2017 നവംബർ 7, ചൊവ്വാഴ്ച

നോട്ടു നിരോധനത്തിന്റെ ഓർമ്മകൾ നമ്മെ പഠിപ്പിക്കുന്നത് !


       നോട്ടു നിരോധനത്തിന്റെ ഓർമ്മകൾ, നമ്മെ പഠിപ്പിക്കുന്നത് !

                                                                   www.samtmichael.blogspot.com
                                     
                                  ഓരോ ഇന്ത്യക്കാരനും  എന്നും സ്നേഹാദരവുകളോടെ  ഓർക്കുകയും കൊണ്ടാടുകയും ചെയ്യുന്ന  ചില ദിവസങ്ങളാണ് സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം ,ഗാന്ധി ജയന്തി തുടങ്ങിയവ  .മഹാന്മാരുടെ ജന്മ ദിനങ്ങളും മറ്റും ഏറ്റവും ആദരവോടെയാണ് ഏവരും ഓർക്കുന്നത് . എന്നാൽ  രാജ്യത്തെ സാധാരണ ജനം നെഞ്ചിടിപ്പോടെയും അതിലേറെ ഞെട്ടലോടെയും ഓർക്കുന്ന ഒരു ദിവസമായിരുന്നു കഴിഞ്ഞ 2016   നവംബർ 8 . അതായതു രാജ്യത്തു നിലവിലുണ്ടായിരുന്ന 500 ,1000  രൂപയുടെ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനമായിരുന്നു അത്   .തങ്ങളുടെ കൈക്കലുണ്ടായിരുന്ന ,തങ്ങളുടെ രക്തം വിയർപ്പാക്കിയ പണത്തിലെ 500 ,1000 രൂപയുടെ നോട്ടുകൾ ഒറ്റ രാത്രി കഴിഞ്ഞപ്പോൾ ഒരു കടലാസു കഷണമായതിന്റെ നൊമ്പരമായിരുന്നു സാധാരണക്കാർക്ക്  .രണ്ടായിരത്തിപതിനേഴിന്റെ ആദ്യ മാസങ്ങളിലും ,അതായതു കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയങ്ങളിലും നോട്ടുക്ഷാമം മൂലം സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ ബുദ്ധിമുട്ടിയത് ഇനിയും  മറക്കാറായിട്ടില്ല .

              രാജ്യത്തു കള്ളപ്പണം തടയുന്നതിനും മറ്റുമായിട്ടായിരുന്നു മേൽപ്പറഞ്ഞ നോട്ട് അസാധുവാക്കൾ നടത്തിയതെന്നായിരുന്നു അധികൃതരുടെ വാദം . എന്നാൽ ഈ ഉദ്ദേശ്യ ശുദ്ധിയെ ആരും ചോദ്യം ചെയ്തില്ലെങ്കിലും ,വേണ്ടത്ര ഗൃഹപാഠമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഇത്തരം സത്വര നടപടി കൈക്കൊണ്ടത് പൊതു ജനത്തെ ഏറെ വലച്ചുവെന്നതാണ് വാസ്തവം .സർജിക്കൽ സ്ട്രൈക്ക് (surgical strike )എന്ന ഈ നടപടിയെത്തുടർന്ന്  ക്രയവിക്രയങ്ങൾക്കായി ജനങ്ങൾ ഓടിനടന്നതും ,ബാങ്കുകളിലെ തിക്കിലും തിരക്കിലും ആയിരങ്ങൾ വലഞ്ഞതും ഒന്നും മറക്കാറായിട്ടില്ല .പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥരും പെടാപ്പാട്  പെട്ടു .വിവാഹചിലവുകളും ,ആശുപത്രിചിലവുകളുമൊക്കെ കൂട്ടിമുട്ടിക്കാൻ പലരും വളരെ ബദ്ധപ്പെട്ടു .വീണ്ടു വിചാരമില്ലാതെ നടത്തുന്ന ഇത്തരം 'തുഗ്ലക്' മോഡൽ പരിഷ്‌കാരങ്ങൾ യാതൊരു പുരോഗതിയും നൽകില്ലെന്നും പൊതു സമൂഹം വിലയിരുത്തിയ ദിനങ്ങളായിരുന്നു  അത് .

           എന്നാൽ ഈ നിരോധനം നടന്നു ഒരു വർഷം  പിന്നിടുമ്പോൾ പൊതു സമൂഹത്തിൽ പല ചോദ്യങ്ങൾ ഉയർന്നു കേൾക്കുന്നു .കള്ളപണം തിരിച്ചു പിടിച്ചോ?,അസാധുവായ നോട്ടുകൾ മുഴുവൻ ബാങ്കുകളിൽ  തിരികെയെത്തിയോ എന്നൊക്കെയാണ് ഈ ചോദ്യങ്ങൾ . ഇതിനൊക്കെ ഉത്തരം ലഭിച്ചോ ഇല്ലയോ എന്നറിയില്ല .മാത്രമല്ല രാജ്യത്തിൻറെ വളർച്ചാ നിരക്കിൽ (GDP ) കാര്യമായ പുരോഗതി ഉണ്ടായോ എന്നൊന്നും വ്യക്തതയില്ലെന്നും വർത്തമാനമുണ്ട് .

         മേൽപ്പറഞ്ഞ കാര്യങ്ങൾ കോറിയിട്ടത് ,നമുക്ക് ചില പാഠങ്ങൾ ഇത്തരം സംഭവങ്ങൾ തരുന്നതിനാലാണ്  .ഇതൊക്കെ ഒരു ദൈവ പൈതലിനു വ്യക്തമായ സൂചനകളാണ് നൽകുന്നത് .മേൽപ്പറഞ്ഞ  സർജിക്കൽ സ്‌ട്രൈക്കിനു  സമാനമായ ഒരു വേദ പുസ്തക സംഭവം ഓർമയിൽ വരുന്നു .സൊദോം നഗരത്തിൽ എല്ലാവിധ സുഖ സൗകര്യങ്ങളുമായി ജീവിച്ചു പോരുന്നതിനിടയിലാണ് ,ദൈവം ലോത്തിനോടും കുടുംബത്തോടും ആ പട്ടണം ഉപേക്ഷിച്ചു പോകാൻ കൽപ്പിക്കുന്നത് .മ്ലേച്ഛതയും പാപവും തേർവാഴ്ച നടത്തിയിരുന്ന ആ പട്ടണത്തെ നശിപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഈ കല്പന .തങ്ങളുടെ മുഴുവൻ സമ്പാദ്യവും ഒന്നുമല്ലാതായി മാറുന്ന സമയം .അതുവരെയുള്ള തങ്ങളുടെ പണവും  ,സുഖ സൗകര്യങ്ങളും ,വസ്തുവകകളുമെല്ലാം ഉപേക്ഷിച്ചു പ്രാണരക്ഷാർത്ഥം  ഓടിപ്പോകാൻ പറഞ്ഞാൽ ആരായാലും ഒരു പക്ഷെ പെട്ടെന്ന് ഉൾക്കൊള്ളണമെന്നില്ല .എന്നാൽ ആ കല്പന അനുസരിച്ചവർ ശിക്ഷാവിധിയിൽ നിന്നും രക്ഷപെടുകയും ,തിരിഞ്ഞു നോക്കിയ ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറുകയും ചെയ്തതും നാം ഓർക്കേണ്ടതാണ് .ഈ ലോകത്തിൽ നിന്നും ,നമുക്കുള്ളതെല്ലാം ഉപേക്ഷിച്ചു ഏതു സമയത്തും ഇവിടം വിട്ടു പോകേണ്ടവരാണ് നാമെന്നു മറക്കരുത് .

            .ഈ ഭൂമിയിൽ നാം സ്വരുക്കൂട്ടുന്നതെല്ലാം, അതെത്ര തന്നെ വിലപ്പെട്ടതായാലും ശരി , ഒരു നിമിഷാർദ്ധം മതി ഒരു വിലയുമില്ലാതെയാകാൻ . ലോക രാജ്യങ്ങളില്ലാം ഒരു പണ രഹിത സമൂഹത്തിനായിട്ടുള്ള(cashless  economy ) ഒരുക്കങ്ങളാണ് നടക്കുന്നത്.കറൻസി നോട്ടുകെട്ടുകൾ കൊണ്ടുള്ള ക്രയവിക്രയങ്ങൾക്കു പകരം ഡിജിറ്റൽ ഇടപാടുകൾക്കായി ലോകം ഒരുങ്ങുമ്പോൾ അതിൽ ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് കാണപ്പെടുന്നത് .യേശു കർത്താവ് വീണ്ടും  വരുമ്പോൾ ഈ ഭൂമിയിലെ നമ്മുടെ ഭൗതികമായതെല്ലാം,നാം അധ്വാനിച്ചതും കൂട്ടിവച്ചതുമെല്ലാം  ഉപേക്ഷിച്ചിട്ട് പോകേണ്ട വെറും പ്രവാസികളാണെന്ന യാഥാർഥ്യം നാം മറക്കരുത് .കാണപ്പെടുന്ന ഈലോകവും ,ലോകത്തിലുള്ളതുമല്ല , കാണപ്പെടാത്ത നിത്യ രാജ്യമാകട്ടെ നമ്മുടെ ലക്‌ഷ്യം .
                     




=======================================================
                                                        - സാം .ടി .മൈക്കിൾ ഇളമ്പൽ
 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ