2017 ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

ആരെയും കുറ്റം പറയരുതേ ...കാര്യം അറിയാതെ !!!!!!!!



                 താനൊഴികെ മറ്റുള്ളവരൊക്കെ കുഴപ്പക്കാരും എന്തൊക്കെ ന്യൂനതകളും ഉള്ളവരാണെന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം ആൾക്കാർ എല്ലായിടത്തുമുണ്ട് .മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുകയും ,വിമർശിക്കുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ പ്രധാന വിനോദം.ആരുടെയെങ്കിലും നല്ല കാര്യം കേട്ടാൽ ഇടനെഞ്ച്  പിടക്കുകയും ,വാദങ്ങളോ വിവാദങ്ങളോ ഒക്കെയാണെങ്കിൽ കേട്ട് പാതി കേൾക്കാതെ മറുചെവികളിൽ എത്തിക്കുകയും ചെയ്യും ഇക്കൂട്ടർ .

              ഒരിക്കൽ ഒരു പ്രഭാഷകൻ തന്റെ പ്രസംഗ മദ്ധ്യേ കേൾവിക്കാരോടായി ഒരു ചോദ്യമുന്നയിച്ചു .ഡെങ്കിപ്പനി ,പക്ഷിപ്പനി ,മലേറിയ .കോളറ ,തുടങ്ങി അതിവേഗം പടരുന്ന പകർച്ചവ്യാധികളുണ്ട് .ഇതിനെയൊക്കെക്കാളും  അതിവേഗം പടരുന്നതും ,മാരകവുമായ ഒരു വിപത്തുണ്ട് -ആ വിപത്ത് ഏതാണ് ? എന്നായിരുന്നു ചോദ്യം.മറുപടിയൊന്നും കിട്ടാതിരുന്നതിനാൽ പ്രഭാകൻ  തന്നെ ഉത്തരം പറഞ്ഞു -'അപവാദങ്ങളത്രെ ഏറ്റവും മാരകവും മാരകവും വേഗം പടർന്നു പിടിക്കുന്നതും '.സത്യമായ കാര്യങ്ങൾ അറിയുകയും അറിയിക്കുകയും ചെയ്യുന്നതിനേക്കാൾ നൂറു മടങ്ങു വേഗത്തിൽ അപവാദങ്ങളും അസത്യങ്ങളും പ്രചരിച്ചിരിക്കുമെന്നത് വസ്തുതയാണ് .

         പണ്ടൊക്കെ ആരുടെയെങ്കിലും കുറ്റം പറയുകയോ ,അപവാദം  പറയുകയോ ഒക്കെ ചെയ്യുന്നത് വ്യക്തികൾ തമ്മിൽ പറഞ്ഞും ,ഒരു ചെവിയിൽ നിന്നും മറ്റൊരു ചെവിയിൽ എത്തിച്ചുമായിരുന്നു എന്നാണറിവ്  .എന്നാൽ ഇന്ന് കാലം  ഏറെ മാറി. ഇന്നിതൊക്കെ ചെയ്യുന്നത് ആധുനിക വാത്താവിനിമയ സാദ്ധ്യതകൾ മുതലെടുത്താണ് .എന്തെങ്കിലുമൊന്ന് കേൾക്കുകയോ അറിയുകയോ ചെയ്‌താൽ മതി. കാള  പെറ്റു  എന്നു കേട്ടയുടനെ കയറെടുക്കന്നതുപോലെ, കേട്ട് പാതി കേൾക്കാതെ അത് വാട്സാപ്പോ ,ഫേസ് ബുക്കോ പോലെയുള്ള ഏതെങ്കിലും സമൂഹമാധ്യമങ്ങളിൽ ചിത്രമുൾപ്പെടെ പോസ്റ്റ് ചെയ്യും. വിധിയും വിചാരണയും നടപ്പാക്കാൻ മേൽപ്പടിക്കാർക്ക്  ആരാണ് അധികാരം നല്കിയതെന്നറിയില്ല .അതിന്റെ നിജ സ്ഥിതി അറിയാതെ ,ഇതൊക്കെ ഏറ്റെടുക്കാൻ സദാ സന്നദ്ധരായവർ 'ലൈക്ക്‌' ചെയ്തും 'ഷെയർ' ചെയ്തും ,ഗ്രൂപ്പുകളിൽ ഇട്ടുമൊക്കെ നന്നായി അധ്വാനിക്കുമ്പോൾ  യഥാർത്ഥ സത്യം മൂടിവക്കപ്പെട്ടിരിക്കും.....കൂടാതെ മനസ്സാ, വാചാ, കർമണാ ഇതൊന്നും അറിയാത്ത നിരപാരാധികളുടെ നെഞ്ചിൽ ഒരു നെരിപ്പോട് തന്നെ എരിച്ചിരിക്കുകയും ചെയ്യും .

           ഞാനിതു കുറിക്കാൻ കാരണം ഏറെ നാളുകൾക്കു മുൻപ് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത ഒരു മനുഷ്യനെക്കുറിച്ചു ആരോ ഒരു ചിത്രവും കുറിപ്പും ഇട്ടതിനെക്കുറിച്ചു വന്ന ഒരു വാർത്തയാണ് .ആ മനുഷ്യനെ ,വിമർശിച്ചപ്പോൾ ധർമം പരാജയപ്പെടുകയുകയും  ,അധർമം വിജയിക്കുകയുമായിരുന്നു .ആ ബഹുമാന്യ വ്യക്തിയും കുടുംബവും നീറിപ്പുകഞ്ഞതിന്റെ  പകരം എന്ത് പ്രായശ്ചിത്തം ചെയ്താൽ  മതിയാകും ?ആയതിനാൽ ആരെയും കുറ്റം പറയരുതേ ...കാര്യം അറിയാതെ . വിശുദ്ധ ബൈബിളിൽ പറയുന്നതുപോലെ സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാൻ പറയാൻ നിൽക്കരുതേ ..അപവാദ പ്രചാരണം ഏറ്റവും മാരകമത്രെ .അതുകൊണ്ടു നല്ല വാർത്തകൾ , നല്ല ചിന്തകൾ ,നല്ലപ്രവർത്തികൾ പ്രചരിപ്പിക്കൂ...അല്ലെങ്കിൽ സമൂഹത്തിനു എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യൂ... അതിനൊക്കെ 'ലൈക്കും' സപ്പോർട്ടും ചെയ്യാൻ നല്ല മനസ്സുള്ളവർക്കു ഇന്നും പഞ്ഞമില്ലെന്നു തന്നെ കരുതുന്നു ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ