"കണക്കെഴുത്തിൻ പ്രമാണി വിളിച്ചുചോദിക്കുന്നേരം..."
www.samtmichael.blogspot.com
വളരെ നാളുകൾക്കുമുമ്പ് കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രധാന അധികാരിയുമായി അവിചാരിതമായി കാണുവാനും കുറെ സമയം സംസാരിക്കാനും ഇടയായി .അദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും(സാമ്പത്തിക വർഷാന്ത്യമായതിനാൽ ) ആ ദിനങ്ങളിൽ നടക്കുന്ന വാർഷിക കണക്കെടുപ്പിന്റെ ജോലിഭാരവും ആകുലതകളും മനസ്സിലാക്കാൻ ഇടയായി . ലോക്കൽ ഫണ്ട് ആഡിറ്റ് (Local Fund Audit )വിഭാഗം ഉദ്യോഗസ്ഥർ , നടപ്പു വർഷത്തെ ധനവിനിയോഗ ,ക്രയവിക്രയങ്ങളുടെ എല്ലാ വിവരങ്ങളും പരിശോധിക്കും. .അദ്ദേഹം പറഞ്ഞതിപ്രകാരമായിരുന്നു -'എല്ലാറ്റിനും കണക്കു കാണിക്കേണം .ചെറുതും വലുതുമായ എല്ലാ ദിനവൃത്താന്തങ്ങളുടെയും രേഖകളും രശീതികളും പരിശോധിച്ച് ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്തേണം.ചോദിക്കുന്ന ചോദ്യങ്ങൾക്കു ,കൃത്യമായ ഉത്തരവും നൽകേണം '.
എന്തെങ്കിലും പൊരുത്തക്കേടുണ്ടെന്നു തോന്നിയാൽ വിജിലൻസ് കേസും മറ്റു നിയമ നടപടികളും നേരിടുകയും വേണം .
ആ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങൾ ചില ചിന്തകളാണ് നൽകിയത് . തീരെച്ചെറിയതും ,വലുതുമായ എല്ലാ പണവും ശരിയായ വിനിയോഗമാണോചെയ്തതെന്ന് നോക്കും .കൂടാതെ വികസനത്തിനും പദ്ധതി നിർവഹണത്തിനുമായി അനുവദിച്ച പണം പാഴാക്കിയാൽ അതിനും ഉത്തരം കൊടുക്കേണം .നിർദ്ദിഷ്ട പദ്ധതിക്ക് അനുവദിച്ച ധനം വക മാറ്റി ചിലവിട്ടാൽ അതിനും കൊടുക്കണം മറുപടി. ചുരുക്കത്തിൽ നേരെചൊവ്വെയല്ലാത്ത എല്ലാ ക്രയവിക്രയങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഒരു ദിനം ഉണ്ടെന്നുള്ളതാണ് സത്യം .വിവിധ സർക്കാർ വകുപ്പുകളിലെ ക്രമക്കേടുകൾ അകൗണ്ടൻറ് ജനറൽ പരിശോധിച്ച് പുറത്തു വന്നിട്ടുള്ളതും ,സംസ്ഥാന ,കേന്ദ്ര ഭരണ ചക്രങ്ങളിലുള്ളവരുടെ ഉത്തരം മുട്ടിയിട്ടുള്ളതും എത്രയോ തവണ ജനം കണ്ടതാണ് .
ഞാനിതു കുറിക്കുന്നത് നാം ഓരോരുത്തരും ദൈവ സന്നിധാനത്തിൽ കണക്കു കൊടുക്കേണ്ട ഒരു ദിനമുണ്ടെന്ന് ഓര്മപ്പെടുത്താനാണ് ,നമുക്ക് ലഭിച്ച സമയം ,താലന്തുകൾ ,ഭൗതിക നന്മകൾ ഇവയൊക്കെ ദൈവഹിത പ്രകാരണമാണോ ചിലവിട്ടതെന്നു ഒന്ന് അവലോകനം ചെയ്യാൻ നമുക്കിടയാകേണം .സാക്ഷാൽ കണക്കെഴുത്തിന്റെ പ്രമാണി എന്നി എന്നി ചോദിക്കുമ്പോൾ ഒന്നും അറിഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞൊഴിയാനാകില്ല .താലന്തുകൾ കുഴിച്ചിട്ട് സമയം പാഴാക്കിയവനെപ്പോലെയല്ല ,സമയ സന്ദർഭങ്ങൾ ശരിയായി വിനിയോഗിച്ചു അത് വ്യാപാരം ചെയ്തവനെപ്പോലെ നമ്മുടെ താലന്തുകൾ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി വിനിയോഗിക്കാൻ നമുക്ക് കഴിയട്ടെ .പാഴാക്കിക്കളയുന്ന സമയ, സന്ദര്ഭങ്ങൾക്കും നാം കണക്കു ബോധിപ്പിക്കേണം. ഒരിക്കൽ ഒരു പരസ്യ യോഗത്തിനു കേട്ട പഴയ ഓരോ പാട്ടിന്റെ വരികൾ താഴെക്കുറിക്കുന്നു .
"കണക്കെഴുത്തിൻ പ്രമാണി വിളിച്ചുചോദിക്കുന്നേരം ,
ശരിക്കൊരുത്തരം നൽകാൻ നിനക്കതുണ്ടോ?"
----------------------------------------------------------------------------------------------------
സാം ടി.മൈക്കിൾ ഇളമ്പൽ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ