2018 ജൂൺ 29, വെള്ളിയാഴ്‌ച

പ്രതീക്ഷയുടെ തിരിനാളങ്ങൾ



  ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ മനസ്സിൽ അനുനിമിഷം ഉദ്വേഗമുണർത്തിക്കൊണ്ട് കാൽപ്പന്ത് കളിയുടെ ആവേശപ്പോരാട്ടം റഷ്യൻ മണ്ണിൽ അരങ്ങ് തകർക്കുകയാണല്ലോ. വമ്പൻമാർക്ക് കാലിടറുന്നതും , പ്രതീക്ഷിക്കാത്തവർ മുന്നേറുന്നതുമെല്ലാം ലോകക്കപ്പിലെ സ്ഥിരം കാഴ്ചയാണ് .ഇത്തരത്തിൽ തങ്ങളുടെ ഇഷ്ടക്കാരുടെ ടീമുകൾ പ്രതീക്ഷകൾ തെറ്റിച്ച്  പരാജയപ്പെടുമ്പോൾ കൊടും നിരാശയിലേക്ക് വലിച്ചിഴക്കപ്പെടുന്നവർ ഇല്ലാതില്ല. കായിക വിനോദത്തെ ആ അർത്ഥത്തിൽത്തന്നെ കാണാനും ഉൾക്കൊള്ളാനും കഴിയാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കളിയെ കാര്യമായെടുക്കരുതെന്ന് അഭിജ്ഞർ പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല .
        കാൽപ്പന്തുകളിയുടെ ലോകചരിത്രത്തിൽ വ്യക്തമായ മേൽക്കൈയ്യുള്ള അർജന്റീനയുടെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിൽ മനംനൊന്തവർ അനേകരായിരുന്നു .കളിയെ കാര്യമായെടുത്ത് കടുംകൈക്ക് മുതിർന്നവരുമുണ്ടെന്നായിരുന്നു പലയിടത്തു നിന്നും കേട്ട വാർത്തകൾ .പ്രീ ക്വാർട്ടറിൽ കടക്കില്ലെന്നായിരുന്നു അവരൊക്കെ ഭയപ്പെട്ടത് . എന്നാൽ മൂന്നാം മൽസരത്തിൽ നൈജീരിയയെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ അർജന്റീന ഇടം പിടിച്ചും പുതിയ ചിത്രമായി .ആദ്യ രണ്ട് മൽസരങ്ങളിലും വേണ്ടത്ര മികവ് ലഭിച്ചില്ലെങ്കിലും ഇനിയും അവസരങ്ങൾ മുന്നിലുണ്ട് യോഗ്യതയിലെത്താൻ എന്ന തിരിച്ചറിവ് മേൽപ്പറഞ്ഞവർക്കില്ലാതെ പോയി എന്നതാണ് സത്യം .
  
         കാൽപ്പന്തുകളിയുടെ കാര്യത്തിൽ നിന്നാണ് പറഞ്ഞു തുടങ്ങിയതെങ്കിലും മറ്റ് ചില ജീവിത യാഥാർത്ഥ്യങ്ങളുമായി കോർത്തിണക്കാനാണ് ഈ വരികൾ കുറിക്കുന്നത് .ജീവിതയാത്രയിലെ ഏതെങ്കിലും ഒരു കാര്യത്തിൽ പരാജയപ്പെട്ടു അല്ലെങ്കിൽ എല്ലാം കൈവിട്ടു പോയി എന്ന് സ്വയം തീരുമാനിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ അടുത്ത അവസരങ്ങൾ കൂടിയുണ്ടെന്ന് മനസ്സിലാക്കണം .
          പ്രമുഖ മലയാള കവികളിലൊരാളായിരുന്ന ശ്രീ.പുനലൂർ ബാലന്റെ ഒരു കവിതാ ശകലം ഓർമ്മ വരികയാണ് .
'എല്ലാം നശിച്ചു പോയിട്ടില്ല പോകില്ല .,
വല്ലതും ശേഷിക്കുമെന്നു വിചാരിക്കെ.........' എന്നു തുടങ്ങുന്ന വരികൾ കാവ്യഭംഗികൊണ്ടു മാത്രമല്ല അതിലടങ്ങിയിരിക്കുന്ന സന്ദേശം കൊണ്ടും ഏറെ ശ്രദ്ധേയമാണ് .എല്ലാം നശിച്ചുപോയെന്നു ചിന്തിക്കാതെ, ശുഭപ്രതീക്ഷയോടെ വല്ലതും ശേഷിപ്പുണ്ടെന്ന് ചിന്തിച്ച് അതിൽ സന്തോഷിക്കണമെന്നാണ് കവിതാ സാരം .
        വിശുദ്ധ ബൈബിൾ വായിച്ചാൽ ദൈവാശ്രയത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത് ,ദൈവത്തിന്റെ അത്ഭുത പ്രവൃത്തികൾ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ അനേകരെ കാണാം .ഒരു തലമുറയെ ലഭിക്കില്ലെന്ന് നിനച്ച സ്ഥാനത്ത് നൂറാം വയസ്സിൽ ദൈവം അബ്രാഹാമിന് ഒരു പുത്രനെ നൽകി ആദരിച്ചില്ലേ? വനാനന്തരത്തിൽ ആടുകളെ മേയിച്ച് നടന്ന ദാവീദ് ഒരു രാജ്യത്തിന്റെ രാജസ്ഥാനത്തെത്തിയില്ലേ? എല്ലാം നശിച്ച് ഇല്ലാതായെന്ന് കരുതുന്ന സ്ഥാനത്ത് നിന്നാണ് സർവ്വശക്തൻ പുതിയതൊന്നിന് തുടക്കം കുറിക്കുന്നത് .ദൈവത്തിലുള്ള പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരിനാളങ്ങളാകണം ജീവിത യാത്രയുടെ ചുവടുവപ്പുകൾക്ക് വെളിച്ചം നൽകേണ്ടത് .