2017 ഒക്‌ടോബർ 3, ചൊവ്വാഴ്ച

ജീവിത യാത്രയുടെ ദിശ മാറ്റിയ ഒരു 'ജനരക്ഷാ യാത്ര ' അഥവാ 'വിമോചന യാത്ര '

ജീവിത യാത്രയുടെ ദിശ മാറ്റിയ ഒരു  'ജനരക്ഷാ  യാത്ര ' അഥവാ 

'വിമോചന യാത്ര '.


                    നമ്മുടെ നാട്ടിൽ നേതാക്കന്മാരുടെ പൊതുജന സമ്പർക്ക  യാത്രകൾക്ക് പഞ്ഞമില്ല.ജന വിമോചന യാത്ര , ജന രക്ഷാ യാത്ര ,സമാധാന യാത്ര തുടങ്ങി പല പേരുകളിൽ കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയാണ് ഇത്തരക്കാർ തെരഞ്ഞെടുക്കുന്നത് . മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ മുതൽ ,ഒരു ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യാൻ മാത്രം അംഗങ്ങൾ ആഗോള തലത്തിലുള്ള ലെറ്റർപാഡ്  സംഘടനകളുടെ 'നേതാക്കളും' ഇത്തരത്തിൽ യാത്രകൾ നടത്താറുണ്ടെന്നതാണ് വസ്തുത  . ജനങ്ങളെ  രക്ഷിക്കാനെന്നതിലുപരി ,തങ്ങളുടെ പ്രതിച്ഛായ രക്ഷിക്കാനുള്ള നെട്ടോട്ടമാണെന്ന്  ദോഷൈകദൃഷ്ടികൾ പറയാറുണ്ട് .

                 ഹൃദയത്തിൽ പതിഞ്ഞ ഒരു വിമോചന യാത്രയായിരുന്നു, മിസ്രയീമിൽ നിന്ന് യിസ്രായേൽ മക്കളെയും കൊണ്ട് മോശെ എന്ന ജനനായകൻ നടത്തിയത്.  പതിറ്റാണ്ടുകൾ നീണ്ട അടിമത്തത്തിനും, പീഡനങ്ങൾക്കുമൊടുവിൽ  വലിയ ജന സമൂഹത്തെയും വഹിച്ചു കൊണ്ടുള്ള ഒരു വലിയ രക്ഷായാത്ര .ഈ യാത്ര പര്യവസാനിക്കുന്നത് തങ്ങൾക്കു അവകാശമായി ദൈവം വാഗ്ദത്തം നൽകിയ  ഒരു ദേശം തന്നെ അവകാശമാക്കിക്കൊണ്ടായിരുന്നു .

               നമ്മുടെ ജീവിത യാത്രയുടെ ദിശ തന്നെ മാറ്റി മറിച്ച  ഒരു വലിയ വലിയ യാത്രയുണ്ട് .അത് മാനവ രാശിയുടെ പാപങ്ങൾക്ക് വേണ്ടി ,കാൽവരിയിലെ ക്രൂശിൽ യാഗമായിത്തീരാൻ യേശു കർത്താവ് നടത്തിയ യാത്രയായിരുന്നു. എനിക്ക് ഏൽക്കേണ്ടിയിരുന്ന അടിയും ,നിന്ദയും ,ഉപദ്രവങ്ങളും സ്വയം എട്ടു വാങ്ങി ,ഭാരമേറിയ മരക്കുരിശും ചുമന്നുകൊണ്ട് വീണും എഴുന്നേറ്റും കൊണ്ട് യെരുശലേമിന്റെ വീഥിയിലൂടെ കാൽവരിയിലേക്കുള്ള യാത്ര .ആ യാത്ര കാൽവരി കൊണ്ടും ,ക്രൂശു മരണം കൊണ്ടും അവസാനിച്ചിട്ടില്ല . പാതാളത്തെയും ,മരണത്തെയും തോൽപ്പിച്ച ആ യേശു ഇന്നും അനേക പാപികളെ രക്ഷിച്ചു കൊണ്ടിരിക്കുന്നു ,രോഗികൾക്ക് വിടുതൽ നൽകിക്കൊണ്ടിരിക്കുന്നു .ബദ്ധന്മാർക്ക് വിടുതൽ  നൽകിക്കൊണ്ട് ആ രക്ഷായാത്ര തുടരുകയാണ് .ഈ യാത്രയും എത്തിച്ചേരുന്നത്  ഒരു വാഗ്ദത്ത നാട്ടിലാണെന്നതാണ് ഏറെ   ആഹ്ലാദവും പ്രത്യാശയും  നൽകുന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ