ആധുനിക കാലത്ത് ജീവിത ശൈലികളിൽ പ്രത്യേകിച്ച് ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിൽ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അനിവാര്യമെന്ന് കരുതുന്നവർ വിരളമല്ല. 'ഫാസ്റ്റ്ഫുഡ്' സംസ്കാരവും ,മൃദു പാനീയങ്ങളും, കരിപിടിക്കാത്ത 'നോൺ സ്റ്റിക് ' പത്രങ്ങളിൽ പാകം ചെയ്തെടുക്കുന്ന ആഹാരസാധനങ്ങളും അടക്കിവാഴുന്ന ഒരു കാലമാണിത്. പഴയ കാലത്തെ വിറകടുപ്പിന്റെ സ്ഥാനമപഹരിച്ച് മൈക്രോവേവ് ഓവൻ', 'ഇൻഡക്ഷൻ കുക്കർ ', തുടങ്ങി ആധുനിക സംവിധാനങ്ങൾ അടുക്കളക്കകത്ത് മാന്യമായ സ്ഥാനം അലങ്കരിക്കുന്നു .
എന്നാൽ ചെറിയൊരുവിഭാഗമാളുകളുടെയെങ്കിലും ഇത്തരം ചിന്താധാരകളെ വിപരീത ദിശയിൽ ചലിപ്പിച്ചത് ,സമൂഹത്തിൽ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ടാണ്. ലോഹപ്പാത്രങ്ങൾക്കും, ടെഫ്ളോൺ പൂശിയ 'നോൺസ്റ്റിക് 'പാത്രങ്ങൾക്കും പകരം പഴയ രീതിയിലെ മൺപാത്രങ്ങളിലെ വ്യാപക ഉപയോഗത്തിലേക്ക് മടങ്ങേണമെന്ന ചിന്താഗതിയാണ് ചെറിയ തോതിൽ പ്രബലപ്പെട്ടു വരുന്നത്. അതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് അലൂമിനിയം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ലോഹപ്പത്രങ്ങൾ ഭക്ഷണവുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നത് നിമിത്തം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ വിളിച്ച് വരുത്തിയേക്കാമെന്ന തിരിച്ചറിവായിരിക്കണം.
ഒരു കാലത്ത് നമ്മുടെ നാട്ടിൽ കളിമൺ കൂജകളുടെയും, മൺചിരാതുകളുടെയും ,മൺചട്ടികളുടെയുമൊക്കെ പ്രതാപ കാലമായിരുന്നു. അക്കാലത്ത് മൺപാത്ര നിർമാണവും, മറ്റ് കരകൗശല വസ്തുക്കളുടെ വിപണനവും അനേകർക്ക് തൊഴിൽ നൽകിയ പ്രധാന കുടിൽ വ്യവസായങ്ങളിലൊന്നായിരുന്നു. ഇക്കാലത്ത് കളിമണ്ണിന്റെ ലഭ്യതയില്ലാതായി വരുന്നതും, പാരിസ്ഥിതിക പ്രശ്നങ്ങളും,ലോഹപ്പാത്രങ്ങളുടെ വ്യാപക ഉപയോഗങ്ങളും ഇത്തരം സംരംഭങ്ങളുടെ നടുവൊടിച്ചെന്നു വേണം പറയാൻ.
ഏതാണ്ട് നവീന ശിലായുഗം മുതലാണ് മനുഷ്യർ, അതിപ്രധാന നാഴികക്കല്ലായ കളിമൺപാത്ര നിർമ്മാണത്തിലേക്ക് കടന്നതെന്നാണ് കരുതുന്നത്.പിന്നീടിങ്ങോട്ട് വിവിധോദ്ദേശ്യങ്ങൾക്കായി പലരുപത്തിലും ഭാവത്തിലുമൊക്കെയുള്ള വസ്തുക്കളും കളിമണ്ണ് കൊണ്ട് നിർമ്മിച്ചു തുടങ്ങി.ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചു വെക്കാനും മാത്രമല്ല കുടിവെള്ളം പകർന്നു വെക്കാനുമൊക്കെ ഉപയോഗിച്ചിരുന്നു.കൂടാതെ കളിമണ്ണ് കൊണ്ട് മെനഞ്ഞെടുത്ത മനോഹരമായ അലങ്കാര വസ്തുക്കളും പൂച്ചെട്ടികളുമൊക്കെ ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ വിരലടയാളം കൂടിയായിരുന്നു.
ഓരോ മൺപാത്രങ്ങളും രൂപപ്പെടുന്നതു സവിശേഷ സാഹചര്യങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ്. കളിമണ്ണിനെ കുശവൻ ചവിട്ടിമെതിച്ച് അതിലെ കരടുകളൊക്കെ നീക്കം ചെയ്ത് ഉപയോഗിക്കത്തക്കതാക്കിത്തീർക്കുന്നു.ഇതിനെ മനോഹരമായ പാത്രങ്ങളോ അലങ്കാര വസ്തുക്കളോ ഒക്കെയാക്കി മാറ്റിയതിനു ശേഷം തീച്ചൂളയിലൂടെ കടത്തിവിട്ടതിനു ശേഷമാണ് ഈ സൃഷ്ടികൾ ഉറപ്പും ഭംഗിയുമൊക്കെ ഉള്ളതായി മാറുന്നത്. സമ്മർദ്ദമുള്ള ജീവിതാനുഭവങ്ങളും പേറി, കനൽവഴികളും താണ്ടിയാണ് കുശവന്റെ കയ്യിലെ കളിമണ്ണ് മനോഹരമായ പാത്രങ്ങളായിത്തീരുന്നതെന്ന സത്യം ചില ഓർമ്മപ്പെടുത്തലുകളാണ് തരുന്നത്.
മനുഷ്യജീവിതങ്ങളെ മൺപാത്രങ്ങളോട് തുലനം ചെയത് ചിന്തിച്ചാൽ നാമോരോരുത്തരും സൃഷ്ടാവായ ദൈവത്തിന്റെ കരങ്ങളിലെ വെറും കളിമണ്ണ് മാത്രമാണ്. അവിടുന്ന് നമ്മെ ഉറപ്പും ഭംഗിയുമുള്ള പാത്രങ്ങളാക്കി പ്രയോജനപ്പെടുത്താനായി അനേക ശുദ്ധീകരണ, സംസ്കരണ പ്രക്രിയകളിലൂടെ കടത്തിവിടുന്നു. നമ്മെ ശുദ്ധീകരിക്കാനും ഉറപ്പിക്കാനുമൊക്കെ അവിടുത്തേക്കു മാത്രമേ കഴിയുകയുള്ളു എന്ന വാസ്തവം മറക്കരുത്. ഇപ്പറഞ്ഞ വസ്തുതകളൊക്കെ ചൂണ്ടിക്കാട്ടിയത്, ഈ കേവലം മൺപാത്രങ്ങൾ മാത്രമായ നമ്മിൽ പകർന്ന ദൈവകൃപയുടെ മാഹാത്മ്യം ഗ്രഹിക്കാവുന്നതിലും എത്രയോ വലുതാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ്. ( "കൃപയിന്നത്യന്ത ധനം , മൺപാത്രങ്ങളിൽ പകർന്നൂ..... " എന്നു തുടങ്ങുന്ന അനുഗ്രഹീത ഗാനത്തിന്റെ ഈരടികൾ ഈ സമയം ഹൃദയത്തിന്റെ അഭ്രപാളികളിൽ തെളിയുന്നു).
കളിമൺ പാത്രങ്ങളുടെ നിർമ്മാണം ,ഉപയോഗം തുടങ്ങി അത് നൽകുന്ന ഒരു വലിയ സാരാംശം കൂടിയുണ്ട് നമുക്ക് സ്വായത്തമാക്കുവാൻ. മൺപാത്രങ്ങളുടെ ഗുണ ഗണങ്ങൾ അനവധിയുണ്ടെങ്കിലും, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഉടഞ്ഞുപോകുമെന്ന സാരാംശം ഒരു തിരിച്ചറിവാണ് നൽകുന്നത്. ഒരേ സമയം മനുഷ്യജീവിതത്തിന്റെ അമുല്യതയെയും നൈമിഷികതയേയും,വിചാരിച്ച് സൂക്ഷ്മതയോടെ ജീവിതം നയിക്കേണമെന്ന വലിയ മുന്നറിയിപ്പും!!
=====================================*=====
#കളിമൺ_പാത്രങ്ങൾ #ഫാസ്റ്റ്ഫുഡ്
#ജീവിതശൈലി #നോൺസ്റ്റിക്_പാത്രങ്ങൾ
#കുശവന്റെ_കയ്യിലെ_കളിമണ്ണ്
#ദൈവകൃപയുടെ_മാഹാത്മ്യം
