2018 സെപ്റ്റംബർ 16, ഞായറാഴ്‌ച

പൗരത്വ രജിസ്റ്ററിനുള്ളിലോ പുറത്തോ?

==============================================
കാഴ്ചക്കുറിപ്പുകൾ:                   


                  പൗരത്വ രജിസ്റ്ററിനുള്ളിലോ പുറത്തോ?
                   =============================
                    പൗരത്വം എന്ന വാക്കിന് രാഷ്ട്രമീമാംസയിൽ മാത്രമല്ല ഓരോ വ്യക്തിയുടെ ജീവിതത്തിലും അനിർവ്വചനീയവും  അതിപ്രധാനവുമായ സ്ഥാനമാണുള്ളത്.ഭരണഘടനാനുസൃതം മുന്നേറുന്ന ഏതൊരു രാജ്യത്തിലും തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് വ്യക്തവും ദൃഢവുമായ നിർവ്വചനങ്ങൾ നൽകിയിരിക്കും. നമ്മുടെ നാട്ടിൽ പ്രായപൂർത്തിയായ പൗരന്മാരുടെ ഭരണഘടനാപരമായ പ്രധാന  അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാശം. റേഷൻ കാർഡ്, പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്, തുടങ്ങി ഏറ്റവുമൊടുവിൽ ഏറെ സവിശേഷതകളോടെ ആധാർ കാർഡും പൗരന്മാരുടെ തിരിച്ചറിയൽ രേഖകളായി ഗണിക്കപ്പെടുന്നു.. അനേക വ്യക്തിവിവരങ്ങളടങ്ങിയ ആധാർ കാർഡ് അതുല്യമാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ,ആക്ഷേപങ്ങളും ആവലാതികളും ഇപ്പോഴും നില്ക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നിരുന്നാലും ഏറെക്കുറെ എല്ലാ സർക്കാർ സേവനങ്ങളും ആധാറുമായി യോജിപ്പിക്കുന്ന തിരക്കിലാണ് ബന്ധപ്പെട്ടവർ.
          ഏതു കാലത്തും വിവിധ കാരണങ്ങളാൽ സ്വന്തനാടും വീടും ഉപേക്ഷിച്ച് കനൽവഴികളിലൂടെ നടന്ന്,അഭയാർത്ഥികളായി ജീവിച്ചവരെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര കലഹങ്ങളും മൂലം പാലായനം ചെയ്യുമ്പോൾ ,മറ്റ് ചിലർ തങ്ങളുടെ നാട്ടിലെ ദാരിദ്ര്യവും പട്ടിണിയുമൊക്കെ നിമിത്തം മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. വംശീയ വിദ്വേഷത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരും ഇല്ലാതില്ല. മദ്ധ്യപൂർവ്വദേശത്തെ സിറിയൻ അഭയാർത്ഥികളും, മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളുമൊക്കെ ലോക മന:സാക്ഷിയെ സ്പർശിച്ചത് ഇനിയും മറക്കാറായിട്ടില്ല. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങളും ഒരു വേള പൊതു സമൂഹത്തിൽ  ചർച്ച ചെയ്യപ്പെട്ടതും അധികനാളുകൾക്ക് മുമ്പല്ലെന്നതും ഓർക്കണം.പല യൂറോപ്യൻ രാജ്യങ്ങളും ,ലാറ്റിനമേരിക്കൻ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്ക് വർഷങ്ങൾക്ക് ശേഷം അനുഭാവപൂർവ്വം  പൗരത്വം നൽകിയിട്ടുണ്ടെന്ന വസ്തുതയും കുറിക്കട്ടെ.
   മേൽപ്പറഞ്ഞ വസ്തുതകളൊക്കെ " കാഴ്ചക്കുറിപ്പുകളിൽ "
കോറിയിടാൻ കാരണം ഇതിന് സമാനമായ മറ്റൊരു സാഹചര്യം മാധ്യമദ്വാരാ  സജീവ ചർച്ചകളിലിടം പിടിച്ചതിനാലാണ്. ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിൽ ഈയിടെ പുറത്തിറങ്ങിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയുടെ ചുവട് പിടിച്ചായിരുന്നു ചർച്ചകൾ. മേൽ ഉദ്ധരിച്ച ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് രൂപത്തിൽ നിന്നും ഏകദേശം നാല്പത് ലക്ഷം പേർ പുറത്തായതായിരുന്നു സഗൗരവ വാദവിവാദങ്ങൾക്ക് വഴിമരുന്നിട്ടത്.പ്രത്യേക കാലയളവിനുള്ളിൽ തൊട്ടടുത്ത അയൽ രാജ്യത്ത് നിന്നും മറ്റുമായി ഇത്രയും പേർ അനധികൃതമായി കുടിയേറിയതായിരുന്നെന്നായിരുന്നു അധികൃതരുടെ നിലപാട്. പല പൗരപ്രമുഖരുടെയും കുടുംബാംഗങ്ങൾ ഉൾപ്പെടെ നിയമാനുസൃതം കാലങ്ങളായി സംസ്ഥാനത്ത് ജീവിച്ച ചില പ്രമുഖരും പട്ടികക്ക് പുറത്തായത് ആശങ്കയും കൗതുകവും ജനിപ്പിച്ചതും മറ്റൊരു കാര്യം.
    ആസ്സാമിലെ കുടിയേറ്റത്തിന്റെ ചിത്രത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തുവന്നതോടെയാണ് അതിരൂക്ഷമായ തത്സ്ഥിതി വീണ്ടും സമൂഹമധ്യത്തിലെത്തിയത്. പൗരത്വ ലിസ്റ്റിൽ ഇടം പിടിക്കാത്തവരുടെ സ്ഥിതി ഏറെ ദയനീയവുമായിത്തീരും. സർക്കാർ സേവനങ്ങൾ ലഭിക്കാതെയും, തൊഴിലുറപ്പില്ലാതെയും അരക്ഷിതരായി മുമ്പോട്ട് പോകേണ്ട അവസ്ഥ. ഒരു പക്ഷേ തങ്ങളുടെ രാജ്യത്തെ ദാരിദ്ര്യവും അതിജീവനത്തിന്റെ ബുദ്ധിമുട്ടുകളുമൊക്കെയാവാം ഇത്തരത്തിൽ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. കാലക്രമേണ അതാത് ഭരണകൂടത്തിന്റെ സംരക്ഷണവും, പിന്നീട് പൗരത്വമൊക്കെ ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലുകളാണ് പിഴച്ചത്. അവിടെയും ഇവിടെയുമില്ലെന്ന സങ്കീർണ്ണമായ മാനുഷിക പ്രശ്നം കൊടും ദാരിദ്യത്തിലേക്കും പട്ടിണിയിലേക്കു വരെ കൊണ്ടെത്തിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്.
 
    ഈയൊരു സമകാലിക സമസ്യയിലൂടെ ഒരു ആത്മീയ സന്ദേശം ഒർമ്മപ്പെടുത്തുകയാണ്. ദൈവമക്കളായ നമ്മുടെ ഓരോരുത്തരുടെയും ഭൗമ ജീവിതം ഏതാണ്ട് ഒരു പ്രവാസ ജീവിതമോ അല്ലെങ്കിൽ പരദേശ വാസമോ ഒക്കെയാണ് .ഈ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുമ്പോഴും ,അതാത് രാജ്യങ്ങളുടെ നിയമാനുസൃതം ജീവിക്കുമ്പോഴും മറക്കരുതാത്ത പ്രധാനപ്പെട്ട ഒരു മർമ്മമുണ്ട് .നാം നോക്കി പാർക്കുന്ന കാണപ്പെടാത്ത ഒരു നിത്യ രാജ്യം നമുക്കുണ്ടെന്ന മർമ്മമാണത്.കാണപ്പെടുന്ന ഈ ലോകരാജ്യമല്ല, മറിച്ച് കാണപ്പെടാത്ത നിത്യ രാജ്യത്തിന്റെ പൗരന്മാരാണ് നാമെന്ന ഉറപ്പും ധൈര്യവുമായിരിക്കണം ജീവിത യാത്രയിൽ നമ്മെ നയിക്കേണ്ടത്.
  പൗരത്വത്തിന്റെ മൂല്യവും വ്യാപ്തിയും അതിമഹത്തരമാണ്. പലപ്പോഴും ഉപജീവനാർത്ഥമോ മറ്റേതെങ്കിലും കാരണത്താലോ പ്രവാസ ജീവിതം നയിക്കുന്നവരുടെ മനസ്സിനെ മഥിക്കുന്ന ചിന്തകളും കൂറും എപ്പോഴും തങ്ങൾക്ക് പൗരത്വമുള്ള രാജ്യത്തെക്കുറിച്ചായിരിക്കും. മറുനാട്ടിൽ അധ്വാനിക്കുന്നതും ഓടുന്നതുമെല്ലാം മാതൃരാജ്യത്തിൽ എന്തെങ്കിലുമൊക്കെ സ്വരുക്കൂട്ടാനും ,ജോലി വിട്ടാലും സ്വന്തം നാട്ടിൽ ശിഷ്ടകാലം കഴിക്കാനുമൊക്കെയായിരിക്കും. ഏത് അടിയന്തര സാഹചര്യത്തിലും മാതൃരാജ്യം തിരികെ വരാൻ ആവശ്യപ്പെട്ടാൽ ,ഒരുക്കമുള്ളവരായിരിക്കേണമെന്നതും വസ്തുതയാണ്. ഇപ്രകാരം ലിബിയയിൽ നിന്നും മറ്റും ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചതും ഓർക്കുമല്ലോ. ഇതിനൊക്കെ വലിയ ആത്മീയ അർത്ഥ തലങ്ങൾ ഉണ്ടെന്നതും അവിതർക്കിതമായ വസ്തുതയല്ലേ!.
   നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാകുന്നു എന്ന പൗലോസിന്റെ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്(ഫിലി: 3:20). ഈ ലോകത്തിൽ എന്തെങ്കിലുമൊക്കെ നേടിയാലും ഇല്ലെങ്കിലും ,വരുവാനുള്ള നിത്യ രാജ്യത്തിലെ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താകരുതേ!
അതേ പോലെ തന്നെ ഭൂമിയിലുള്ളത് ചിന്തിക്കാതെ ഉയരത്തിലുള്ളത് തന്നെ ചിന്തിക്കാം. മാതൃരാജ്യത്തിലേക്കുള്ള പുറപ്പാടിനുള്ള  കാഹളം എപ്പോഴാണ് മുഴങ്ങുന്നതെന്നറിയില്ല. ഒരുങ്ങിയിരിക്കണം, അവിടത്തെ പൗരത്വ രജിസ്റ്ററിൽ പേരുണ്ടെന്ന് ഉറപ്പിക്കയും ചെയ്യണം.
==============================================

2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

കടൽക്കരയിലെ മണൽത്തരികൾ പറയാതെ പറയുന്നത് !!!


കടൽക്കരയിലെ മണൽത്തരികൾ പറയാതെ പറയുന്നത് !!!
===============================================
            നിർമ്മാണ മേഖലക്ക് അവശ്യം വേണ്ടുന്ന വസ്തുവാണ് മണൽ .പുഴകളിലൂടെയോ അല്ലെങ്കിൽ ഏതെങ്കിലും ഒഴുക്കു വെള്ളത്തിലൂടെയോ പാറക്കല്ലുകൾ ചലിച്ച്, പൊടിഞ്ഞ് അതിൽ  നിന്നാണ് മണലുണ്ടാകുന്നതെന്ന്  എവിടെയോ വായിച്ചതോർക്കുന്നു .അപ്രകാരം പുഴകളിൽ പാറകൾ പൊടിഞ്ഞുണ്ടാകുന്ന മണലാണ് വ്യാപകമായി നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ഉപയോഗിക്കുന്നത് .
               എന്നാൽ കടൽത്തീരത്തെ മണലിന്റെ നിലവാരം മറ്റൊരു തരത്തിലുള്ളതാണ് .ഉപ്പുരസത്തിന്റെ സാന്നിദ്ധ്യം മൂലം നിർമ്മാണത്തിന് ഉപകരിക്കില്ലെന്നായിരുന്നു വയ്പ് .ചില പ്രക്രിയകളിലൂടെ കടത്തി ശുദ്ധീകരിച്ചാൽ കടൽക്കരയിലെ മണലും നിർമ്മാണമേഖലയിൽ ഉപകരിക്കുമെന്ന്‌ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് .പല മുൻനിര രാജ്യങ്ങളിലും ഇതിനോടകം തന്നെ കടൽത്തീരത്ത് നിന്ന് ശേഖരിക്കുന്ന മണൽ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്നതായാണറിവ് .
                കടൽക്കരയിലെ മണലിനെക്കുറിച്ച് പറയുമ്പോൾ ഒരു ശരാശരി വേദപഠിതാവിന്റെ ദൃഷ്ടി  പ്രധാനപ്പെട്ട ചില വസ്തുതകളിലൂടെ കടന്നു പോകാതിരിക്കില്ല. അതിലൊന്ന് സർവ്വശക്തനായ ദൈവം കടലിനെ മണൽത്തരികൾ കൊണ്ടാണ് അതിരിട്ടതെന്ന സത്യത്തിലേക്കാണ് ( യിരെമ്യാവ്: 5:22). മറ്റൊന്ന് അബ്രാഹാമിനോടുള്ള സർവ്വശക്തനായ ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ പശ്ചാത്തലത്തിലും .ഞാൻ നിന്റെ സന്തതിയെ കടൽക്കരയിലെ മണൽപോലെ വർദ്ധിപ്പിക്കുമെന്ന ദൈവീക വാഗ്ദത്തത്തിലടങ്ങിയ ആത്മീയ അർത്ഥതലങ്ങൾ ഏറെ ആഴത്തിലുള്ളതാണ് (ഉല്പ: 22:17).മണലിനെ എണ്ണിത്തീർക്കാൻ കഴിയാത്തതുപോലെ അബ്രഹാമിന്റെ സന്തതി പരമ്പരകളെ  എണ്ണത്തിൽ പെരുപ്പമുള്ളവരാക്കും എന്നർത്ഥം .അതേ പോലെ തന്നെ അടിക്കടി ഉയർന്നു വരുന്ന തിരമാലകളേറ്റ് മണൽത്തരികൾ  അനുനിമിഷം ശുദ്ധീകരിക്കപ്പെടുന്ന പോലെ ഈ വംശാവലി അനുദിന ജീവിതത്തിൽ ലവലേശം മാലിന്യപ്പെടാതെ വിശുദ്ധരായിരിക്കേണമെന്നും വ്യംഗ്യം .
            കടൽത്തീരത്തെ മണൽത്തരികളെക്കരിച്ചുള്ള പരിമിതമായ അറിവുകളെ മറ്റൊരു ദിശയിലേക്ക് നയിച്ചത് നാളുകൾക്ക് മുമ്പ് കരിമണൽ ഖനനം സംബന്ധിച്ച വാർത്തകൾ സുലഭമായതോടെയായിരുന്നു.കടൽക്കരയിലെ മണലിന്റെ അനന്ത സാധ്യതകളെപ്പറ്റി സാമാന്യ ജനത്തിലെ നല്ലൊരു ശതമാനം പേരും ഒരു പക്ഷേ മനസ്സിലാക്കിത്തുടങ്ങിയതും അക്കാലങ്ങളിലായിരിക്കാം .നമ്മുടെ വിവിധ പ്രദേശങ്ങളിലെ കടലോരത്തു ലഭ്യമാകുന്ന മണലിൽ അടങ്ങിയിരിക്കുന്ന ധാതു സമ്പത്തിന്റെ മൂല്യവും ,അനധികൃതമായി ഇതു കടത്തിക്കൊണ്ടു പോവുമ്പോൾ സംസ്ഥാന ഖജനാവിനുണ്ടാകുന്ന കോടികളുടെ നഷ്ടവും മാധ്യമ ചർച്ചകളെ ചൂടുപിടിച്ചപ്പോഴാണ്  കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമായത് .
        കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടൽത്തീരങ്ങളിൽ പ്രത്യേകിച്ച് ചവറ തുടങ്ങിയ പ്രദേശങ്ങളിൽ ലഭ്യമാകുന്ന കരിമണലിൽ വിവിധ തരത്തിലുള്ള അമൂല്യധാതുക്കൾ അടങ്ങിയതാണെന്ന കണ്ടെത്തലിന് നാളുകളുടെ പഴക്കമുണ്ട് .ഇൽമിനൈറ്റ്, സിലിമിനൈറ്റ്, സിർക്കോൺ ,മോണസൈറ്റ്, റൂട്ടെയ്ൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന അനേകം ധാതുക്കളുടെ സാന്നിധ്യം വ്യവസായ വികസനത്തിന് കുതിപ്പേകാനുതകുന്നതാണ് .ഇതിൽ ഇൽമനൈറ്റ്, റൂട്ടെയ്ൽ എന്നിവയിൽ നിന്നു സംസ്കരിച്ചെടുക്കുന്ന ടൈറ്റാനിയത്തിന് ആണവോർജ്ജ ഉല്പാദന രംഗത്തും, മറ്റ് ആധുനിക സാങ്കേതിക വിദ്യാ രംഗത്തും ഗണ്യമായ സ്ഥാനമാണുള്ളത്. ഇങ്ങനെ ഒട്ടനവധി വാണിജ്യ പ്രാധാന്യമുള്ള മൂല്യവർദ്ധിത വസ്തുക്കൾ മണൽത്തരികളിൽ ഒളിച്ചിരിപ്പുണ്ടെങ്കിൽ അതിന്റെ വില കുറച്ച് കാണാൻ ആർക്കെങ്കിലും കഴിയുമോ?
          മേൽപ്പറഞ്ഞ വസ്തുതകളൊക്കെ നിരത്തിയത് ചില ആത്മീയ സത്യങ്ങളുമായി കോർത്തിണക്കിനാണ് .അബ്രഹാമിന്റെ സന്തതിപരമ്പരകളെ കടൽക്കരയിലെ മണൽപോലെ വർദ്ധിപ്പിക്കുമെന്ന സർവ്വശക്തന്റെ അനുഗ്രഹവാക്കുകൾക്ക് അർത്ഥ തലങ്ങൾ ഏറെയാണ്.അത് കേവലം എണ്ണത്തിലെ പെരുപ്പമോ, അല്ലെങ്കിൽ അനുദിന ശുദ്ധീകരണമോ, അതും അല്ലെങ്കിൽ കരുത്തേറിയ തിരമാലകളെ അതിരിടാൻ തക്ക സംഘബലമോ ഒക്കെ മാത്രമായി കാണരുത്. ചരിത്രത്തിൽ ആരും  കണ്ടിട്ടില്ലാത്തത്ര അമൂല്യമായ വസ്തുക്കൾ ഈ മണൽത്തരിക്കൾക്കിടയിൽ സൃഷ്ടാവ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നതാണ് സത്യം. ഒരു പക്ഷേ ലോകത്തിന്റെ മുഴുവൻ ഊർജാവശ്യങ്ങൾക്കും ഉതകത്തക്ക നിലയിൽ ആണവോർജ്ജ ഉല്പാദനത്തിനുതകുന്ന അസംസ്കൃത വസ്തുക്കളും ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്.
         പലപ്പോഴും ദൈവമക്കൾ എന്നഭിമാനിക്കുന്നവർ തങ്ങളുടെ യഥാർത്ഥ മഹാത്മ്യം തിരിച്ചറിയണമെന്നില്ല. തങ്ങളുൾപ്പെടുന്ന സഭയുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ ആൾബലവും സംഘടനാ ചട്ടക്കൂടിന്റെ മികവുമൊന്നുമല്ല ഒരു ദൈവപൈതലിന്റെ ജീവിതാധാരം.മറിച്ച് ഒരു ആത്മീയനെ മൂല്യമുള്ളതാക്കുന്നത് തന്റെ ഉള്ളിലെ പരിശുദ്ധാത്മ സാന്നിദ്ധ്യമാണ്.കടൽക്കരയിലെ മണൽത്തരികളിലൊളിഞ്ഞിരിക്കുന്ന അമൂല്യ ധാതുക്കളെപ്പോലെ ആത്മാവിന്റെ ഫലങ്ങളും വരങ്ങളും നമ്മിലൂടെ വെളിപ്പെടേണ്ടതാണ്. ലോകത്തെ ഇളക്കിമറിക്കാൻ വേണ്ട ആണവോർജ്ജത്തിനുതകുന്ന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ കരിമണലിൽ ഉള്ളത് പോലെ, അതിലും വലിയ ദൈവശക്തിയുടെ സാന്നിദ്ധ്യമാണ് നമ്മെ മറ്റുള്ളവരിൽ നിന്നും തികച്ചും വിഭിന്നരാക്കുന്നത്. ആർത്തലച്ചു വരുന്ന തിരമാലകളെ  കടൽത്തീരത്തെ മണൽ പ്രതിരോധിക്കുന്നതു പോലെ ഏതു വലിയ പ്രതിസന്ധികളെയും തടഞ്ഞു നിർത്താനോ നിഷ്ക്രിയമാക്കാനോ ഉള്ള ദൈവശക്തിയാണ് നമ്മിൽ വ്യാപരിക്കുന്നതെന്ന തിരിച്ചറിവും ജീവിതയാത്രയിൽ നമുക്ക നിവാര്യമാണ് .ആയതിനാൽ നമ്മിലെ ദൈവശക്തിയുടെ വലിപ്പവും മഹിമയും തിരിച്ചറിഞ്ഞാകണം ജീവിതയാത്രയിലെ ഓരോ ചുവട് വയ്പുമെന്നതാണ് സത്യം. അത്രക്ക് മൂല്യമുള്ളവരായിട്ടാണ് ദൈവം നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ചത്.
===== * =====*===== * =====*===== * =====*=====