2018 ഏപ്രിൽ 12, വ്യാഴാഴ്‌ച

അങ്ങനെ ചക്കയ്ക്കും വന്നു ചേർന്നു,പണ്ടത്തേക്കാൾ നല്ല കാലം! !

                       ആർടോകാർപസ്  ഹെട്രോഫൈലസ് (Artocarpus heterophyllus ) എന്ന നാമവും, ഏറ്റവും വലിയ പഴം എന്ന പെരുമയുമുള്ള ചക്ക സാധാരണയായി ഇന്ത്യ ,ശ്രീലങ്ക ,ബംഗ്ലാദേശ് ,ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് സുലഭമായി വിളയുന്നത് .എന്നാൽ ചക്ക നമ്മുടെ നാട്ടിലെ  വാർത്തകളിൽ പ്രത്യേക ഇടം നേടിയിട്ട്  അധികം ദിനങ്ങളായിട്ടില്ല .

                           പോയ ദിനങ്ങളിൽ കേരളത്തിലെ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വേകാനുതകുന്ന നടപടിയായിരുന്നു, സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ തെരഞ്ഞെടുത്ത സർക്കാർ പ്രഖ്യാപനം. ഇതിനായി പ്രയത്നിച്ച ഒറ്റപ്പാലം സ്വദേശിയായ അദ്ധ്യാപകൻ ബാലകൃഷ്ണനും വാർത്തകളിൽ നിറഞ്ഞു .   ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ കാർഷിക ഫല വിപണന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പൊതുവേയുള്ള അഭിപ്രായം..
കേരളത്തിെലെ പഴയ തലമുറയുടെ ഭക്ഷണ രീതികളിൽ കാർഷിക ഫലധാന്യങ്ങളുടെ പങ്ക് വലിയതായിരുന്നു. ഇന്നത്തെപ്പോലെ കീടനാശിനികളുടെയോ, രാസവളത്തിന്റെയോ ഒന്നും മേമ്പൊടിയില്ലാതെ, തികച്ചും ജൈവ കൃഷിരീതികളിലൂടെ തനതായി വിളയിച്ചെടുത്ത കപ്പ, കാച്ചിൽ, ചേന, ചേമ്പ് ,ചക്ക,പയർ വർഗ്ഗങ്ങൾ തുടങ്ങി ഈ പട്ടിക നീളുകയാണ്. പോരെങ്കിൽ ധാരാളം പ്ലാവും മാവുമൊക്കെ പറമ്പിലില്ലാത്തവരും വിരളമായിരുന്നു. സുലഭമായി ലഭിച്ചിരുന്ന ചക്ക മലയാളിയുടെ ഭക്ഷണ രീതികളിൽ അതുല്യ സ്ഥാനമലങ്കരിച്ചിരുന്നു.


                                 എന്നാൽ തലമുറകൾ മാറിയപ്പോൾ ,ഭക്ഷണക്രമത്തിനും മാറ്റം വന്നു. ഭക്ഷ്യസുരക്ഷ കനത്ത വെല്ലുവിളി നേരിടുന്ന ഒരു കാലമാണിതെന്നുകൂടി ഓർക്കണം .മായം ചേർത്ത ഭക്ഷണങ്ങളും, കീടനാശിനി തളിച്ച പച്ചക്കറികളും, ബഹുരാഷ്ട്ര കമ്പനികളുടെ ബ്രാൻഡഡ് ഭക്ഷണങ്ങളും, വഴിയോരങ്ങളിലെ അതിവേഗ ഭക്ഷണ ശാലകളിലെ രുചിക്കൂട്ടുകളും പരീക്ഷിച്ച് രോഗങ്ങളെ ക്ഷണിച്ചു വരുത്താൻ ആളുകൾ ഓടി നടക്കുന്നു .ഇതിനിടയിൽ നാടിന്റെ നന്മയും ഫലഭൂയിഷ്ടിയുമൊക്കെ മരീചികയായി മാറി .നാടിന്റെ നന്മയായ ചക്കയും കപ്പയുമൊക്കെ വിലക്കപ്പെട്ട കനിയായി മാറി പലർക്കും .ഒട്ടേറെയിsങ്ങളിൽ ചക്ക ആരും ഉപയോഗിക്കാതെ നശിച്ചുപോകുന്നതും കണ്ടവരുണ്ട് .


                             ഇതിനിടെ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ചക്കയുടെ ഭക്ഷ്യ പ്രാധാന്യത്തെപ്പറ്റി ധാരാളം പഠനങ്ങളും, റിപ്പോർട്ടുകളും പുറത്തു വന്നത്. പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ചക്കയുടെ അനിതരസാധാരണമായ കഴിവും വാർത്താ മാദ്ധ്യമങ്ങളിലിടം നേടി .ഇന്നിപ്പോൾ സംസ്ഥാന സർക്കാർ ഔദ്യോഗികാംഗീകാരം കൂടി നൽകുന്നതോടെ ഈ ഫലത്തിന്റെ വിപണിമൂല്യം ഏറുകയാണ് ..ചില നാളുകൾ ആർക്കും വേണ്ടാതെ പറമ്പുകളിലും, പുരയിടങ്ങളിലും കിടന്ന അവസ്ഥകൾ മാറുകയാണെന്നതല്ലേ സത്യം.


വാൽക്കഷണം:
-----------------------
സത്യ ദൈവത്തെ പിൻപറ്റുന്നവരുടെ മൂല്യം ഒരു പക്ഷേ ആർക്കും മനസ്സിലാകണമെന്നില്ല .സമൂഹത്തിൽ ചവിട്ടിമെതിക്കപ്പെടുകയോ, വില കുറച്ചു കാണുകയോ ഒക്കെ ചെയ്യപ്പെടുമ്പോൾ വിസ്മരിക്കപ്പെടേണ്ടാത്തതായ ഒരു വസ്തുതയുണ്ട് . എത്ര അവഗണിച്ചു തള്ളിയാലും ,നമ്മിലെ മറച്ചു വക്കപ്പെട്ട മൂല്യങ്ങൾ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും .ദൈവ പൈതലിന്റെ മൂല്യം മനസ്സിലാക്കപ്പെടുന്ന ഒരു സുദിനം വരുന്നു എന്നുള്ളതാണ് .നന്ദിക്കാൻ നിൽക്കുന്നവരുടെ മുമ്പിൽ മാനിക്കപ്പെടുന്ന നാൾ .പണ്ടത്തേക്കാൾ ഒരു നല്ല കാലം!
------------------------------
----------------------------------------------------------------