2018 ജൂലൈ 26, വ്യാഴാഴ്‌ച

മതമില്ലാത്ത പെന്തക്കോസ്ത്



കാഴ്ചക്കുറിപ്പുകൾ:         

                             മതമില്ലാത്ത പെന്തക്കോസ്ത്
                            =======================

       'മതമില്ലാത്ത ജീവൻ' എന്ന് പരക്കെ കേൾക്കാൻ തുടങ്ങിയത് 2006-ലെ കേരള സർക്കാരിന്റെ കാലത്തായിരുന്നു .അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എം.എ.ബേബി അവറുകൾ വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കാൻ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ നടത്തിയ ഉദ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് .അക്കൂട്ടത്തിൽ പരിഷ്കരിച്ച ഒരു പാഠപുസ്തകത്തിലെ ഒരു  കഥാപാത്രമായിരുന്നു ജീവൻ എന്ന കുട്ടി .വിഭിന്നമതക്കാരായ ദമ്പതികളുടെ  മതമില്ലാത്ത മകൻ ജീവൻ .ജാതി മത സ്വത്വബോധത്തിന്റെ അതിപ്രസരം  പരിഷ്കൃത സമൂഹത്തിൽ നിന്നും നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യമായിരുന്നിരിക്കണം മേല്പറഞ്ഞ പാഠ്യ പരിഷ്കരണങ്ങൾക്ക് പിന്നിൽ .തങ്ങൾക്ക് മതമില്ലെന്നു കാണിക്കാൻ നവസമൂഹങ്ങളിൽ ഒരു ചെറിയ കൂട്ടം ഏതു കാലത്തും ശ്രമിച്ചിട്ടുണ്ട്. എന്നാൽ മതമല്ലാത്ത ഒരു നവീകരണ ആത്മീയ സമൂഹത്തെ മതമാക്കി സാക്ഷ്യപത്രമുണ്ടാക്കാനുള്ള ഒരു ശ്രമത്തെക്കുറിച്ചാണ് ഇക്കുറി  'കാഴ്ചക്കുറിപ്പുകളിൽ 'പ്രതിപാദിക്കുന്നത് .
      പെന്തക്കോസ്ത് സമൂഹങ്ങൾ ഏതു കാലത്തും  തീക്ഷ്ണമായ ആത്മീയ അനുഭവങ്ങളുടേതായിരുന്നു. തങ്ങളുടെ പട്ടവും പള്ളിയും സ്ഥാനമാനങ്ങളുമെന്നു വേണ്ടാ സകലവും ത്യജിച്ച്  വിശ്വാസ ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്നവരുടെ ഏക സന്തോഷം ക്രിസ്തുവിലൂടെ നേടിയ രക്ഷയുടെയും പരിശുദ്ധാത്മ നിറവിന്റെയും  സന്തോഷമായിരുന്നു. ഭൗതിക നന്മകൾ ഗണ്യമാക്കാതെ നിത്യതയുടെ അർത്ഥവും വ്യാപ്തിയുമായിരുന്നു ഹൃദയങ്ങളെ അടക്കിവാണത് . ക്രിസ്തു മതമല്ല മാർഗമാണെന്നും ,പെന്തക്കോസ്ത് എന്നത് ഒരു അനുഭവമാണെന്നും പഠിപ്പിക്കുകയും ശക്തമായ വേർപാടിന്റെ ഉപദേശങ്ങൾ ഊന്നിപ്പറയുകയും ചെയ്തിരുന്നു.
            
                ആദ്യകാലങ്ങളിൽ സമൂഹത്തിൽ ഒട്ടും പരിഗണന കിട്ടിയില്ലെന്നു മാത്രമല്ല ,അടിച്ചമർത്തലിന്റെയും ഭ്രഷ്ടരാക്കി നിർത്തിയതിന്റെയുമൊക്കെ വേദനിപ്പിക്കുന്ന സംഭവങ്ങളും വിരളമല്ലായിരുന്നു. അക്കാലങ്ങളിലും തങ്ങൾ പെന്തക്കോസ്തരാണെന്ന് നെഞ്ചുറപ്പോടെയും അഭിമാനത്തോടെയും എവിടെയും വിളിച്ചു പറയാൻ മുൻ മുറക്കാർക്കായി .തങ്ങളുടെ മക്കളുടെ സ്കൂൾ സർട്ടിഫിക്കേറ്റുകളിൽ മതത്തിന്റെ ' സ്ഥാനത്ത് പെന്തക്കോസ്ത് എന്ന് ചേർക്കാൻ ധൈര്യം കാട്ടിയ ധാരാളം മാതാപിതാക്കന്മാരും മക്കളുമൊക്കെ ആദ്യ തലമുറകളിൽത്തന്നെ ഉണ്ടായിരുന്നു .അതൊന്നും ഏതെങ്കിലും പ്രത്യേക പരിഗണനകൾക്ക് വേണ്ടിയായിരുന്നില്ല. മറിച്ച് തങ്ങളുടെ വിശ്വാസത്തെ. പരസ്വമായി നെഞ്ചോട് ചേർത്ത് പിടിക്കാൻ വേണ്ടിയായിരുന്നു .ആത്മീയ സന്തോഷത്തിനായിരുന്നു ഏവരും വില കൊടുത്തത് .കാലാകാലങ്ങളിൽ മാറി വന്ന ഭരണാധികാരികളിൽ നിന്നോ, പൗരസമിതികളിൽ നിന്നോ ഒന്നും പ്രത്യേക പദവിയോ സംരക്ഷണമോ, മതമെന്ന പ്രത്യേക ആനുകൂല്യമോ ഒന്നും ലഭിച്ചതുകൊണ്ടല്ല  പെന്തക്കോസ്ത് വളർന്നത്. വളരുമാറാക്കിയ ദൈവത്തിന്റെ കരം ഒപ്പമുണ്ടായിരുന്നതിനാലാണ്. എന്നാൽ കാലാന്തരേണ അനുഭവം അനുകരണത്തിനും അഭിനയത്തിനുമൊക്കെ വഴിമാറുമ്പോൾ, സഭ സംഘടനയിലേക്കും, പ്രസ്ഥാനത്തിലേക്കും, എന്തിന് ഒരു മതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കുമൊക്കെ ഗതി മാറ്റം നടത്തുമോ എന്ന് ആശങ്കപ്പെടുന്നവരും ഇല്ലാതില്ല .
          ഇത് കുറിക്കാനിടയായ സാഹചര്യം പെന്തക്കോസ്തരെ ഒരു പ്രത്യേക മതവിഭാഗമായി ഗണിക്കാൻ പോകുന്നു എന്ന വാർത്ത വലിയ ആഘോഷമായി ചിലരെങ്കിലും കാണുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് .നമ്മുടെ സുവിശേഷ പ്രവർത്തകർക്കും ശുശ്രൂഷകന്മാർക്കുമെതിരെ ആക്രമണങ്ങൾ നടക്കുമ്പോഴും യോഗങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുമ്പോഴുമൊക്കെ ഒരു ജനാധിപത്യ ഭരണകൂടത്തിൽ നിന്നു ലഭിക്കേണ്ട സംരക്ഷണവും സ്വാതന്ത്ര്യവുമൊക്കെ നേടിയെടുക്കാർ ശ്രമിക്കുന്നതിൽ അപാകതയുണ്ടെന്ന് കരുതുന്നില്ല .അതിനു വേണ്ടി വേർപെട്ട ഒരു സമൂഹത്തെ ,പ്രത്യേക മതവിഭാഗമായി കണക്കാക്കുന്നത് പര്യാപ്തമെന്നും ചിന്തിക്കാനാവില്ല .
         ഒരിക്കൽ കടുത്ത യാഥാസ്ഥിതിക സമുദായ സഭയിൽ നിന്ന് പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന ഒരു യുവാവിനോട് മറ്റൊരാൾ ചോദിച്ചു - "താങ്കൾ പഴയ സമുദായ സമൂഹത്തിൽ  നിന്നും വേർപെട്ട വിശ്വാസത്തിൽ വന്നതിൽ ഇപ്പോൾ എന്തു തോന്നുന്നു ?" എന്ന്.  ഉരുളക്ക് ഉപ്പേരി എന്ന പോലെ പുതിയതായി വിശ്വാസലോകത്തെത്തിയ ആ സഹോദരൻ പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.
" ആ സമൂഹത്തിലെ കുറവുകളും, അനാചാരങ്ങളും ഇവിടേക്ക് വരാൻ പ്രേരിപ്പിച്ചു. എന്നാൽ ഇവിടത്തെ കുറവുകൾ കാണുമ്പോൾ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്നും ചിന്തിപ്പിക്കുന്നു. അവിടത്തെപ്പോലെ തന്നെയാണ് ഇവിടെയുമെങ്കിൽ ഇങ്ങോട്ട് വരേണ്ട കാര്യമില്ലായിരുന്നല്ലോ "- എന്നായിരുന്നു ആ മറുപടി.
            ഒരു മത വിഭാഗമായി പരിഗണിക്കുന്നതു കൊണ്ട് എന്തെങ്കിലും പ്രത്യേക ആത്മീയ ഉന്നതി ലഭിക്കുമെന്നും കരുതാൻ തരമില്ല. മതത്തിന്റെ ചട്ടക്കൂട്ടിലാക്കി ,അധികാര ചിഹ്നവും അംശവടിയുമൊക്കെയുള്ള പഴയ സമുദായ ചുറ്റുപാടിലേക്ക് വലിച്ചിഴയ്ക്കാനിടയാക്കുന്നത് നല്ലതല്ല .തീവ്രമായ അനുഭവങ്ങളെ മതമാക്കി കാണരുതെന്നു തന്നെയാണ്  'കാഴ്ചക്കുറിപ്പിന് ' വിനീതമായി പറയാനുള്ളത് .മതമില്ലാത്ത പെന്തക്കോസ്ത് ,അല്ലെങ്കിൽ അനുഭവങ്ങളുടെ പെന്തക്കോസ്ത് എന്ന് പറയാനാണ് ഏറെ ഇഷ്ടം.
===============================================
SAM .T.MICHAEL ELAMPAL