2017 ഒക്‌ടോബർ 26, വ്യാഴാഴ്‌ച

"കണക്കെഴുത്തിൻ പ്രമാണി വിളിച്ചുചോദിക്കുന്നേരം..."

            
                  "കണക്കെഴുത്തിൻ പ്രമാണി വിളിച്ചുചോദിക്കുന്നേരം..."
                                                                             www.samtmichael.blogspot.com

                            വളരെ നാളുകൾക്കുമുമ്പ്  കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രധാന അധികാരിയുമായി അവിചാരിതമായി കാണുവാനും കുറെ സമയം സംസാരിക്കാനും ഇടയായി .അദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും(സാമ്പത്തിക വർഷാന്ത്യമായതിനാൽ ) ആ ദിനങ്ങളിൽ നടക്കുന്ന വാർഷിക കണക്കെടുപ്പിന്റെ  ജോലിഭാരവും ആകുലതകളും മനസ്സിലാക്കാൻ ഇടയായി . ലോക്കൽ ഫണ്ട് ആഡിറ്റ് (Local Fund Audit )വിഭാഗം ഉദ്യോഗസ്ഥർ , നടപ്പു വർഷത്തെ ധനവിനിയോഗ ,ക്രയവിക്രയങ്ങളുടെ എല്ലാ വിവരങ്ങളും പരിശോധിക്കും. .അദ്ദേഹം പറഞ്ഞതിപ്രകാരമായിരുന്നു -'എല്ലാറ്റിനും കണക്കു കാണിക്കേണം .ചെറുതും വലുതുമായ എല്ലാ ദിനവൃത്താന്തങ്ങളുടെയും രേഖകളും രശീതികളും പരിശോധിച്ച് ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്തേണം.ചോദിക്കുന്ന ചോദ്യങ്ങൾക്കു ,കൃത്യമായ ഉത്തരവും നൽകേണം '.
എന്തെങ്കിലും പൊരുത്തക്കേടുണ്ടെന്നു തോന്നിയാൽ വിജിലൻസ് കേസും മറ്റു നിയമ നടപടികളും നേരിടുകയും വേണം .

                                ആ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങൾ ചില ചിന്തകളാണ് നൽകിയത് . തീരെച്ചെറിയതും ,വലുതുമായ എല്ലാ പണവും ശരിയായ വിനിയോഗമാണോചെയ്തതെന്ന് നോക്കും .കൂടാതെ വികസനത്തിനും പദ്ധതി നിർവഹണത്തിനുമായി അനുവദിച്ച പണം പാഴാക്കിയാൽ അതിനും ഉത്തരം കൊടുക്കേണം .നിർദ്ദിഷ്ട പദ്ധതിക്ക് അനുവദിച്ച ധനം വക മാറ്റി ചിലവിട്ടാൽ അതിനും കൊടുക്കണം മറുപടി. ചുരുക്കത്തിൽ നേരെചൊവ്വെയല്ലാത്ത എല്ലാ ക്രയവിക്രയങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഒരു ദിനം ഉണ്ടെന്നുള്ളതാണ് സത്യം .വിവിധ സർക്കാർ വകുപ്പുകളിലെ ക്രമക്കേടുകൾ അകൗണ്ടൻറ് ജനറൽ പരിശോധിച്ച് പുറത്തു വന്നിട്ടുള്ളതും ,സംസ്ഥാന ,കേന്ദ്ര ഭരണ ചക്രങ്ങളിലുള്ളവരുടെ ഉത്തരം മുട്ടിയിട്ടുള്ളതും എത്രയോ തവണ ജനം കണ്ടതാണ് .
                         ഞാനിതു കുറിക്കുന്നത് നാം ഓരോരുത്തരും ദൈവ സന്നിധാനത്തിൽ കണക്കു കൊടുക്കേണ്ട ഒരു ദിനമുണ്ടെന്ന് ഓര്മപ്പെടുത്താനാണ് ,നമുക്ക് ലഭിച്ച സമയം ,താലന്തുകൾ ,ഭൗതിക നന്മകൾ ഇവയൊക്കെ ദൈവഹിത പ്രകാരണമാണോ ചിലവിട്ടതെന്നു ഒന്ന് അവലോകനം ചെയ്യാൻ നമുക്കിടയാകേണം .സാക്ഷാൽ കണക്കെഴുത്തിന്റെ പ്രമാണി എന്നി എന്നി ചോദിക്കുമ്പോൾ ഒന്നും അറിഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞൊഴിയാനാകില്ല .താലന്തുകൾ കുഴിച്ചിട്ട്  സമയം പാഴാക്കിയവനെപ്പോലെയല്ല ,സമയ സന്ദർഭങ്ങൾ ശരിയായി വിനിയോഗിച്ചു അത് വ്യാപാരം ചെയ്തവനെപ്പോലെ നമ്മുടെ താലന്തുകൾ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി വിനിയോഗിക്കാൻ നമുക്ക് കഴിയട്ടെ .പാഴാക്കിക്കളയുന്ന സമയ, സന്ദര്ഭങ്ങൾക്കും നാം കണക്കു ബോധിപ്പിക്കേണം. ഒരിക്കൽ ഒരു പരസ്യ യോഗത്തിനു കേട്ട പഴയ ഓരോ പാട്ടിന്റെ വരികൾ താഴെക്കുറിക്കുന്നു .
                 "കണക്കെഴുത്തിൻ പ്രമാണി വിളിച്ചുചോദിക്കുന്നേരം ,
                  ശരിക്കൊരുത്തരം നൽകാൻ നിനക്കതുണ്ടോ?"




----------------------------------------------------------------------------------------------------
                                                                സാം ടി.മൈക്കിൾ ഇളമ്പൽ

2017 ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

മാനത്തോടിരിക്കുന്ന മനുഷ്യൻ!

                                        സമൂഹത്തിൽ വിദ്യാഭ്യാസവും  അറിവും കൂടുന്നതിന് നേർ അനുപാതത്തിൽ ,സാംസ്കാരിക നവോത്ഥാന രംഗങ്ങളിൽ മുന്നേറ്റമുണ്ടാവുമെന്നാണ് കരുതുന്നത് .എന്നാൽ ഈ വളർച്ച നേർ അനുപാതത്തിനു പകരം വിപരീത അനുപാതത്തിലാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവുമോ? കാരണം ആധുനിക പരിഷ്കൃത സമൂഹത്തിലും അന്ധ വിശ്വാസങ്ങളും ,ആൾദൈവങ്ങളും സ്വാധീനമുറപ്പിച്ചിരിക്കുന്നു.പ്രബുദ്ധ സമൂഹത്തിൽ ഇതൊന്നും നല്ല കീഴ്വഴക്കമല്ലെന്നോർക്കണം . ഏതാനും ആഴ്ചകൾക്കു മുൻപ് രാജ്യത്തെ പ്രമുഖ ആൾദൈവം പിടിയിലായത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു .ഇവർക്കൊക്കെ സമൂഹത്തിലെ താഴേത്തട്ടുമുതൽ ,ഉന്നതങ്ങളിൽ വരെയുള്ള സ്വാധീനവും ചെറുതല്ല .

                                        സാക്ഷരതയിലും മറ്റും പിന്നോക്കം നിന്നിരുന്ന കാലത്തു അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ഉണ്ടായിരുന്നു .സതി,ശൈശവ വിവാഹം തുടങ്ങിയ അനാചാരങ്ങളൊക്കെ നിർത്തലാക്കിയത് പല നവോത്ഥാന നായകരുടെയും ശ്രമ ഫലമായിട്ടായിരുന്നു .എന്നാൽ ഇക്കാലത്തെ പച്ചപ്പരിഷ്കാരികൾ പോലും ആൾദൈവങ്ങൾക്കു മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നെങ്കിൽ , അത് സാംസ്കാരിക അധഃപതനമല്ലേ ?ഞാനിതു കുറയ്ക്കുന്നതിന് ഏതാനും നാളുകൾക്ക്  മുൻപ് ഒരു ആൾ ദൈവത്തിനു മുൻപിൽ രാജ്യത്തെ ഏറ്റവും പ്രമുഖർ തലകുമ്പിട്ടതു വാർത്തകളിൽ കണ്ടു. ഉന്നത സ്ഥാനീയരും ,ഭരണത്തലപ്പത്തുള്ളവരുമൊക്കെ ഇതൊക്കെ ചെയ്യുമ്പോൾ ഒരു വാക്യ മാണ്  ഓർമയിൽ വരുന്നത് ."മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനാകയാൽ ,നശിച്ചു പോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ ".

                         ഈ അന്ത്യ കാലത്തു , സർവ്വ ശക്തൻ സ്വർഗത്തിൽ നിന്നു നോക്കുകയാണ് - ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണുവാൻ ...അത് നാം മറക്കരുത് !!!നാം ബുദ്ധിമാന്മാരുടെ പക്ഷത്തോ ?



                          

2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഇരിക്കുന്ന കൊമ്പ് മുറിക്കുകയും ,ആ കൊമ്പിൽത്തന്നെയിരുന്ന് 'സെൽഫി'എടുക്കുകയും ചെയ്യുന്നവർ!!!

                                 
                                സഹപാഠി മുങ്ങിത്താഴുന്നതറിയാതെ സെൽഫിയെടുത്ത്  രസിച്ച കൂട്ടുകാരെക്കുറിച്ചുള്ള ഒരു പത്ര വാർത്ത കാണുവാനിടയായി . ബംഗളുരുവിലെ ഒരു പാഠശാലയിൽ നിന്നുള്ള കുറെ കുട്ടികൾ ജലാശയത്തിലിറങ്ങി നിന്ന് സെൽഫിയെടുക്കുന്നതിനിടെയായിരുന്നു മേൽപ്പറഞ്ഞ ദാരുണ സംഭവം .ചിത്രം പകർത്തുന്നതിനിടയിൽ സ്വന്തം കൂട്ടുകാരൻ പിന്നിൽ ജീവനുവേണ്ടി പിടയുന്നത് കൂട്ടുകാരാരും അറിയാതെപോയി.എന്തായാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ഭൂഷണമല്ല.


          അപകടം പിടിച്ച സ്ഥലങ്ങളിൽ നിന്ന് സ്വന്തം ചിത്രം ഫോണിൽ പകർത്തുന്നതിനിടെ, ഇത്തരത്തിൽ ദുരന്തത്തിൽപ്പെട്ട നിരവധിയാളുകളെക്കുറിച്ചു ദൃശ്യമാധ്യമങ്ങളിലൂടെയും ,മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഇതിനോടകം തന്നെ ധാരാളം വാർത്തകൾ പുറത്തു വന്നിട്ടുണ്ട് .നമ്മുടെ നാട്ടിൽ മേൽപ്പറഞ്ഞ വിധം വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴും , ഇത്തരത്തിൽ 'സെൽഫി'എടുക്കാൻ വെമ്പൽ കൊള്ളുന്നവർ ഇനിയുമുണ്ടെന്നാണ് കരുതുന്നത് .കെട്ടിടത്തിന് മുകളിൽ നിന്നും ,ഉയർന്ന സ്ഥലങ്ങളിൽ നിന്നും ,വാഹനം ഓടിക്കുന്നതിനിടയിലും,കടൽത്തീരത്തു നിന്നും എന്ന് വേണ്ടാ കടന്നൽക്കൂടിനു മുന്നിൽ നിന്നുപോലും   സ്വന്തം ചിത്രമെടുക്കുന്നതും ,സമൂഹ മാധ്യമങ്ങളിൽ 'ലൈവിൽ',വരുന്നതുമൊക്കെ സാഹസികമായി കരുതുന്നവരുണ്ടാകാം .എന്നാൽ ഇത്തരക്കാർ അറിയുന്നില്ല കാൽച്ചുവട്ടിലെ ദുരന്ത മുഖങ്ങൾ .

                       കുറെ നാളുകൾക്കു മുൻപ് ഇത്തരത്തിൽ മറ്റൊരു വാർത്ത സമൂഹ മനഃസാക്ഷിയെ സ്പർശിച്ചിരുന്നു .വഴിയിൽ അപകടത്തിൽപ്പെട്ടു കിടന്ന ഒരാളിനെ  രക്ഷിക്കുന്നതിന് പകരം , അവിടെ നിന്ന പലരും സ്വന്തം ഫോണിലെ കാമറയിൽ ആ ദാരുണ ദൃശ്യം പകർത്തിയതിനെക്കുറിച്ചായിരുന്നു അന്നത്തെ കുറിപ്പ് .തക്ക  സമയത്തു വൈദ്യ സഹായം ലഭിക്കാതെ , രക്തം വാർന്നു ഒരു വിലപ്പെട്ട ജീവൻ പൊലിഞ്ഞതിനെക്കുറിച്ച അന്ന് വന്ന വാർത്തയും ഏറെ ഹൃദയ ഭേദകമായിരുന്നു. ചിത്രമെടുക്കാൻ മെനക്കെട്ടു നിന്ന ആരെങ്കിലും ഒരാൾ , ആ സമയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനോ,പ്രഥമശുശ്രൂഷക്കുള്ള എന്തെങ്കിലും കാര്യങ്ങൾക്കോ തുനിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു വാർത്തയേ ഉണ്ടാകുമായിരുന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ സമൂഹത്തെ പുരോഗതിയുടെ നെറുകയിലെത്തിച്ചിട്ടുണ്ടെങ്കിലും ,പലയിടത്തും മനുഷ്യത്വം അതിനനുസരിച്ചുയരുന്നില്ലെന്ന് ആരോ പറഞ്ഞതോർക്കുന്നു .

                            അവസരത്തിലും ,അനവസരത്തിലും മേല്പറഞ്ഞപോലെ  ഫോണിൽ സെൽഫിയെടുക്കുന്നവരറിയണം ,പലപ്പോഴും കാൽച്ചുവട്ടിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നു .അവർ ആ ചിത്രത്തിന് ലഭിക്കുന്ന 'ലൈക്കും' 'കമന്റും ' 'ഷെയറും', മാത്രമേ ഒരുപക്ഷെ ലക്‌ഷ്യം വക്കാറുള്ളൂ . ഇതൊന്നും ഒരു സാഹസിക പ്രവർത്തിയേ  അല്ല,മറിച്ചു ശുദ്ധ   മണ്ടത്തരമാണെന്നും മനസ്സിലാക്കാറില്ല .ഇതിനൊക്കെ കളയുന്ന സമയം ,സമൂഹത്തിനോ നാടിനോ ഒക്കെ വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ അതാകും ഏറെ നന്ന് . ഏതു നൂതന സംവിധാനങ്ങളായാലും ശരി ,പക്വതയാർന്ന ഉപയോഗം കുട്ടികളെ  ശീലിപ്പിക്കേണ്ടതാണ് ..അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകണം .അതിനു മാതാപിതാക്കളും,അധ്യാപകരും ,മുതിർന്നവരുമൊക്കെ കൂട്ടായ ശ്രമങ്ങൾ നടത്തേണ്ടതുമാണ് .

============================================
സാം .ടി .മൈക്കിൾ ഇളമ്പൽ






2017 ഒക്‌ടോബർ 8, ഞായറാഴ്‌ച

ജീവിതയാത്രയിൽ അവഗണിച്ചുകൂടാത്ത ചെറിയ ചെറിയ കാര്യങ്ങൾ .

ജീവിതയാത്രയിൽ അവഗണിച്ചുകൂടാത്ത ചെറിയ ചെറിയ കാര്യങ്ങൾ .

                          കുറെയേറെ  നാളുകൾക്ക് മുൻപ് കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്ക് പോകാനായി പറന്നുയർന്ന ഒരു വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ വാർത്ത കാണാനിടയായി.നൂറുകണക്കിന് യാത്രക്കാരെയും കൊണ്ട് കുതിച്ചു പൊങ്ങിയ ഈ ആകാശയാനത്തിൽ ഒരു ചെറിയ പക്ഷി വന്നിടിച്ചതുമൂലമുണ്ടായ സാങ്കേതികത്തകരാറായിരുന്നു അടിയന്തിരമായി തിരിച്ചിറങ്ങാൻ കാരണമായത് .ഒട്ടേറെ യാത്രക്കാരുടെ സ്വപ്നങ്ങളും ,പ്രതീക്ഷകളും പേറി ,മറുനാട്ടിലേക്കു പറന്നുയർന്ന ഈ വിമാനം തിരിച്ചിറങ്ങിയത് യാത്രക്കാരെ തെല്ലൊന്നുമല്ല വിഷമത്തിലാഴ്ത്തിയത്. എന്നാൽ സാങ്കേതികത്തകരാർ പരിഹരിക്കാതെ യാത്ര തുടർന്നാൽ പിന്നീട്  വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ബന്ധപ്പെട്ടവർ ആ പ്രശ്നം പരിഹരിച്ചതിന് ശേഷം മാത്രമായിരുന്നു യാത്രാനുമതി നൽകിയത് .

                          കേവലം ഒരു ചെറിയ പക്ഷിയെ ,നൂറു കണക്കിന് യാത്രക്കാരെയും കൊണ്ട് പറക്കുന്ന ഒരു വിമാനവുമായി തുലനം ചെയ്യാനേ കഴിയില്ല. വലുപ്പം നോക്കിയാൽ ,തള്ളിക്കളയാവുന്നത്രക്ക്  ചെറുതാണ് (Negligibly Small )പക്ഷിയുടേത് . പക്ഷേ ബഹുശതം പേരുടെ യാത്രക്ക് ഭംഗം വരുത്താൻ,അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്തു എത്തുന്നത് തടയാൻ പോലും ,ഈ പക്ഷി പറന്നുയരുന്ന ഈ വിമാനത്തിലൊന്ന് ഇടിച്ചാൽ മാത്രം മതി. തൻമൂലം ചെറുതോ,വലുതോ ആയ സാങ്കേതികത്തകരാറിനും ,ഒരു പക്ഷെ അപകടത്തിനുമൊക്കെ .അതിനാലാണ് തീരെചെറിയ പ്രശ്നമാണെങ്കിലും അത് പരിഹരിച്ചതിനു ശേഷം മാത്രം യാത്രക്ക് ഒരുങ്ങുന്നതെന്നു മറക്കരുത് .

                          നമ്മുടെ ആത്മീയ ജീവിതവും ഒരു യാത്രയാണ്.യാത്രക്ക് വിഘാതമുണ്ടാക്കുന്ന വലിയ പ്രതിബന്ധങ്ങളെ ഒരു പക്ഷെ നാമെല്ലാവരും സഗൗരവം കാണുകയും വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യും .എന്നാൽ ആത്മീയ ഉന്നതിക്ക് തടസ്സം സൃഷ്ടിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളെ പലപ്പോഴും നാമെല്ലാം ശ്രദ്ധിക്കണമെന്നില്ല. നമ്മുടെ ലക്‌ഷ്യം നിത്യതയാണ്.ആ നിത്യതയിലേക്കുള്ള മാർഗ്ഗത്തിന് തടയിടാൻ ,ജീവിതത്തിലെ തീരെച്ചെറിയ പാപസ്വഭാവങ്ങൾ മാത്രം മതിയാകും.ചെറിയ പിണക്കങ്ങളും ,അതുപോലെയുള്ള ജഡത്തിന്റെ സ്വഭാങ്ങളുമൊക്കെ കണ്ടില്ലെന്നു നടിക്കാതെ ,ഇവയൊക്കെ ജീവിതത്തിൽ നിന്നും ഒഴിവാക്കി, മുമ്പോട്ടുള്ള യാത്ര സുഗമമാക്കണം .നമ്മുടെ ലക്‌ഷ്യം നിത്യത എന്നത് മറക്കരുത് !!

 സാം .ടി .മൈക്കിൾ ഇളമ്പൽ

'ഇതൊന്നും വരത്തില്ലല്ലോ അല്ലേ !'

'ഇതൊന്നും വരത്തില്ലല്ലോ  അല്ലേ !'

                

                             ഈയിടെ സമൂഹ മാധ്യമങ്ങളിൽ വിമർശന,ആക്ഷേപ രൂപേണ പ്രചരിച്ച ഒരു സംഭാഷണത്തിന്റെ ഭാഗമാണ് -'ഇതൊന്നും (സ്‌ക്രീനിൽ / ചാനലിൽ ) വരത്തില്ലല്ലോ ' എന്നത് . സാധാരണ സംപ്രേഷണം ചെയ്യുന്ന അഭിമുഖങ്ങളിലും വാർത്ത സമ്മേളനങ്ങളിലുമെല്ലാം സംസാരിക്കുന്നവർ ഏറെ ശ്രദ്ധിച്ചാണ് വാക്കുകൾ ഉരുവിടുന്നത്  .കാരണം ഇതൊക്കെ പൊതുജനം കണ്ണും കാതും കൂർപ്പിച്ചാണ് ശ്രദ്ധിക്കുന്നതെന്ന്  അവർക്കറിയാം . ചെറുതായൊന്നു നാവു പിഴച്ചാൽ മതി ,സൂക്ഷ്മ ദര്ശിനിയിലൂടെ നോക്കിക്കാണുന്നവർ വിമർശനവും ,ആക്ഷേപ ഹാസ്യവുമായി രംഗത്തു വരും .പിന്നെ വിശദീകരണവും, ഖേദം പ്രകടിപ്പിക്കലുമൊക്കെയായി രംഗത്തു വരണം .പലപ്പോഴും സൗഹൃദ സംഭാഷണങ്ങൾ സംപ്രേഷണം ചെയ്യപ്പെടുന്നുല്ലെന്നുറപ്പാക്കാറുണ്ട് പ്രമുഖർ . കാരണം കേവലം സംഭാഷണത്തിലെ ,അനൗപചാരിക കാര്യങ്ങൾഅത് വ്യക്തിയോട് നേരിട്ട് പറയുന്നതാണ്,അല്ലാതെ  പൊതുവിലുള്ളതല്ലെന്നും .

             
                          ഞാനിതു കോറിയിട്ടത്  വീണ്ടും ഒരു ചർച്ചക്കു വഴി തിരിച്ചു വിടാനല്ല .സൂക്ഷിച്ചു ശ്രദ്ധിച്ചാൽ അതിലൊരു ആത്മീയ വീക്ഷണം കാണാം .അറിഞ്ഞോ ,അറിയാതെയോ നാം ഉച്ചരിക്കുന്ന ഏതൊരു വാക്കിനും ,പ്രവർത്തിക്കും നാം കണക്കു കൊടുക്കേണ്ടതാണ് .ഭൂമിയിൽ എല്ലായിടവും സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സർവ ശക്തന്റെ കണ്ണുകൾ നമ്മുടെ എല്ലാ ദൈനം ദിനം വ്യാപാരങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ചില വ്യാപാരസ്ഥാപനങ്ങളിൽ  ഈ സ്ഥാപനം CCTV  നിരീക്ഷണത്തിലാണ് എന്ന് അറിയിച്ചിരിക്കുന്നത് പോലെ. ഞാനതു പറഞ്ഞില്ല ,ചെയ്തില്ല എന്നൊന്നും പറഞ്ഞു തടി താപ്പാനാകില്ല,കാരണം സകലവും സ്‌ക്രീനിൽ തെളിയുന്നയതിനേക്കാൾ കൃത്യതയോടെ കണ്മുന്നിലെത്തും .അതിനൊക്കെ കണക്കു പറയേണ്ടി വരുമെന്നുമോർക്കണം .
          
                       ആയതിനാൽ ദൈവത്തിനു പ്രസാദമായ വാക്കുകളും പ്രവർത്തികളുടെ ജീവിത യാത്രയിൽ മുന്നേറണം .അത്രക്ക് സൂക്ഷമത വേണം നമുക്ക് ,കാരണം സർവ്വശക്തന്റെ നിരീക്ഷണത്തിലാണ്  നാം !!



2017 ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

ആരെയും കുറ്റം പറയരുതേ ...കാര്യം അറിയാതെ !!!!!!!!



                 താനൊഴികെ മറ്റുള്ളവരൊക്കെ കുഴപ്പക്കാരും എന്തൊക്കെ ന്യൂനതകളും ഉള്ളവരാണെന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം ആൾക്കാർ എല്ലായിടത്തുമുണ്ട് .മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുകയും ,വിമർശിക്കുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ പ്രധാന വിനോദം.ആരുടെയെങ്കിലും നല്ല കാര്യം കേട്ടാൽ ഇടനെഞ്ച്  പിടക്കുകയും ,വാദങ്ങളോ വിവാദങ്ങളോ ഒക്കെയാണെങ്കിൽ കേട്ട് പാതി കേൾക്കാതെ മറുചെവികളിൽ എത്തിക്കുകയും ചെയ്യും ഇക്കൂട്ടർ .

              ഒരിക്കൽ ഒരു പ്രഭാഷകൻ തന്റെ പ്രസംഗ മദ്ധ്യേ കേൾവിക്കാരോടായി ഒരു ചോദ്യമുന്നയിച്ചു .ഡെങ്കിപ്പനി ,പക്ഷിപ്പനി ,മലേറിയ .കോളറ ,തുടങ്ങി അതിവേഗം പടരുന്ന പകർച്ചവ്യാധികളുണ്ട് .ഇതിനെയൊക്കെക്കാളും  അതിവേഗം പടരുന്നതും ,മാരകവുമായ ഒരു വിപത്തുണ്ട് -ആ വിപത്ത് ഏതാണ് ? എന്നായിരുന്നു ചോദ്യം.മറുപടിയൊന്നും കിട്ടാതിരുന്നതിനാൽ പ്രഭാകൻ  തന്നെ ഉത്തരം പറഞ്ഞു -'അപവാദങ്ങളത്രെ ഏറ്റവും മാരകവും മാരകവും വേഗം പടർന്നു പിടിക്കുന്നതും '.സത്യമായ കാര്യങ്ങൾ അറിയുകയും അറിയിക്കുകയും ചെയ്യുന്നതിനേക്കാൾ നൂറു മടങ്ങു വേഗത്തിൽ അപവാദങ്ങളും അസത്യങ്ങളും പ്രചരിച്ചിരിക്കുമെന്നത് വസ്തുതയാണ് .

         പണ്ടൊക്കെ ആരുടെയെങ്കിലും കുറ്റം പറയുകയോ ,അപവാദം  പറയുകയോ ഒക്കെ ചെയ്യുന്നത് വ്യക്തികൾ തമ്മിൽ പറഞ്ഞും ,ഒരു ചെവിയിൽ നിന്നും മറ്റൊരു ചെവിയിൽ എത്തിച്ചുമായിരുന്നു എന്നാണറിവ്  .എന്നാൽ ഇന്ന് കാലം  ഏറെ മാറി. ഇന്നിതൊക്കെ ചെയ്യുന്നത് ആധുനിക വാത്താവിനിമയ സാദ്ധ്യതകൾ മുതലെടുത്താണ് .എന്തെങ്കിലുമൊന്ന് കേൾക്കുകയോ അറിയുകയോ ചെയ്‌താൽ മതി. കാള  പെറ്റു  എന്നു കേട്ടയുടനെ കയറെടുക്കന്നതുപോലെ, കേട്ട് പാതി കേൾക്കാതെ അത് വാട്സാപ്പോ ,ഫേസ് ബുക്കോ പോലെയുള്ള ഏതെങ്കിലും സമൂഹമാധ്യമങ്ങളിൽ ചിത്രമുൾപ്പെടെ പോസ്റ്റ് ചെയ്യും. വിധിയും വിചാരണയും നടപ്പാക്കാൻ മേൽപ്പടിക്കാർക്ക്  ആരാണ് അധികാരം നല്കിയതെന്നറിയില്ല .അതിന്റെ നിജ സ്ഥിതി അറിയാതെ ,ഇതൊക്കെ ഏറ്റെടുക്കാൻ സദാ സന്നദ്ധരായവർ 'ലൈക്ക്‌' ചെയ്തും 'ഷെയർ' ചെയ്തും ,ഗ്രൂപ്പുകളിൽ ഇട്ടുമൊക്കെ നന്നായി അധ്വാനിക്കുമ്പോൾ  യഥാർത്ഥ സത്യം മൂടിവക്കപ്പെട്ടിരിക്കും.....കൂടാതെ മനസ്സാ, വാചാ, കർമണാ ഇതൊന്നും അറിയാത്ത നിരപാരാധികളുടെ നെഞ്ചിൽ ഒരു നെരിപ്പോട് തന്നെ എരിച്ചിരിക്കുകയും ചെയ്യും .

           ഞാനിതു കുറിക്കാൻ കാരണം ഏറെ നാളുകൾക്കു മുൻപ് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത ഒരു മനുഷ്യനെക്കുറിച്ചു ആരോ ഒരു ചിത്രവും കുറിപ്പും ഇട്ടതിനെക്കുറിച്ചു വന്ന ഒരു വാർത്തയാണ് .ആ മനുഷ്യനെ ,വിമർശിച്ചപ്പോൾ ധർമം പരാജയപ്പെടുകയുകയും  ,അധർമം വിജയിക്കുകയുമായിരുന്നു .ആ ബഹുമാന്യ വ്യക്തിയും കുടുംബവും നീറിപ്പുകഞ്ഞതിന്റെ  പകരം എന്ത് പ്രായശ്ചിത്തം ചെയ്താൽ  മതിയാകും ?ആയതിനാൽ ആരെയും കുറ്റം പറയരുതേ ...കാര്യം അറിയാതെ . വിശുദ്ധ ബൈബിളിൽ പറയുന്നതുപോലെ സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാൻ പറയാൻ നിൽക്കരുതേ ..അപവാദ പ്രചാരണം ഏറ്റവും മാരകമത്രെ .അതുകൊണ്ടു നല്ല വാർത്തകൾ , നല്ല ചിന്തകൾ ,നല്ലപ്രവർത്തികൾ പ്രചരിപ്പിക്കൂ...അല്ലെങ്കിൽ സമൂഹത്തിനു എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യൂ... അതിനൊക്കെ 'ലൈക്കും' സപ്പോർട്ടും ചെയ്യാൻ നല്ല മനസ്സുള്ളവർക്കു ഇന്നും പഞ്ഞമില്ലെന്നു തന്നെ കരുതുന്നു ...


2017 ഒക്‌ടോബർ 3, ചൊവ്വാഴ്ച

ജീവിത യാത്രയുടെ ദിശ മാറ്റിയ ഒരു 'ജനരക്ഷാ യാത്ര ' അഥവാ 'വിമോചന യാത്ര '

ജീവിത യാത്രയുടെ ദിശ മാറ്റിയ ഒരു  'ജനരക്ഷാ  യാത്ര ' അഥവാ 

'വിമോചന യാത്ര '.


                    നമ്മുടെ നാട്ടിൽ നേതാക്കന്മാരുടെ പൊതുജന സമ്പർക്ക  യാത്രകൾക്ക് പഞ്ഞമില്ല.ജന വിമോചന യാത്ര , ജന രക്ഷാ യാത്ര ,സമാധാന യാത്ര തുടങ്ങി പല പേരുകളിൽ കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയാണ് ഇത്തരക്കാർ തെരഞ്ഞെടുക്കുന്നത് . മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ മുതൽ ,ഒരു ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യാൻ മാത്രം അംഗങ്ങൾ ആഗോള തലത്തിലുള്ള ലെറ്റർപാഡ്  സംഘടനകളുടെ 'നേതാക്കളും' ഇത്തരത്തിൽ യാത്രകൾ നടത്താറുണ്ടെന്നതാണ് വസ്തുത  . ജനങ്ങളെ  രക്ഷിക്കാനെന്നതിലുപരി ,തങ്ങളുടെ പ്രതിച്ഛായ രക്ഷിക്കാനുള്ള നെട്ടോട്ടമാണെന്ന്  ദോഷൈകദൃഷ്ടികൾ പറയാറുണ്ട് .

                 ഹൃദയത്തിൽ പതിഞ്ഞ ഒരു വിമോചന യാത്രയായിരുന്നു, മിസ്രയീമിൽ നിന്ന് യിസ്രായേൽ മക്കളെയും കൊണ്ട് മോശെ എന്ന ജനനായകൻ നടത്തിയത്.  പതിറ്റാണ്ടുകൾ നീണ്ട അടിമത്തത്തിനും, പീഡനങ്ങൾക്കുമൊടുവിൽ  വലിയ ജന സമൂഹത്തെയും വഹിച്ചു കൊണ്ടുള്ള ഒരു വലിയ രക്ഷായാത്ര .ഈ യാത്ര പര്യവസാനിക്കുന്നത് തങ്ങൾക്കു അവകാശമായി ദൈവം വാഗ്ദത്തം നൽകിയ  ഒരു ദേശം തന്നെ അവകാശമാക്കിക്കൊണ്ടായിരുന്നു .

               നമ്മുടെ ജീവിത യാത്രയുടെ ദിശ തന്നെ മാറ്റി മറിച്ച  ഒരു വലിയ വലിയ യാത്രയുണ്ട് .അത് മാനവ രാശിയുടെ പാപങ്ങൾക്ക് വേണ്ടി ,കാൽവരിയിലെ ക്രൂശിൽ യാഗമായിത്തീരാൻ യേശു കർത്താവ് നടത്തിയ യാത്രയായിരുന്നു. എനിക്ക് ഏൽക്കേണ്ടിയിരുന്ന അടിയും ,നിന്ദയും ,ഉപദ്രവങ്ങളും സ്വയം എട്ടു വാങ്ങി ,ഭാരമേറിയ മരക്കുരിശും ചുമന്നുകൊണ്ട് വീണും എഴുന്നേറ്റും കൊണ്ട് യെരുശലേമിന്റെ വീഥിയിലൂടെ കാൽവരിയിലേക്കുള്ള യാത്ര .ആ യാത്ര കാൽവരി കൊണ്ടും ,ക്രൂശു മരണം കൊണ്ടും അവസാനിച്ചിട്ടില്ല . പാതാളത്തെയും ,മരണത്തെയും തോൽപ്പിച്ച ആ യേശു ഇന്നും അനേക പാപികളെ രക്ഷിച്ചു കൊണ്ടിരിക്കുന്നു ,രോഗികൾക്ക് വിടുതൽ നൽകിക്കൊണ്ടിരിക്കുന്നു .ബദ്ധന്മാർക്ക് വിടുതൽ  നൽകിക്കൊണ്ട് ആ രക്ഷായാത്ര തുടരുകയാണ് .ഈ യാത്രയും എത്തിച്ചേരുന്നത്  ഒരു വാഗ്ദത്ത നാട്ടിലാണെന്നതാണ് ഏറെ   ആഹ്ലാദവും പ്രത്യാശയും  നൽകുന്നത് .

2017 ഒക്‌ടോബർ 2, തിങ്കളാഴ്‌ച

എന്നാണ് നാട്ടിലേക്ക് ?

എന്നാണ്  നാട്ടിലേക്ക് ?

              മറുനാട്ടിൽ ചേക്കേറിയിരിക്കുന്ന മലയാളികൾ  തമ്മിൽ കാണുമ്പോൾ ചോദിക്കുന്ന ഒരു പതിവ്  ചോദ്യമുണ്ട് .ചിലപ്പോൾ ഔപചാരികമായും ,മറ്റുചിലപ്പോൾ അനൗപചാരികമായും ഒക്കെ ചോദിക്കുന്ന ഒരു കാര്യമാണ് -"എന്നാണ് നാട്ടിലേക്ക് ?" അല്ലെങ്കിൽ "നാട്ടിലൊക്കെ പോകാറായോ ?" എന്നൊക്കെ.ഒരു പക്ഷെ ചോദിക്കുന്നവർക്കും ,കേൾക്കുന്നവർക്കും ഒരു പോലെ കുളിർമയും ഗൃഹാതുരത്വവും ഉണർത്തുന്ന വാക്കുകളാവും ഇത് .
 
        പലപ്പോഴും "എന്നാണ് നാട്ടിലേക്ക് " എന്നു ആരെങ്കിലും ചോദിക്കുകയോ പറയുകയോ ഒക്കെ ചെയ്യുമ്പോൾ , അതിൽ വരികൾക്കിടയിലൂടെ വായിച്ചെടുക്കാവുന്ന ചില അർത്ഥ തലങ്ങൾ ഉണ്ടെന്നോർക്കണം .അതിൽ പ്രധാനം നാമൊക്കെ ഉപജീവനാർത്ഥം മറുനാട്ടിൽ പ്രവാസ ജീവിതം നയിക്കുന്നവരാണെന്നതാണ്.അതൊരു താത്കാലിക ക്രമീകരണം മാത്രമാണ് . .നാം ഓരോരുത്തരും മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ളവരും ,ഏതു സമയത്തും സ്വന്തം രാജ്യത്തു പോകാൻ സന്നദ്ധരും ആയിരിക്കേണമെന്നതുമാണ് വസ്തുത  .ഈ അടുത്ത കാലത്തു ആഭ്യന്തര കലാപം നിലനിന്നിരുന്ന ചില രാജ്യങ്ങളിൽ നിന്ന് , അവിടെ ജോലി നോക്കിയിരുന്ന ആയിരക്കണക്കിന് പ്രവാസികളെ  അവരവരുടെ സ്വന്ത രാജ്യങ്ങളിലേക്ക് മടക്കി അയച്ചത് ഓർക്കുമല്ലോ .

         മേൽപ്പറഞ്ഞ വസ്തുതകളൊക്കെ കുറിച്ചത് ആഴമേറിയ  ഒരു ആത്മീയ സത്യം ഓർമപ്പെടുത്താൻ  വേണ്ടിയാണ്.ദൈവമക്കളാകുന്ന നാം ഓരോരുത്തരും ഈ ഭൂമിയിൽ താത്കാലികമായ ജീവിതം അല്ലെങ്കിൽ പ്രവാസ ജീവിതം നയിക്കുന്നവരാണ് .നമുക്ക് പൗരത്വമുള്ളത് സ്വർഗത്തിലാണ് എന്ന യാഥാർഥ്യം നമ്മെ ഓരോ നിമിഷവും വഴി നടത്തണം .നിത്യത നഷ്ടമാകുന്ന ഒന്നും നമ്മുടെ ആത്മീയ ജീവിത മുന്നേറ്റത്തിന് തടസ്സം നില്ക്കാൻ  ഇടയാകരുത്.യേശു കർത്താവിന്റെ വീണ്ടും വരവിനോട് നാം ഏറ്റവും അടുത്തു നിൽക്കുന്ന സമയങ്ങളിൽ ,ആ രാജ്യത്തെക്ക് പോകാനുള്ള ഒരുക്കം നമ്മിലുണ്ടാകണം .താൽക്കാലികവും, കാണപ്പെടുന്നതുമായ ഈ ലോകമല്ല , കാണപ്പെടാത്ത നിത്യ രാജ്യമാകട്ടെ നമ്മുടെ വാഞ്ച . ഒരു പുനഃപരിശോധനക്കായി നമ്മോടു തന്നെ ചോദിക്കാം -'നിത്യ രാജ്യത്തു പോകാൻ ഒരുക്കമാണോ?

സാം.ടി .മൈക്കിൾ ഇളമ്പൽ