കാഴ്ചക്കുറിപ്പുകൾ:
'ഹൈക്കമാൻറ്'
- സാം .ടി .മൈക്കിൾ ഇളമ്പൽ.
'ഹൈക്കമാൻറ്' എന്ന വാക്ക് പലപ്പോഴും വാർത്താമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധപ്പെട്ടാണ് .മേൽപ്പറഞ്ഞ പ്രസ്ഥാനത്തിന്റെ മേൽഘടകങ്ങളിലും ,കീഴ്‌ഘടകങ്ങളിലും എന്തെങ്കിലും പ്രതിസന്ധികളുണ്ടാകുന്ന സമയങ്ങളിലും ആഭ്യന്തര കലാപങ്ങൾ മുളപൊട്ടുമ്പോഴും 'ഹൈക്കമാൻറ്' ഇടപെട്ടു എന്നൊക്കെ വാർത്തകളിൽ കാണാറുണ്ട് .ഹൈക്കമാൻറ് താക്കീതു ചെയ്‌താൽ പൊതുവേ ഏതൊരു പ്രവർത്തകനും കീഴ്പെടാറാണ് പതിവ് .അച്ചടക്കം ലംഘിച്ച് കടുത്ത ശിക്ഷാ നടപടികളും നേരിട്ടവർ അനേകരാണ് .എന്തായാലും സംഘടനയുടെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു പരമാധികാരസ്ഥാനമാണ് ഹൈക്കമാന്റ് എന്നതാണ് വസ്തുത .പറഞ്ഞാൽ എതിരഭിപ്രായം പറയാതെ അനുസരിക്കേണ്ട അധികാര സ്ഥാനമാണ് എന്ന് തന്നെ .
ഈ വസ്തുത കുറിക്കുന്നത് ഒരു ആത്മീയ സന്ദേശം കോറിയിടാനാണ് .ഓരോ ദൈവ പൈതലിനും ഒരു ഹൈക്കമാന്റുണ്ട് .അത് സ്വർഗ്ഗത്തിലെ ദൈവമെന്ന പരമാധികാര കേന്ദ്രമാണ് .അനുസരണത്തോടെയും അച്ചടക്കത്തോടെയും പിൻ പറ്റേണ്ട പരമാധികാര കേന്ദ്രം .ദൈവം കൽപ്പിച്ചാൽ അത് അക്ഷരം പ്രതി അനുസരിക്കുന്നതാണുചിതം .മറുതലിക്കുന്നതു കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നതും തർക്കമില്ലാത്ത വസ്തുതയാണ് .സ്വർഗ്ഗത്തിലെ ഹൈക്കമാന്റിനു മുന്നിൽ വിധേയത്വം കാണിച്ചു അനുഗ്രഹീതരായവരുടെ നീണ്ട പട്ടിക തന്നെ വചനത്തിൽ കാണാം .അവിടുത്തെ കല്പന അനുസരിച്ചു തന്റെ ഏകജാതനായ മകനെ യാഗം കഴിക്കാനിറങ്ങിപ്പുറപ്പെട്ട അബ്രഹാമും ,മരുഭൂമിയിലൂടെ ദൈവജനത്തെ നയിച്ച മോശെയും ,സത്യദൈവത്തിന്റെ പക്ഷത്ത് നട്ടെല്ലുറപ്പോടെ ഉറച്ചു നിന്ന പ്രവാചകനായ ഏലീയാവുമൊക്കെ മേൽപ്പറഞ്ഞ നിലയിൽ അനുഗ്രഹീതരായ നിലയിൽ ഉന്നതന്റെ കല്പനക്കനുസരിച്ചു ചുവടുവച്ചവരാണ് .
നിനവെയിലേക്കു പോകാനുള്ള സർവ്വശക്തന്റെ കല്പന കേൾക്കാതെ തർശീശിലേക്കു പോയ യോനാപ്രവാചകന്റെ ചരിത്രം ഏവർക്കും അറിവുള്ളതാണല്ലോ . ദൈവത്തെ അനുസരിക്കാത്തവരും ,വിശ്വസിക്കാത്തവരുമൊക്കെ അവിടുത്തെ മുമ്പാകെ മുട്ട് മടക്കുന്ന ദിനം വിദൂരമല്ലെന്നതും യാഥാർഥ്യമാണ് . ദൈവീക കല്പനകൾ അനുസരിച്ചു (HighCommand ) അനുഗ്രഹം പ്രാപിച്ചു മുന്നേറാൻ ഏവർക്കും ഇടയാകട്ടെയെന്നാശംസിക്കുന്നു .സ്വർഗ്ഗത്തിലെ ഹൈക്കമാന്റിന് വിധേയപ്പെട്ടാകണം അനുദിന ജീവിതത്തിലെ ഓരോ ചുവടുവയ്പുകളും .
-
=====================================================================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ