അഭിനയം വേണ്ടാ ,ആത്മീയ ജീവിതത്തിൽ!!
www.samtmichael.blogspot.com
ചലച്ചിത്ര അവാർഡ് ജേതാവായ ശ്രീ .വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു -"ഞാൻ ചലച്ചിത്രത്തിൽ മാത്രമേ അഭിനയിക്കാറുള്ളൂ " എന്ന്.ജീവിതത്തിൽ ഒരു പച്ച മനുഷ്യനാണെന്നും പറഞ്ഞതോർക്കുന്നു . നമ്മുടെ ചുറ്റും കണ്ണോടിച്ചാൽ ജീവിതത്തിൽ തകർത്ത് അഭിനയിക്കുന്ന അനേകരെ കാണാൻ കഴിയും.അവസരത്തിനും , വ്യക്തികൾക്കുമനുസരിച്ചു,പൊയ്‌മുഖങ്ങളണിഞ്ഞു അനുകരണവും,അഭിനയും നടത്തുന്നവർ . അതുപോലെ തന്നെ സ്ക്രീനിലും ,ജീവിതത്തിന്റെ വിവിധ മേഖലകളിലും അഭിനയിച്ച പല അഭിനേതാക്കളുടെയും പൊയ്‌മുഖങ്ങൾ സമൂഹത്തിൽ അഴിഞ്ഞു വീഴുന്ന സമയവും കൂടിയാണിതെന്നോർക്കണം .ജനപ്രിയ നടന്മാർ , ജനത്തിനു അപ്രിയരാകുന്ന നേർക്കാഴ്ച.
ഞാനിതു കോറിയിട്ടത് ,മറ്റു ചില യാഥാർഥ്യങ്ങൾ കുറിക്കാനാണ് .കപട ആത്മീയതയുടെ വേഷം കെട്ടുകാർ ആത്മീയ ലോകത്തിനു ഭൂഷണമല്ല .സഭയിലൊന്ന് , വീട്ടിൽ മറ്റൊന്ന് ,സമൂഹത്തിൽ വേറെ അങ്ങനെ സമയവും സന്ദർഭവും നോക്കി മുഖം മൂടിയിട്ട് അഭിനയിക്കുന്നവർ വിരളമല്ലെന്നാണ് കരുതുന്നത്. ഒരിക്കൽ യാക്കോബ് തന്റെ അപ്പന്റെ മുൻപിൽ പ്രച്ഛന്ന വേഷം നടത്തി ,അല്പം അഭിനയവും അതിലേറെ അനുകരണവും നടത്തി ജ്യേഷ്ഠാവകാശം സൂത്രത്തിൽ തട്ടിയെടുത്തു.നീ ആർ എന്ന് ചോദിച്ചപ്പോൾ ,യാതൊരു മടിയും കൂടാതെ യേശാവെന്നാണ് അന്ന് പറഞ്ഞത് .അതേ യാക്കോബിനോട് സാക്ഷാൽ ദൈവം 'നീ ആർ?' എന്ന് ചോദിച്ചപ്പോൾ "ഞാൻ യാക്കോബ് "എന്ന് തന്നെയാണ് മറുപടി കൊടുത്തത് .
അതായത് സർവ്വശക്തന്റെ മുൻപിൽ വേഷംകെട്ടലുകൾ വിലപ്പോവില്ലെന്ന് നന്നായറിയാം . അതിനാൽ അവൻ പിൽക്കാലത്തു അനുഗ്രഹിക്കപ്പെട്ടു .
നമ്മെ നന്നായി അറിയുന്ന ദൈവ മുമ്പിൽ , നമ്മുടെ അവസ്ഥകൾ മറച്ചുവയ്ക്കുന്ന ഭൂഷണമല്ല.അവിടുത്തെ സൃഷ്ടിയിൽ സകലവും നഗ്നവും മലർന്നതുമായിക്കിടക്കുന്നുവെന്ന യാഥാർഥ്യം ഏവർക്കും അനിവാര്യമാണ് .ചുരുക്കിപ്പറഞ്ഞാൽ തിരുസന്നിധിയിൽ അനുകരണവും അഭിനയുമൊന്നും അഭ്യാസവുമൊന്നും വിലപ്പോകില്ലെന്നും ,അനുസരണവും തുറന്നു പറച്ചിലുകളുമാണ് വേണ്ടതെന്നും ഓർക്കണം