2017 ഡിസംബർ 27, ബുധനാഴ്‌ച

പോകുവാനേറെയുണ്ട് ദൂരം ,വീടണയും മുൻപ് !!!!

ലേഖനം 

  പോകുവാനേറെയുണ്ട് ദൂരം ,വീടണയും  മുൻപ് ! 

                                                          സാം .ടി .മൈക്കിൾ ഇളമ്പൽ

                     നാളുകൾക്കു മുൻപ് ഒളിമ്പിക്സിലെ  ഓട്ട മത്സരത്തിൽ  തലനാരിഴക്ക് സ്വർണം നഷ്ടമായ ഒരു അതികായനെക്കുറിച്ചു മാധ്യമങ്ങളിൽ വായിക്കാനിടയായി .മുൻവർഷങ്ങളിൽ ലോക കായിക ചരിത്രത്തിൽ നിറസാന്നിധ്യവും ,കായിക പ്രേമികളുടെ പ്രതീക്ഷയുമായിരുന്നു  ആ വ്യക്തി. എന്നാൽ എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി ആരാധകർക്ക് നിരാശ സമ്മാനിക്കുവാൻ കാരണമായത് അവസാന പാദത്തിൽ  കളം മാറി ഓടിയതായിരുന്നു  .ദീർഘനാളത്തെ പരിശ്രമവും കഠിന പ്രയത്നവും വൃഥാവായതിന്റെ നിരാശ അദ്ദേഹം വേദനയോടെ പങ്കു വച്ചതോർക്കുന്നു .സ്ഥിരതയോടെയും ,നിയമപരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മുന്നേറുന്നവർക്ക് മാത്രമേ കിരീട പ്രാപ്തി കൈവരിക്കാൻ സാധിക്കുകയുള്ളൂ .എത്ര വേഗം ലക്ഷ്യത്തിലെത്തിയാലും ട്രാക്ക് മാറി ഓടിയാൽ ,ഏതു പ്രഗത്ഭനായാലും ശരി അത്  അയോഗ്യത തന്നെയാണെന്ന്  മറക്കരുത് .

                പാലായിൽ വച്ച് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഓട്ട മത്സരങ്ങളും കാണാനിടയായി. കൊച്ചു മിടുക്കന്മാർ റിക്കോർഡുകൾ തിരുത്തിക്കുറിച്ചു കിരീടം വാങ്ങിയത്  ശ്രദ്ധേയമായിരുന്നു .എന്നാൽ ഈ മത്സരങ്ങളിലെല്ലാം തന്നെ ചിലർ ആദ്യ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാറുണ്ട് .കാണികൾ വിചാരിക്കും ഇവർ തന്നെ കേമന്മാരെന്നു .എന്നാൽ അവസാന പാദങ്ങളിൽ ക്ഷീണിച്ചു അവശരായി ഒരു പക്ഷെ  പൂർത്തിയാക്കാതെ പുറന്തള്ളപ്പെടും .ആദ്യാവസാനം സ്ഥിരതയോടെ ചുവടു വക്കുന്നവരാണ് ലക്‌ഷ്യം കാണുന്നതെന്ന് സാരം .
                     
                               യാത്രകൾക്കും ഏതാണ്ട് ഒരു ഓട്ടത്തിന്റെ ഭാവഭേദങ്ങളാണുള്ളത്   .യാത്രകൾ എന്നും ഏതെങ്കിലും ഒരു ലക്‌ഷ്യം തേടിയുള്ളതായിരിക്കും .എന്നാൽ പല യാത്രകളും ലക്ഷ്യത്തിൽ എത്തിച്ചേരാറില്ല .മാർഗ തടസ്സങ്ങളും ,ലക്ഷ്യത്തിൽ നിന്നും പിന്മാറുന്നതുമൊക്കെ കാരണമായേക്കാം . ഭൗതികമായ ഏതൊരു യാത്രയും പോലെ ,ജീവിതവും ഒരു യാത്രയാണ് .പലരുടെയും ലക്‌ഷ്യം പലതാണെന്നു മാത്രം . ആത്മീയ ലക്ഷ്യത്തോടെ യാത്ര ചെയ്യുന്നവരും ചുരുക്കമല്ല.


                        ആംഗലേയ സാഹിത്യ ലോകത്തെ പ്രമുഖനായിരുന്ന 'റോബർട്ട് ഫ്രോസ്റ്റിന്റെ ' (ROBERT FROST ) വിശ്വ വിഖ്യാതമായ കവിതകളിലൊന്നാണ് "Stopping By Woods On  A Snowy Evening "(മഞ്ഞു മൂടിയ സന്ധ്യയിൽ ,കാനനത്തിനരികെ നിൽക്കുമ്പോൾ  ) എന്നത് .ഫ്രോസ്റ്റിന്റെ ഈ കവിതയിലെ വരികൾ അതിന്റെ ആഖ്യാന ശൈലി കൊണ്ടും ,പ്രതീകാത്മകത കൊണ്ടും ,കാല്പനികത കൊണ്ടും വായനക്കാരനെ ഹഠാദാകർഷിക്കുന്നു .ഇതിലെ വരികൾക്കും വാക്കുകൾക്കുമിടയിലൂടെ വിവിധ അർത്ഥ തലങ്ങളാണ് കാണപ്പെടുന്നത് .

            മേൽപ്പറഞ്ഞ കവിതയിൽ ഒരു ലക്ഷ്യത്തിലേക്കു യാത്ര ചെയ്യുന്ന ഒരു യാത്രികനാണ് കേന്ദ്രബിന്ദു .ദൂരെ നാട്ടിൻ പുറത്തുള്ള തന്റെ ഭവനത്തിലേക്ക് കാട്ടിനരികിലൂടെ കുതിരപ്പുറത്തു യാത്ര ചെയ്യുകയാണയാൾ.ഒരു വശത്തു മനോഹരമായ തടാകവും ,മറു വശത്തു ഭംഗിയേറിയ വനവും .നേരം സന്ധ്യയാവുന്നു ,പോരെങ്കിൽ മഞ്ഞിന്റെ സാമീപ്യവും. വശ്യമായ കാനന ഭംഗിയിൽ ആരും നിന്ന് പോകുന്ന ഇടമെന്നൊക്കെ പറയാവുന്ന സമയം .ഈ സമയത്തു തന്റെ യാത്രയെക്കുറിച്ചും ,പോകേണ്ടയിടത്തെക്കുറിച്ചും ,കടപ്പാടുകളെക്കുറിച്ചുമൊക്കെ ഉത്തമ ബോധ്യമുള്ള യാത്രികൻ പറയുന്ന വരികൾ ഏറെ പ്രസിദ്ധമാണ് .

                    "The Woods are lovely dark and deep,
                      But I have promises to keep .
                      And Miles To Go Before I sleep,
                      And miles to go before I sleep".

                    ഈ കാനനത്തിന്റെ ഭംഗി വശ്യവും സുന്ദരവും മനോഹരവുമാണ് .എന്നാലും തനിക്കു ഒട്ടേറെ പ്രതിജ്ഞകളും  കടപ്പാടുകളും പാലിക്കേണ്ടതുണ്ട് .വീടണയും  മുൻപ് അല്ലെങ്കിൽ നിദ്രയെ പുൽകും മുൻപ് വളരെ ദൂരം താണ്ടേണ്ടതുമുണ്ട് .യാത്രാവേളയിൽ തന്നെ വശീകരിക്കാവുന്ന വഴിക്കാഴ്ചകളെക്കാളും ഏറെ പ്രാധാന്യമുള്ളതു തന്റെ കടപ്പാടുകളും ,ലക്ഷ്യവുമാണെന്ന ഒരു ഓർമപ്പെടുത്തൽ മേൽപ്പറഞ്ഞ വരികളിൽ കാണാം .
                  
                  ഇത് കുറിച്ചത് ചില  ആത്മീയ സത്യങ്ങൾ ഓർമപ്പെടുത്താനാണ് .നമ്മുടെ ആത്മീയ ജീവിതവും ഒരു യാത്രയാണ് അതിനേക്കാളുപരി  വലിയ ഓട്ടമാണ് . നാമൊക്കെ ഒരു ഓട്ടക്കളത്തിലാണ്‌ .വലിയ ശൂരന്മാർ പലരും കാലിടറി ,അല്ലെങ്കിൽ ലക്‌ഷ്യം തെറ്റി ഓട്ടം നിർത്തി,പരാജയമണഞ്ഞ ഒരു ഓട്ടക്കളം .നമ്മുടെ ലക്‌ഷ്യം നിത്യതയാണ് അല്ലെങ്കിൽ നിത്യമായ ഭവനമാണ്‌ . പലപ്പോഴും പലരും ആവേശത്താൽ ഓടിത്തുടങ്ങും ,പ്രാരംഭ ശൂരത്വങ്ങൾ പ്രകടമാക്കും .പിന്നീട് അവരുടെ ഒരു പൊടി പോലും കാണില്ല .ഒരു പക്ഷെ ട്രാക്കിനടുത്തു കൂടെ ഈ  ലക്ഷ്യത്തേ വിസ്മരിപ്പിക്കുന്ന അനേകം വഴിക്കാഴ്ചകൾ വശീകരിക്കാനിടയുണ്ട്.അതിലൊക്കെ ഭ്രമിച്ചു പോയിട്ടുണ്ടാകാം .വഴിക്കാഴ്ചകളല്ല ,ലക്‌ഷ്യം തന്നെയാണ് ഓട്ടക്കളത്തിലും യാത്രയിലുമൊക്കെ ഏറ്റവും പ്രധാനം .

           സാധാരണ കായിക മത്സരാർത്ഥികളുടെ ജീവിതക്രമം ശ്രമകരമാണ് .മറ്റുള്ളവരെപ്പോലെ തോന്നിയപോലെ ഉറങ്ങാനോ ,ഭക്ഷണം കഴിക്കാനോ ,ഒന്നും അവർക്കാവില്ല. ചിട്ടയായ ഭക്ഷണ ക്രമവും ,കഠിനമായ വ്യായാമ മുറകളും ,ട്രാക്കിലെ ക്രമീകൃതമായ പരിശീലനവുമെല്ലാം അവരെ മത്സരത്തിന് സജ്ജരാക്കുന്നു.പ്രാരംഭ ശൂരത്വമല്ല ,ആദ്യാവസാനം സ്ഥിരതയോടെ (Constant & Consistent)  .അവർക്കു ലക്‌ഷ്യം കിരീടം മാത്രം .അതുപോലെ തന്നെ വേറിട്ട ജീവിത രീതികളാണ് ആത്മീയ ഓട്ടക്കളത്തിലെ  ഓരോരുത്തരും പിന്തുടരേണ്ടത് .നമ്മുടെ ലക്ഷ്യവും വാടാത്ത കിരീടമായിരിക്കട്ടെ .

                                അനേകർ ഓട്ടക്കളത്തിൽ  ഓടുന്നുവെങ്കിലും ,ലക്ഷ്യത്തിലെത്തി വിരുത് പ്രാപിക്കുന്നവർ ചുരുക്കമാണ് .നമുക്ക് പാലിക്കാനുള്ള നിയമങ്ങളും ,ദൗത്യവും കടമകളും അതുപോലെ നമ്മുടെ ലക്ഷ്യവും മറക്കരുത് .    നാമറിഞ്ഞ സുവിശേഷ സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതാണ് നമ്മുടെ  പ്രധാന ദൗത്യങ്ങളിലൊന്ന് . പൗലോസിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ് -"ഒന്ന് ഞാൻ ചെയ്യുന്നു പിമ്പിലുള്ളത് മറന്നും മുന്പിലുള്ളതിനു  ആഞ്ഞും കൊണ്ട് ക്രിസ്തുവിന്റെ പരമ വിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടുന്നു "(ഫിലി :3 :14).ആയതിനാൽ നമ്മുടെ ദൗത്യം മറക്കാതെ യാത്ര ചെയ്യാം ,ലാക്ക് നോക്കി .ആത്മീയ യുവജനങ്ങളുടെ നിത്യ ഭവനം  ലക്ഷ്യമാക്കിയുള്ള ഓട്ടം സ്ഥിരതയോടെയും ,നിയമങ്ങൾ പാലിച്ചുമാകട്ടെ.

========================================================================

2017 ഡിസംബർ 23, ശനിയാഴ്‌ച

കാഴ്ചക്കുറിപ്പുകൾ : 'ഹൈക്കമാൻറ്' ( 'ഹൈ -കമാൻഡ് ')

                              

കാഴ്ചക്കുറിപ്പുകൾ:

                               'ഹൈക്കമാൻറ്' 

                                                                                         - സാം .ടി .മൈക്കിൾ ഇളമ്പൽ.
                     
                                  'ഹൈക്കമാൻറ്' എന്ന വാക്ക്  പലപ്പോഴും വാർത്താമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധപ്പെട്ടാണ് .മേൽപ്പറഞ്ഞ പ്രസ്ഥാനത്തിന്റെ മേൽഘടകങ്ങളിലും ,കീഴ്‌ഘടകങ്ങളിലും എന്തെങ്കിലും പ്രതിസന്ധികളുണ്ടാകുന്ന സമയങ്ങളിലും ആഭ്യന്തര കലാപങ്ങൾ മുളപൊട്ടുമ്പോഴും 'ഹൈക്കമാൻറ്' ഇടപെട്ടു എന്നൊക്കെ വാർത്തകളിൽ കാണാറുണ്ട് .ഹൈക്കമാൻറ് താക്കീതു  ചെയ്‌താൽ പൊതുവേ ഏതൊരു പ്രവർത്തകനും കീഴ്പെടാറാണ് പതിവ് .അച്ചടക്കം ലംഘിച്ച്‌ കടുത്ത ശിക്ഷാ  നടപടികളും നേരിട്ടവർ അനേകരാണ് .എന്തായാലും സംഘടനയുടെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു പരമാധികാരസ്ഥാനമാണ് ഹൈക്കമാന്റ് എന്നതാണ് വസ്തുത .പറഞ്ഞാൽ എതിരഭിപ്രായം പറയാതെ അനുസരിക്കേണ്ട അധികാര സ്ഥാനമാണ് എന്ന് തന്നെ .

                          ഈ വസ്തുത കുറിക്കുന്നത് ഒരു ആത്മീയ സന്ദേശം കോറിയിടാനാണ് .ഓരോ ദൈവ പൈതലിനും  ഒരു ഹൈക്കമാന്റുണ്ട് .അത് സ്വർഗ്ഗത്തിലെ ദൈവമെന്ന പരമാധികാര കേന്ദ്രമാണ് .അനുസരണത്തോടെയും അച്ചടക്കത്തോടെയും പിൻ പറ്റേണ്ട പരമാധികാര കേന്ദ്രം .ദൈവം കൽപ്പിച്ചാൽ അത് അക്ഷരം പ്രതി അനുസരിക്കുന്നതാണുചിതം .മറുതലിക്കുന്നതു കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നതും തർക്കമില്ലാത്ത വസ്തുതയാണ് .സ്വർഗ്ഗത്തിലെ ഹൈക്കമാന്റിനു മുന്നിൽ വിധേയത്വം കാണിച്ചു അനുഗ്രഹീതരായവരുടെ നീണ്ട പട്ടിക തന്നെ വചനത്തിൽ കാണാം .അവിടുത്തെ കല്പന അനുസരിച്ചു തന്റെ ഏകജാതനായ മകനെ യാഗം കഴിക്കാനിറങ്ങിപ്പുറപ്പെട്ട അബ്രഹാമും ,മരുഭൂമിയിലൂടെ ദൈവജനത്തെ നയിച്ച മോശെയും ,സത്യദൈവത്തിന്റെ പക്ഷത്ത്  നട്ടെല്ലുറപ്പോടെ ഉറച്ചു നിന്ന പ്രവാചകനായ ഏലീയാവുമൊക്കെ മേൽപ്പറഞ്ഞ നിലയിൽ അനുഗ്രഹീതരായ നിലയിൽ ഉന്നതന്റെ കല്പനക്കനുസരിച്ചു ചുവടുവച്ചവരാണ് .

                   നിനവെയിലേക്കു പോകാനുള്ള സർവ്വശക്തന്റെ കല്പന കേൾക്കാതെ തർശീശിലേക്കു പോയ യോനാപ്രവാചകന്റെ ചരിത്രം ഏവർക്കും അറിവുള്ളതാണല്ലോ .  ദൈവത്തെ അനുസരിക്കാത്തവരും ,വിശ്വസിക്കാത്തവരുമൊക്കെ അവിടുത്തെ മുമ്പാകെ മുട്ട് മടക്കുന്ന ദിനം വിദൂരമല്ലെന്നതും യാഥാർഥ്യമാണ് . ദൈവീക കല്പനകൾ അനുസരിച്ചു (HighCommand ) അനുഗ്രഹം പ്രാപിച്ചു മുന്നേറാൻ ഏവർക്കും ഇടയാകട്ടെയെന്നാശംസിക്കുന്നു .സ്വർഗ്ഗത്തിലെ ഹൈക്കമാന്റിന് വിധേയപ്പെട്ടാകണം അനുദിന ജീവിതത്തിലെ ഓരോ ചുവടുവയ്പുകളും .
         
                                                                              -

=====================================================================                  

2017 ഡിസംബർ 10, ഞായറാഴ്‌ച

ലോക മനുഷ്യാവകാശ ദിനം- ചില ചിന്തകൾ !!!!

 ലോക മനുഷ്യാവകാശ ദിനം- ചില ചിന്തകൾ

                        ഇന്ന് ഡിസംബർ 10 ,ലോക മനുഷ്യാവകാശ   ദിനം .മനുഷ്യാവകാശങ്ങൾക്കായി ഒരു ദിനം എല്ലാവർഷവും ആചരിക്കപ്പെടുമ്പോൾ  വേണ്ട നിലയിൽ അതിന്റെ മൂല്യങ്ങൾ സമൂഹത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഒറ്റപ്പെട്ട വാർത്തകൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പലപ്പോഴും കേൾക്കുന്നത് ആധുനിക സമൂഹത്തിനു ഭൂഷണമല്ലെന്നോർക്കണം .


       1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭയുടെ വിശ്വജനീനമായ മനുഷ്യാവകാശ പ്രഖ്യാപനത്തെത്തുടർന്നാണ് എല്ലാവർഷവും ഈ ദിവസം മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്. പതിവുപോലെ ഈ വർഷവും ,ഡിസംബർ 10 ന് സാർവ്വദേശീയമായി മനുഷ്യാവകാശ ദിനാചരണം നടക്കുകയാണല്ലോ. ഈ സമയങ്ങളിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ ,  മനുഷ്യാവകാശ സംബന്ധിയായ സെമിനാറുകളുംശില്പശാലകളുംപൊതുയോഗങ്ങളുമൊക്കെ നടത്തപ്പെടാറുണ്ട്. ഓരോ മനുഷ്യനും അന്തസ്സോടെയുംസുരക്ഷിതത്വത്തോടെയും സമൂഹത്തിൽ ജീവിക്കാനുള്ള അവകാശങ്ങളെയുംമതവിശ്വാസംസ്വകാര്യതഅഭിപ്രായപ്രകടനങ്ങൾ തുടങ്ങി മനുഷ്യന്റെ വിവിധ  അടിസ്ഥാന അവകാശ സംബന്ധമായ  കാര്യങ്ങളെയും അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങളായി പരിഗണിക്കുന്നുണ്ട്. ആഗോള തലത്തിൽത്തന്നെ മനുഷ്യാവകാശങ്ങളെ കുറിച്ച്  വിശാലമായ ഒരു കാഴ്ചപ്പാട് ഇതിനോടകം തന്നെ പ്രബല പ്പെട്ടതായി വേണം കരുതാൻ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പലപ്പോഴും ഉയർന്നു കേൾക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾ പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല.                 

                             ഒരിക്കൽ  സാമൂഹ്യ ശാസ്ത്രജ്ഞനും നിരീക്ഷകനുമായ ഒരാൾ  ,തന്നോട് സംവാദത്തിലേർപ്പെട്ട വിദ്യാർത്ഥികളോടായി   രണ്ടു ചോദ്യങ്ങൾ ചോദിച്ചു .അതിൽ ആദ്യത്തെ ചോദ്യം- "ഭൂമിയിലെ ഏറ്റവും വിവേകവും ബുദ്ധിശക്തിയും ഉള്ള ജീവി ഏതാണ്?" എന്നായിരുന്നു .കുട്ടികൾ ഒരേ സ്വരത്തിൽ ഉത്തരം പറഞ്ഞു "മനുഷ്യൻ "എന്ന് .ആദ്യത്തെ ഉത്തരം ശരിയായതിൽ സന്തോഷിച്ചിരിക്കുന്ന അവരോടായി അദ്ദേഹം രണ്ടാമത്തെ ചോദ്യവും ചോദിച്ചു . അവരെ ആകെ കുഴക്കിയ ഒരു  ചോദ്യം ആയിരുന്നത് ."ഭൂമിയിൽ ഏറ്റവും വിവേകഹീനമായും ബുദ്ധിശൂന്യമായും പെരുമാറുന്ന ജീവി ഏത് ?"എന്നതായിരുന്നു ആ ചോദ്യം  .ആ വിദ്യാർത്ഥികൾ ആകെ ആശയക്കുഴപ്പത്തിലായി .കുറേപ്പേർ ചില ജീവികളുടെയും ,മറ്റുള്ളവർ വിവിധ തരം പക്ഷികളുടെയും പേര് പറഞ്ഞു തടിതപ്പി .ചിലർ അറിയില്ലെന്നു തുറന്നു സമ്മതിച്ചു .

                  ഒടുവിൽ ചോദ്യകർത്താവിനു തന്നെ ഉത്തരം നൽകേണ്ടി വന്നു .അദ്ദേഹം വിദ്യാർത്ഥികളോടായി പറഞ്ഞു .മേൽപ്പറഞ്ഞ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ,അതായത്  പലപ്പോഴും  വിവേകഹീനമായും,മറ്റും പെരുമാറുന്ന ജീവിയും  "മനുഷ്യൻ " തന്നെയാണ് .അപ്പോൾ ആ കുട്ടികൾ വീണ്ടും  സംശയമുന്നയിച്ചു ,എന്തുകൊണ്ടാണ് ഏറ്റവും അറിവിലും ബുദ്ധിയിലും മുൻപിൽ നിൽക്കുന്ന മനുഷ്യനെ തന്നെ ,വിവേകമില്ലാത്ത പെരുമാറുന്നവരുടെ  നിരയിലും അങ്ങ് ഉൾപ്പെടുത്തിയതെന്ന്  .അദ്ധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം നല്ലൊരു വിശദീകരണം നൽകി  .
 

              ബുദ്ധിശക്തിയിലും വിവേകത്തിലും ഏറ്റവും വികാസവും ഉന്നതിയുമുള്ളതു മനുഷ്യന്  തന്നെയാണ് .ഹോമോ സാപിയെൻസ്(Homo sapiens)എന്ന ശാസ്ത്രീയ നാമമുള്ള മനുഷ്യന്റെ പ്രത്യേകത ചിരിക്കാനും ചിന്തിക്കാനുമുള്ള കഴിവ് തന്നെ .മറ്റെല്ലാ ജീവികളിലും വെച്ച് മസ്തിഷ്ക വികാസവും ,അറിവും ,സാംസ്കാരിക പുരോഗതിയും മനുഷ്യനുണ്ട്. ഭാഷയുപയോഗിച്ച് സംവേദിക്കാനുള്ള വേറിട്ട കഴിവും മനുഷ്യന് മാത്രമുള്ളതത്രേ. ആകാശത്തിലൂടെ പറക്കുന്ന വലിയ വിമാനങ്ങൾ ,റോക്കറ്റ് തുടങ്ങി  അതിവേഗ ഗമനം നടത്തുന്ന വാഹനങ്ങൾ അവൻ നിർമ്മിച്ചു .ചന്ദ്രനിലും ,നക്ഷത്രങ്ങളിലും വരെ  അവന്റെ സാന്നിധ്യം എത്തിയിട്ടുണ്ട് . വാർത്താവിതരണ ,വൈദ്യശാശ്ത്ര
 രംഗമുൾപ്പെടെ എല്ലാ രംഗങ്ങളിലും കണ്ടുപിടിത്തങ്ങൾ നടത്തി മുന്നേറുന്നു .അതൊക്കെ മനുഷ്യന്റെ വിശേഷതയല്ലേയെന്നാണ് അദ്ദേഹം 
  വിശദീകരിച്ചത് .

                   പലപ്പോഴും   ചില മനുഷ്യർ  മദ്യത്തിനും മറ്റും അടിമകളാകുകയും ,സ്വന്തം കൂട്ടത്തിലുള്ളവരെ  ആക്രമിക്കുകയും ചെയ്യുന്ന വാർത്തകൾ കാണുമ്പോൾ ബുദ്ധി വൈഭവമുള്ള മനുഷ്യൻ തന്നെ വിവേക ഹീനനായി മാറുന്നുണ്ടെന്നാണ് ആ അദ്ധ്യാപകൻ വിദ്യാർത്ഥികളോട് പറഞ്ഞത് .പല അക്രമങ്ങളും കൊലപാതകങ്ങളും കേൾക്കുമ്പോൾ ,അതിനെ മൃഗീയമെന്നു പറഞ്ഞാൽ ഒരു പക്ഷെ മൃഗങ്ങൾ പോലും ലജ്ജിച്ചു തല താഴ്ത്തിയേക്കും .മറ്റു  ജീവജാലങ്ങൾ പൊതുവെ പ്രാണരക്ഷാർത്ഥമോ ,ഇരപിടിക്കാനോ വേണ്ടി മാത്രമേ ആക്രമണോത്സുകരാകാറുള്ളൂ .ആ വിധത്തിൽ നോക്കിയാൽ വിവേക ശൂന്യനായി പെരുമാറുന്ന ജീവിയും മനുഷ്യൻ തന്നെയല്ലേയെന്നാണ് ആ സാമൂഹിക നിരീക്ഷകൻ പറഞ്ഞത് .ആ വാദം ശരിയാണെന്നു വിദ്യാർത്ഥികളും സമ്മതിച്ചു .

       മനുഷ്യാവകാശങ്ങൾ എവിടെയും സംരക്ഷിക്കപ്പെടണമെന്ന്  ഏവരും ആഗ്രഹിക്കുന്നത് .അതിന്നായി നമ്മുടെ രാജ്യത്തും ,സംസ്ഥാനത്തും കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട് .   കൂടാതെ ഒട്ടേറെ സമൂഹ്യ  സേവന സംഘടനകൾ മനുഷ്യാവകാശ മൂല്യങ്ങൾക്കായി പ്രവർത്തിക്കുന്നുമുണ്ട്.എന്നിരുന്നാലും പലപ്പോഴും ചില മനുഷ്യാവകാശ ലംഘനങ്ങളുടെയും ,ചൂഷണത്തിന്റെയും ഞെട്ടിക്കുന്ന വാർത്തകൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും ചിലപ്പോഴെങ്കിലും കേൾക്കേണ്ടിവരുന്നത് ആശാവഹമല്ലെന്നോർക്കണം .

               ഈ വിഷയത്തിന് ഒരു ആത്മീയ തലം കൂടിയുണ്ട്.ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും  മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ പ്രസാദിപ്പിച്ചു വിവേകത്തോടെ ജീവിക്കാനാണ് ജീവിക്കാനാണ് .വിശുദ്ധ ബൈബിൾ പറയുന്നത് ഒരു  ആത്മാവിന്റെ വില സർവ ലോകത്തേക്കാളും വലുതാണെന്നാണ്  .അതായത് ഓരോ വ്യക്തിയുടെയും ജീവനും വ്യക്തിത്വത്തിനും വിലയിടാനാവില്ലെന്നു തന്നെ പറയാം .ഓരോ വ്യക്തിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് .അതേപോലെ തന്നെ  മറ്റൊരാളിന്റെ അവകാശങ്ങൾ ഹനിക്കാൻ ആർക്കും അധികാരം ഇല്ലെന്നുമോർക്കണം .തന്നെ മദ്യം തുടങ്ങിയ സാമൂഹിക വിപത്തുകൾക്കടിപ്പെട്ട്, മുന്നോട്ട് പോകുന്നത് ഭോഷത്വമാണെന്നും മറക്കരുത് .മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ദൈവത്തിനു പ്രസാദമുള്ളവരായിത്തീരാൻ ഏവർക്കും ഇടയാകട്ടെയെന്നു ആശംസിക്കുന്നു .






                                                                         

                                                                                    -സാം.ടി .മൈക്കിൾ ഇളമ്പൽ

=======================================================================           

2017 ഡിസംബർ 7, വ്യാഴാഴ്‌ച

കാഴ്ചക്കുറിപ്പുകൾ : "അവഗണിക്കാനാകാത്ത മുന്നറിയിപ്പുകൾ!!!!"

                               
                  
                           സംസ്ഥാനത്തു കഴിഞ്ഞ ദിനങ്ങളിൽ വീശിയടിച്ച  ' ഓഖി ' ചുഴലിക്കാറ്റും  ,അതിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല . അതി ശക്ത വിഭാഗത്തിൽപ്പെടുന്ന ഈ കാറ്റും കടൽക്ഷോഭവും വരുത്തിവെച്ച വിനാശവും ,ആളപായവും ലഘുവായുള്ളതല്ല .ഇനിയും കടലിൽ പോയവരെ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത് .ഈ കുറിപ്പെഴുതുമ്പോൾ നൂറ്റിനാല്പത്തി മൂന്നിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം . കേരളത്തിലും ,തമിഴ് നാട്ടിലും ,ലക്ഷദ്വീപിലുമൊക്കെ കനത്ത നാശനഷ്ടങ്ങളാണ് ഈ ദുരന്തത്തെ തുടർന്നുണ്ടായത് .ഇത്തരം ദുരന്ത സമയങ്ങളിൽ ,ഫലപ്രദമായും ചിട്ടയായും പ്രവർത്തിക്കാൻ ദുരന്തനിവാരണ സേനയും മറ്റുമുള്ളപ്പോഴും, വേണ്ടത്ര ഗുണപരമായി ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട് .

                         എന്നാൽ ചുഴലിക്കാറ്റിനെക്കാളും വലിയ വിവാദക്കൊടുങ്കാറ്റുകൾക്കും ഈ ദിനങ്ങളിൽ പൊതു സമൂഹം സാക്ഷ്യം വഹിച്ചു . തക്ക സമയത്തു മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാണ് ഒരു വാദം .എന്നാൽ വൈകിയാണ് തങ്ങൾക്കു ഇത്തരം നിർദേശം ലഭിച്ചതെന്നും , ഉടൻ തന്നെ സത്വര ദുരിതാശ്വാസ നടപടികളുമായി മുന്നോട്ടു പോയെന്നും അധികൃതർ വിശദീകരിക്കുന്നു .എന്തായാലും എല്ലാവരും ഒരു വസ്തുത ഒരേ മനസോടെ അംഗീകരിക്കുന്നുണ്ട് .തക്ക സമയത്തു മുന്നറിയിപ്പുകൾ ലഭിച്ചാൽ അനേകർക്ക്‌ തങ്ങളുടെ ജീവനും ആരോഗ്യവും നിലനിർത്താനാവുമെന്നാണ് ഈ വസ്തുത .

             വിശുദ്ധ വേദ പുസ്തകത്തിലെ  ഇത്തരം സമാനമായ ഒരു സംഭവം ഓർക്കുകയാണ് .ആസന്നമായ പ്രളയ ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പുമായി നോഹയെന്ന നീതി പ്രസംഗി   നടന്നത് ആർക്കാണ് മറക്കാൻ കഴിയുന്നത്?.അതുവരെ ഭൂമിയിൽ ഉണ്ടാകാത്ത വിധത്തിലെ ഒരു വൻ പ്രളയ ദുരന്തത്തെക്കുറിച്ചു ദൈവം ആ വ്യക്തിക്ക് നൽകിയ അരുളപ്പാടു ,ജനത്തെ അറിയിക്കുകയായിരുന്നു .തിന്മയും പാപവും കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്തെ ജനങ്ങളിൽ ആര് കേൾക്കാൻ.വെള്ളം കുടിച്ചു മരിച്ചാലും ശരി പെട്ടകത്തിൽ കയറില്ല എന്ന മുൻവിധി ചിലർക്കുണ്ടായിരുന്നു എന്ന് തോന്നിപ്പോകും .അല്ലെങ്കിൽ ഒരു മനുഷ്യന്റെ അബദ്ധ ജല്പനങ്ങളായി കരുതിക്കാണും മറ്റു ചിലർ .എന്തായാലും ശരി അവസാനം മുന്നറിയിപ്പുകളൊക്കെ തൃണവല്ഗണിച്ച ബഹു സഹസ്രം പേർ ജലപ്രളയത്തിൽ  അകപ്പെട്ടു മരിച്ചപ്പോൾ ,മുന്നറിയിപ്പുകളെ  മുഖവിലക്കെടുക്കുകയും പെട്ടകത്തിൽ അഭയം പ്രാപിക്കുകയും ചെയ്ത അൽപ ജനമായ എട്ടുപേർ രക്ഷപെടുകയും ചെയ്തത് ചരിത്രം .

         യേശുകർത്താവിന്റെ വീണ്ടും വരവിനും ,യുഗാവസാനത്തിനും വാതിൽക്കലെത്തി നിൽക്കുന്ന ഈ സമയത്തും ഒരു വലിയ മുന്നറിയിപ്പ് ഉയർന്നു കേൾക്കുകയാണ് .സത്യസുവിശേഷത്തിന്റെ വലിയ മുന്നറിയിപ്പാണത് .നോഹയുടെ കാലം പോലെ ,മനുഷ്യപുത്രന്റെ നാളിലും ആകും എന്ന് യേശുകർത്താവ് അന്ത്യകാലത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ് .മ്ലേച്ഛതയും ,അധർമവും കൊടികുത്തി വാഴുന്ന അന്ത്യ  കാലമാണിത് .സുവിശേഷത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു അനേകർ ലോകത്തിന്റെ മോഹ വലയങ്ങളിൽപെട്ട് വഞ്ചിതരാകുകയും തങ്ങളുടെ  നിത്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു . സുവിശേഷം അറിയിക്കാൻ നമ്മാൽ ആകുന്നതിലും അധികം ചെയ്യണം .തീച്ചൂളയിൽ നിന്നും അനേകരെ രക്ഷപ്പെടുത്തി ദൈവസഭയാകുന്ന പെട്ടകത്തിൽ എത്തിക്കാനുള്ള ബാധ്യത നാം മറക്കരുത് .


.


===========================================================
                       

2017 ഡിസംബർ 3, ഞായറാഴ്‌ച

വമ്പൻ സ്രാവുകൾക്കൊപ്പം നീന്തേണ്ടി വരുമ്പോൾ !!!

           

       'വമ്പൻ സ്രാവുകൾക്കൊപ്പം നീന്തേണ്ടി വരുമ്പോൾ' !!!


                 സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പുസ്തകമായ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ " എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് .ഇതിനോടനുബന്ധിച്ചു  അനേകം വാദ വിവാദങ്ങളും ,ചർച്ചകളുമൊക്കെ ഇതിനോടകം തന്നെ നടന്നിട്ടുണ്ട് .ഉദ്യോഗത്തലപ്പത്തിരുന്നു കൊണ്ട് ഇത്തരം ഒരു പുസ്തകം രചിച്ചത് അനുചിതമാണെന്നും ,സർവീസ് നിയമങ്ങളുടെ ലംഘനമാണെന്നുമൊക്കെ പല നിലയിൽ അഭിപ്രായങ്ങൾ വന്നിരുന്നു . ഇത് കുറിക്കുമ്പോൾ ആ ഉദ്യോഗസ്ഥൻ വകുപ്പുതല നടപടി നേരിട്ടതായാണറിവ് .

       

              എന്നാൽ ഈ തലക്കെട്ട് നല്കുന്ന ആത്മീയ ഉൾക്കാഴ്ചകൾ മാത്രം കോറിയിടാനാണ്  ആഗ്രഹിക്കുന്നത് . വലിയ സമുദ്രത്തിൽ തീരെ ചെറിയ ജീവികൾ മുതൽ വമ്പൻ സ്രാവുകൾ വരെയുണ്ടെന്നതാണ് സത്യം .സമുദ്രാന്തർഭാഗം ജൈവവൈവിധ്യത്തിന്റെ വലിയ കലവറ തന്നെയാണ് . .ചെറു മീനുകളെ വലിയ മീനുകൾ ആഹാരമാക്കും .വൻ മത്സ്യങ്ങളെ വരെ ആഹാരമാക്കാൻ അല്ലെങ്കിൽ വിഴുങ്ങാൻ കഴിവുള്ള  കൂറ്റൻ സ്രാവുകളും മറ്റു കടൽ ജീവികളും ആഴിയെ  അടക്കി വാഴുന്നു .ഏറ്റവും ഭീമൻ മൽസ്യമായ നീലത്തിമിംഗലങ്ങൾ  പോലും സ്വൈര വിഹാരം നടത്തുന്നിടത്തു ,തീരെച്ചെറിയ മീനുകൾക്ക് നീന്തേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ അല്പം സാഹസികമെന്നേ പറയാനാവൂ. വിഴുങ്ങാൻ നിൽക്കുന്ന വമ്പന്മാരുടെ മുൻപിൽ പ്രതിരോധം തീർക്കുന്നത് തികച്ചും ദുഷ്കരമാണ് .ഇവയുടെ കണ്ണിൽ പെടാതെ നോക്കുന്നത് തന്നെ ഏറെ ശ്രമകരവുമാണ് .

       

               ഈ ലോകം ഒരു വലിയ സമുദ്രമാണെന്നിരിക്കെ ,നാമൊക്കെ അതിലെ തീരെചെറിയ മൽസ്യങ്ങൾ മാത്രം .മറ്റു ജീവികളെ നോക്കിയാൽ വലിപ്പത്തിലോ പെരുപ്പത്തിലോ ഒന്നും ഗണിക്കത്തക്ക വിശേഷതകളൊന്നും ഇല്ലെന്നുമോർക്കണം (Negligibly Small ).വിഴുങ്ങാൻ കെല്പുള്ള വമ്പൻ സ്രാവുകൾ അരങ്ങു വാഴുമ്പോൾ ,നാം സംരക്ഷിക്കപ്പെടുന്നത് നാം തീർക്കുന്ന പ്രതിരോധം കൊണ്ടോ ,നമ്മുടെ ഏതെങ്കിലും കഴിവ് കൊണ്ടോ അല്ലെന്ന വസ്തുത നാം മറക്കരുത് .ദൈവീക സംരക്ഷണം നമ്മെ പൊതിഞ്ഞതിനാൽ മാത്രമാണ് .സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ - “മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ, അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.”—⁠സങ്കീർത്തനം 124:2, 3..എന്നാണ് .

     

                             ഒരിക്കൽ ദൈവീക കല്പന അനുസരിക്കാതെ യാത്ര തിരിച്ച യോനാ പ്രവാചകനെ ,കടലിലെറിഞ്ഞ സംഭവം ഏവർക്കും അറിവുള്ളതാണല്ലോ . വമ്പൻ മൽസ്യങ്ങൾ വിഴുങ്ങാൻ നിന്നിടത്തു ,വിഴുങ്ങാനിരുന്നവന്റെ ഉദരത്തിൽ മൂന്നു ദിനരാത്രങ്ങൾ ഒരു പോറലുമേൽക്കാതെ സുരക്ഷിതമായി കാത്തതും ,ലക്ഷ്യത്തിലെത്തിച്ചതും അനേകം ചിന്തകളാണ് തരുന്നത് .വിഴുങ്ങാൻ ഭാവിക്കുന്ന വമ്പൻ സ്രാവുകൾക്കൊപ്പം നീന്തേണ്ടി വരുമ്പോൾ കരയെയും കടലിനെയും സകല ജീവജാലങ്ങളെയും സൃഷ്‌ടിച്ച സർവ്വശക്തന്റെ കരുതലും സാന്നിധ്യവും കൂടെയുണ്ടെന്ന യാഥാർഥ്യം മറക്കരുത് .



=================================================================
           
                                                                         -  സാം .ടി .മൈക്കിൾ ഇളമ്പൽ