എന്നാണ് നാട്ടിലേക്ക് ?
മറുനാട്ടിൽ ചേക്കേറിയിരിക്കുന്ന മലയാളികൾ തമ്മിൽ കാണുമ്പോൾ ചോദിക്കുന്ന ഒരു പതിവ് ചോദ്യമുണ്ട് .ചിലപ്പോൾ ഔപചാരികമായും ,മറ്റുചിലപ്പോൾ അനൗപചാരികമായും ഒക്കെ ചോദിക്കുന്ന ഒരു കാര്യമാണ് -"എന്നാണ് നാട്ടിലേക്ക് ?" അല്ലെങ്കിൽ "നാട്ടിലൊക്കെ പോകാറായോ ?" എന്നൊക്കെ.ഒരു പക്ഷെ ചോദിക്കുന്നവർക്കും ,കേൾക്കുന്നവർക്കും ഒരു പോലെ കുളിർമയും ഗൃഹാതുരത്വവും ഉണർത്തുന്ന വാക്കുകളാവും ഇത് .പലപ്പോഴും "എന്നാണ് നാട്ടിലേക്ക് " എന്നു ആരെങ്കിലും ചോദിക്കുകയോ പറയുകയോ ഒക്കെ ചെയ്യുമ്പോൾ , അതിൽ വരികൾക്കിടയിലൂടെ വായിച്ചെടുക്കാവുന്ന ചില അർത്ഥ തലങ്ങൾ ഉണ്ടെന്നോർക്കണം .അതിൽ പ്രധാനം നാമൊക്കെ ഉപജീവനാർത്ഥം മറുനാട്ടിൽ പ്രവാസ ജീവിതം നയിക്കുന്നവരാണെന്നതാണ്.അതൊരു താത്കാലിക ക്രമീകരണം മാത്രമാണ് . .നാം ഓരോരുത്തരും മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ളവരും ,ഏതു സമയത്തും സ്വന്തം രാജ്യത്തു പോകാൻ സന്നദ്ധരും ആയിരിക്കേണമെന്നതുമാണ് വസ്തുത .ഈ അടുത്ത കാലത്തു ആഭ്യന്തര കലാപം നിലനിന്നിരുന്ന ചില രാജ്യങ്ങളിൽ നിന്ന് , അവിടെ ജോലി നോക്കിയിരുന്ന ആയിരക്കണക്കിന് പ്രവാസികളെ അവരവരുടെ സ്വന്ത രാജ്യങ്ങളിലേക്ക് മടക്കി അയച്ചത് ഓർക്കുമല്ലോ .
മേൽപ്പറഞ്ഞ വസ്തുതകളൊക്കെ കുറിച്ചത് ആഴമേറിയ ഒരു ആത്മീയ സത്യം ഓർമപ്പെടുത്താൻ വേണ്ടിയാണ്.ദൈവമക്കളാകുന്ന നാം ഓരോരുത്തരും ഈ ഭൂമിയിൽ താത്കാലികമായ ജീവിതം അല്ലെങ്കിൽ പ്രവാസ ജീവിതം നയിക്കുന്നവരാണ് .നമുക്ക് പൗരത്വമുള്ളത് സ്വർഗത്തിലാണ് എന്ന യാഥാർഥ്യം നമ്മെ ഓരോ നിമിഷവും വഴി നടത്തണം .നിത്യത നഷ്ടമാകുന്ന ഒന്നും നമ്മുടെ ആത്മീയ ജീവിത മുന്നേറ്റത്തിന് തടസ്സം നില്ക്കാൻ ഇടയാകരുത്.യേശു കർത്താവിന്റെ വീണ്ടും വരവിനോട് നാം ഏറ്റവും അടുത്തു നിൽക്കുന്ന സമയങ്ങളിൽ ,ആ രാജ്യത്തെക്ക് പോകാനുള്ള ഒരുക്കം നമ്മിലുണ്ടാകണം .താൽക്കാലികവും, കാണപ്പെടുന്നതുമായ ഈ ലോകമല്ല , കാണപ്പെടാത്ത നിത്യ രാജ്യമാകട്ടെ നമ്മുടെ വാഞ്ച . ഒരു പുനഃപരിശോധനക്കായി നമ്മോടു തന്നെ ചോദിക്കാം -'നിത്യ രാജ്യത്തു പോകാൻ ഒരുക്കമാണോ?
സാം.ടി .മൈക്കിൾ ഇളമ്പൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ