2017 ഒക്‌ടോബർ 8, ഞായറാഴ്‌ച

ജീവിതയാത്രയിൽ അവഗണിച്ചുകൂടാത്ത ചെറിയ ചെറിയ കാര്യങ്ങൾ .

ജീവിതയാത്രയിൽ അവഗണിച്ചുകൂടാത്ത ചെറിയ ചെറിയ കാര്യങ്ങൾ .

                          കുറെയേറെ  നാളുകൾക്ക് മുൻപ് കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്ക് പോകാനായി പറന്നുയർന്ന ഒരു വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ വാർത്ത കാണാനിടയായി.നൂറുകണക്കിന് യാത്രക്കാരെയും കൊണ്ട് കുതിച്ചു പൊങ്ങിയ ഈ ആകാശയാനത്തിൽ ഒരു ചെറിയ പക്ഷി വന്നിടിച്ചതുമൂലമുണ്ടായ സാങ്കേതികത്തകരാറായിരുന്നു അടിയന്തിരമായി തിരിച്ചിറങ്ങാൻ കാരണമായത് .ഒട്ടേറെ യാത്രക്കാരുടെ സ്വപ്നങ്ങളും ,പ്രതീക്ഷകളും പേറി ,മറുനാട്ടിലേക്കു പറന്നുയർന്ന ഈ വിമാനം തിരിച്ചിറങ്ങിയത് യാത്രക്കാരെ തെല്ലൊന്നുമല്ല വിഷമത്തിലാഴ്ത്തിയത്. എന്നാൽ സാങ്കേതികത്തകരാർ പരിഹരിക്കാതെ യാത്ര തുടർന്നാൽ പിന്നീട്  വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ബന്ധപ്പെട്ടവർ ആ പ്രശ്നം പരിഹരിച്ചതിന് ശേഷം മാത്രമായിരുന്നു യാത്രാനുമതി നൽകിയത് .

                          കേവലം ഒരു ചെറിയ പക്ഷിയെ ,നൂറു കണക്കിന് യാത്രക്കാരെയും കൊണ്ട് പറക്കുന്ന ഒരു വിമാനവുമായി തുലനം ചെയ്യാനേ കഴിയില്ല. വലുപ്പം നോക്കിയാൽ ,തള്ളിക്കളയാവുന്നത്രക്ക്  ചെറുതാണ് (Negligibly Small )പക്ഷിയുടേത് . പക്ഷേ ബഹുശതം പേരുടെ യാത്രക്ക് ഭംഗം വരുത്താൻ,അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്തു എത്തുന്നത് തടയാൻ പോലും ,ഈ പക്ഷി പറന്നുയരുന്ന ഈ വിമാനത്തിലൊന്ന് ഇടിച്ചാൽ മാത്രം മതി. തൻമൂലം ചെറുതോ,വലുതോ ആയ സാങ്കേതികത്തകരാറിനും ,ഒരു പക്ഷെ അപകടത്തിനുമൊക്കെ .അതിനാലാണ് തീരെചെറിയ പ്രശ്നമാണെങ്കിലും അത് പരിഹരിച്ചതിനു ശേഷം മാത്രം യാത്രക്ക് ഒരുങ്ങുന്നതെന്നു മറക്കരുത് .

                          നമ്മുടെ ആത്മീയ ജീവിതവും ഒരു യാത്രയാണ്.യാത്രക്ക് വിഘാതമുണ്ടാക്കുന്ന വലിയ പ്രതിബന്ധങ്ങളെ ഒരു പക്ഷെ നാമെല്ലാവരും സഗൗരവം കാണുകയും വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യും .എന്നാൽ ആത്മീയ ഉന്നതിക്ക് തടസ്സം സൃഷ്ടിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളെ പലപ്പോഴും നാമെല്ലാം ശ്രദ്ധിക്കണമെന്നില്ല. നമ്മുടെ ലക്‌ഷ്യം നിത്യതയാണ്.ആ നിത്യതയിലേക്കുള്ള മാർഗ്ഗത്തിന് തടയിടാൻ ,ജീവിതത്തിലെ തീരെച്ചെറിയ പാപസ്വഭാവങ്ങൾ മാത്രം മതിയാകും.ചെറിയ പിണക്കങ്ങളും ,അതുപോലെയുള്ള ജഡത്തിന്റെ സ്വഭാങ്ങളുമൊക്കെ കണ്ടില്ലെന്നു നടിക്കാതെ ,ഇവയൊക്കെ ജീവിതത്തിൽ നിന്നും ഒഴിവാക്കി, മുമ്പോട്ടുള്ള യാത്ര സുഗമമാക്കണം .നമ്മുടെ ലക്‌ഷ്യം നിത്യത എന്നത് മറക്കരുത് !!

 സാം .ടി .മൈക്കിൾ ഇളമ്പൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ