളിൽ നിശബ്ദമായി സംസാരിക്കുന്നതായിരുന്നു ഈ ചിത്രങ്ങൾ .അതിലെ ആദ്യ ചിത്രം LIFE അഥവാ ജീവിതം എന്ന അടിക്കുറിപ്പോടു കൂടിയതായിരുന്നു .ഒരു ദണ്ഡിന്റെ ഒരറ്റത്ത് തലച്ചോറും മറ്റേ അറ്റത്ത്  ഹൃദയും തൂക്കി ഒരു മനുഷ്യൻ ഒരു ഞാണിന്മേൽ നടന്നു നീങ്ങുന്നു.ഒരർത്ഥത്തിൽ  മനുഷ്യ ജീവിതം ഞാണിന്മേലുള്ള ഒരു യാത്രയാണല്ലോ.ഈ മനുഷ്യന്റെ കരത്തിലെ  ദണ്ഡിനെ സംതുലിതമായി നിർത്തിയില്ലെങ്കിൽ ഞാണിന്മേലുള്ള സഞ്ചാരം ദുഷ്കരമാകും.അതായത് ദണ്ഡിന്റെ ഇരു വശങ്ങളിലുമുള്ള ഹൃദയത്തിന്റെയും , മസ്തിഷ്കത്തിന്റെയും ഭാരം തുല്യമാകണമെന്നർത്ഥം .


                              മസ്തിഷ്‌കം അഥവാ തലച്ചോറ് അറിവിനെ അല്ലെങ്കിൽ ബുദ്ധിയെയൊക്കെ കാണിക്കുന്നു.ഹൃദയം ആകട്ടെ സ്നേഹത്തെ അല്ലെങ്കിൽ മാനുഷിക മൂല്യങ്ങളെ കാണിക്കുന്നു.അറിവും അനുഭവവുമൊക്കെ കൂടുമ്പോൾ സഹജീവികളോടുള്ള സ്നേഹവും സഹാനുഭൂതിയും കൈവിടാതിരുന്നാൽ ജീവിതത്തിലെ സന്തുലനം നിലനിൽക്കുമെന്ന് വ്യക്തം.

                          ഇനി രണ്ടാമത്തെ ചിത്രത്തിലേക്ക് വരാം . ഈ ചിത്രം ശരീര വളർച്ചയുടെ വിവിധ ഘട്ടങ്ങൾ സൂചിപ്പിക്കുന്നു(The  Reality Of  Life ) .വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ വലിയൊരു ഹൃദയവും , ചെറിയ മസ്തിഷ്കവുമാണ് കാണുന്നത്. ശരീരം വളരുന്തോറും ഹൃദയം ചെറുതാവുകയും, മസ്തിഷ്‌കം വളരുകയുമാണ്.പൂർണ വളർച്ച എത്തുമ്പോൾ വലിയൊരു തലച്ചോറും വളരെ വളരെ ചെറിയ ഒരു ഹൃദയുമാണ് ചിത്രത്തിൽ.അനേകം സന്ദേശങ്ങൾ ഈ ചിത്രവും നിശബ്ദമായി നൽകുന്നുണ്ട് .മനുഷ്യന് വലിയ ബുദ്ധിയും അറിവുകളുമുള്ളപ്പോൾത്തന്നെ മനുഷ്യത്വത്തിന്റെ തീരെ ചെറിയ ഒരു ഹൃദയം മാത്രം.


                       ഇതൊക്കെ ഇന്നത്തെ സാമൂഹിക സ്ഥിതികളുടെ ഒരു നേർക്കാഴ്ചയാണ് തരുന്നത് .അന്യോന്യം സ്നേഹിക്കാനും , പരസ്പര പൂരകങ്ങളായി നിസ്വാര്ഥതയോടെ പെരുമാറാനുമൊക്കെ കഴിയുന്ന സാമൂഹ്യ അന്തരീക്ഷത്തിലേക്ക് ഒരു മടങ്ങി വരവ് എത്രയോ നല്ലതായിരുന്നു.തലയും തലക്കനവുമായി നിൽക്കുന്നതിലും എത്രയോ നല്ലതായിരുന്നു .നല്ല പ്രവർത്തികളും ചെയ്തികളും കൊണ്ട് ജീവിത യാത്രയിൽ മുന്നേറാൻ കഴിയട്ടെ !!!!!!!

==============================================================
                                                                       * സാം .ടി .മൈക്കിൾ  ഇളമ്പൽ
                                                                          =============================


   


2017 ജൂൺ 6, ചൊവ്വാഴ്ച

എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ!!!





                 എന്ത് കഴിക്കും? , എന്ത് കുടിക്കും?, എന്ന് ആകുലതയോടെ കഴിയുന്ന ധാരാളം ആൾക്കാർ ലോകമെമ്പാടുമുണ്ട് . ദാരിദ്ര്യവും പട്ടിണിയുമൊക്കെ നിർമാർജ്ജനം  ചെയ്യാനായി ലോകത്തെ  ഭരണകർത്താക്കളൊക്കെ ശ്രമം നടത്തുമ്പോഴും ലോകത്തിന്റെ പല കോണുകളിൽ നിന്നും പട്ടിണി മരണങ്ങളുടെ വേദനിപ്പിക്കുന്ന വാർത്തകൾ കേൾക്കാറുണ്ട് .

                    "എന്തെങ്കിലും കഴിച്ചോ?" എന്ന് ക്ഷേമം  അന്വേഷിക്കുന്നതിന് പകരം "എന്താണ് കഴിച്ചത്?" എന്ന് ഗവേഷണം  നടത്തി അതിൽ കുറ്റം ആരോപിക്കാനും , തല്ലാനും  ഉപദ്രവിക്കാനും ഇറങ്ങിപ്പുറപ്പെടുന്ന സംസ്കാരം ആധുനിക സമൂഹത്തിനു യോജിച്ചതല്ല .മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി  മനുഷ്യജീവനുകൾ ഇല്ലാതാക്കുന്നവർ എന്ത്  ആത്മീക മൂല്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് മനസ്സിലാകാത്തത് .

                    പൗരന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വില കൽപ്പിക്കാതെ , കഴിച്ചതു   മാടിന്റെ  മാംസമാണോ?  മൽസ്യമാണോ? എന്ന് തലനാരിഴ കീറി , അതിന്മേൽ  ശരിതെറ്റുകൾ ചൂണ്ടിക്കാണിക്കാൻ മാത്രം നടക്കുന്നവർ , അല്പം സമയം രാജ്യത്ത്  അന്നത്തിനു ബുദ്ധിമുട്ടുന്നവർക്ക്  വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിൽ ദൈവം പ്രസാദിക്കുമായിരുന്നു .വെറുതെ  വാദങ്ങളും വിവാദങ്ങളുമുയർത്തി  സമയം കളയുന്നതിലും ഭേദം അതായിരുന്നു .