സംസ്ഥാനത്തു കഴിഞ്ഞ ദിനങ്ങളിൽ വീശിയടിച്ച ' ഓഖി ' ചുഴലിക്കാറ്റും ,അതിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല . അതി ശക്ത വിഭാഗത്തിൽപ്പെടുന്ന ഈ കാറ്റും കടൽക്ഷോഭവും വരുത്തിവെച്ച വിനാശവും ,ആളപായവും ലഘുവായുള്ളതല്ല .ഇനിയും കടലിൽ പോയവരെ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത് .ഈ കുറിപ്പെഴുതുമ്പോൾ നൂറ്റിനാല്പത്തി മൂന്നിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം . കേരളത്തിലും ,തമിഴ് നാട്ടിലും ,ലക്ഷദ്വീപിലുമൊക്കെ കനത്ത നാശനഷ്ടങ്ങളാണ് ഈ ദുരന്തത്തെ തുടർന്നുണ്ടായത് .ഇത്തരം ദുരന്ത സമയങ്ങളിൽ ,ഫലപ്രദമായും ചിട്ടയായും പ്രവർത്തിക്കാൻ ദുരന്തനിവാരണ സേനയും മറ്റുമുള്ളപ്പോഴും, വേണ്ടത്ര ഗുണപരമായി ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട് .
എന്നാൽ ചുഴലിക്കാറ്റിനെക്കാളും വലിയ വിവാദക്കൊടുങ്കാറ്റുകൾക്കും ഈ ദിനങ്ങളിൽ പൊതു സമൂഹം സാക്ഷ്യം വഹിച്ചു . തക്ക സമയത്തു മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാണ് ഒരു വാദം .എന്നാൽ വൈകിയാണ് തങ്ങൾക്കു ഇത്തരം നിർദേശം ലഭിച്ചതെന്നും , ഉടൻ തന്നെ സത്വര ദുരിതാശ്വാസ നടപടികളുമായി മുന്നോട്ടു പോയെന്നും അധികൃതർ വിശദീകരിക്കുന്നു .എന്തായാലും എല്ലാവരും ഒരു വസ്തുത ഒരേ മനസോടെ അംഗീകരിക്കുന്നുണ്ട് .തക്ക സമയത്തു മുന്നറിയിപ്പുകൾ ലഭിച്ചാൽ അനേകർക്ക് തങ്ങളുടെ ജീവനും ആരോഗ്യവും നിലനിർത്താനാവുമെന്നാണ് ഈ വസ്തുത .
വിശുദ്ധ വേദ പുസ്തകത്തിലെ ഇത്തരം സമാനമായ ഒരു സംഭവം ഓർക്കുകയാണ് .ആസന്നമായ പ്രളയ ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പുമായി നോഹയെന്ന നീതി പ്രസംഗി നടന്നത് ആർക്കാണ് മറക്കാൻ കഴിയുന്നത്?.അതുവരെ ഭൂമിയിൽ ഉണ്ടാകാത്ത വിധത്തിലെ ഒരു വൻ പ്രളയ ദുരന്തത്തെക്കുറിച്ചു ദൈവം ആ വ്യക്തിക്ക് നൽകിയ അരുളപ്പാടു ,ജനത്തെ അറിയിക്കുകയായിരുന്നു .തിന്മയും പാപവും കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്തെ ജനങ്ങളിൽ ആര് കേൾക്കാൻ.വെള്ളം കുടിച്ചു മരിച്ചാലും ശരി പെട്ടകത്തിൽ കയറില്ല എന്ന മുൻവിധി ചിലർക്കുണ്ടായിരുന്നു എന്ന് തോന്നിപ്പോകും .അല്ലെങ്കിൽ ഒരു മനുഷ്യന്റെ അബദ്ധ ജല്പനങ്ങളായി കരുതിക്കാണും മറ്റു ചിലർ .എന്തായാലും ശരി അവസാനം മുന്നറിയിപ്പുകളൊക്കെ തൃണവല്ഗണിച്ച ബഹു സഹസ്രം പേർ ജലപ്രളയത്തിൽ അകപ്പെട്ടു മരിച്ചപ്പോൾ ,മുന്നറിയിപ്പുകളെ മുഖവിലക്കെടുക്കുകയും പെട്ടകത്തിൽ അഭയം പ്രാപിക്കുകയും ചെയ്ത അൽപ ജനമായ എട്ടുപേർ രക്ഷപെടുകയും ചെയ്തത് ചരിത്രം .
യേശുകർത്താവിന്റെ വീണ്ടും വരവിനും ,യുഗാവസാനത്തിനും വാതിൽക്കലെത്തി നിൽക്കുന്ന ഈ സമയത്തും ഒരു വലിയ മുന്നറിയിപ്പ് ഉയർന്നു കേൾക്കുകയാണ് .സത്യസുവിശേഷത്തിന്റെ വലിയ മുന്നറിയിപ്പാണത് .നോഹയുടെ കാലം പോലെ ,മനുഷ്യപുത്രന്റെ നാളിലും ആകും എന്ന് യേശുകർത്താവ് അന്ത്യകാലത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ് .മ്ലേച്ഛതയും ,അധർമവും കൊടികുത്തി വാഴുന്ന അന്ത്യ കാലമാണിത് .സുവിശേഷത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു അനേകർ ലോകത്തിന്റെ മോഹ വലയങ്ങളിൽപെട്ട് വഞ്ചിതരാകുകയും തങ്ങളുടെ നിത്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു . സുവിശേഷം അറിയിക്കാൻ നമ്മാൽ ആകുന്നതിലും അധികം ചെയ്യണം .തീച്ചൂളയിൽ നിന്നും അനേകരെ രക്ഷപ്പെടുത്തി ദൈവസഭയാകുന്ന പെട്ടകത്തിൽ എത്തിക്കാനുള്ള ബാധ്യത നാം മറക്കരുത് .
.
===========================================================




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ