ലേഖനം
പോകുവാനേറെയുണ്ട് ദൂരം ,വീടണയും മുൻപ് !
സാം .ടി .മൈക്കിൾ ഇളമ്പൽ
നാളുകൾക്കു മുൻപ് ഒളിമ്പിക്സിലെ ഓട്ട മത്സരത്തിൽ തലനാരിഴക്ക് സ്വർണം നഷ്ടമായ ഒരു അതികായനെക്കുറിച്ചു മാധ്യമങ്ങളിൽ വായിക്കാനിടയായി .മുൻവർഷങ്ങളിൽ ലോക കായിക ചരിത്രത്തിൽ നിറസാന്നിധ്യവും ,കായിക പ്രേമികളുടെ പ്രതീക്ഷയുമായിരുന്നു ആ വ്യക്തി. എന്നാൽ എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി ആരാധകർക്ക് നിരാശ സമ്മാനിക്കുവാൻ കാരണമായത് അവസാന പാദത്തിൽ കളം മാറി ഓടിയതായിരുന്നു .ദീർഘനാളത്തെ പരിശ്രമവും കഠിന പ്രയത്നവും വൃഥാവായതിന്റെ നിരാശ അദ്ദേഹം വേദനയോടെ പങ്കു വച്ചതോർക്കുന്നു .സ്ഥിരതയോടെയും ,നിയമപരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മുന്നേറുന്നവർക്ക് മാത്രമേ കിരീട പ്രാപ്തി കൈവരിക്കാൻ സാധിക്കുകയുള്ളൂ .എത്ര വേഗം ലക്ഷ്യത്തിലെത്തിയാലും ട്രാക്ക് മാറി ഓടിയാൽ ,ഏതു പ്രഗത്ഭനായാലും ശരി അത് അയോഗ്യത തന്നെയാണെന്ന് മറക്കരുത് .
പാലായിൽ വച്ച് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഓട്ട മത്സരങ്ങളും കാണാനിടയായി. കൊച്ചു മിടുക്കന്മാർ റിക്കോർഡുകൾ തിരുത്തിക്കുറിച്ചു കിരീടം വാങ്ങിയത് ശ്രദ്ധേയമായിരുന്നു .എന്നാൽ ഈ മത്സരങ്ങളിലെല്ലാം തന്നെ ചിലർ ആദ്യ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാറുണ്ട് .കാണികൾ വിചാരിക്കും ഇവർ തന്നെ കേമന്മാരെന്നു .എന്നാൽ അവസാന പാദങ്ങളിൽ ക്ഷീണിച്ചു അവശരായി ഒരു പക്ഷെ പൂർത്തിയാക്കാതെ പുറന്തള്ളപ്പെടും .ആദ്യാവസാനം സ്ഥിരതയോടെ ചുവടു വക്കുന്നവരാണ് ലക്‌ഷ്യം കാണുന്നതെന്ന് സാരം .
പാലായിൽ വച്ച് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഓട്ട മത്സരങ്ങളും കാണാനിടയായി. കൊച്ചു മിടുക്കന്മാർ റിക്കോർഡുകൾ തിരുത്തിക്കുറിച്ചു കിരീടം വാങ്ങിയത് ശ്രദ്ധേയമായിരുന്നു .എന്നാൽ ഈ മത്സരങ്ങളിലെല്ലാം തന്നെ ചിലർ ആദ്യ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാറുണ്ട് .കാണികൾ വിചാരിക്കും ഇവർ തന്നെ കേമന്മാരെന്നു .എന്നാൽ അവസാന പാദങ്ങളിൽ ക്ഷീണിച്ചു അവശരായി ഒരു പക്ഷെ പൂർത്തിയാക്കാതെ പുറന്തള്ളപ്പെടും .ആദ്യാവസാനം സ്ഥിരതയോടെ ചുവടു വക്കുന്നവരാണ് ലക്‌ഷ്യം കാണുന്നതെന്ന് സാരം .
യാത്രകൾക്കും ഏതാണ്ട് ഒരു ഓട്ടത്തിന്റെ ഭാവഭേദങ്ങളാണുള്ളത് .യാത്രകൾ എന്നും ഏതെങ്കിലും ഒരു ലക്‌ഷ്യം തേടിയുള്ളതായിരിക്കും .എന്നാൽ പല യാത്രകളും ലക്ഷ്യത്തിൽ എത്തിച്ചേരാറില്ല .മാർഗ തടസ്സങ്ങളും ,ലക്ഷ്യത്തിൽ നിന്നും പിന്മാറുന്നതുമൊക്കെ കാരണമായേക്കാം . ഭൗതികമായ ഏതൊരു യാത്രയും പോലെ ,ജീവിതവും ഒരു യാത്രയാണ് .പലരുടെയും ലക്‌ഷ്യം പലതാണെന്നു മാത്രം . ആത്മീയ ലക്ഷ്യത്തോടെ യാത്ര ചെയ്യുന്നവരും ചുരുക്കമല്ല.
ആംഗലേയ സാഹിത്യ ലോകത്തെ പ്രമുഖനായിരുന്ന 'റോബർട്ട് ഫ്രോസ്റ്റിന്റെ ' (ROBERT FROST ) വിശ്വ വിഖ്യാതമായ കവിതകളിലൊന്നാണ് "Stopping By Woods On A Snowy Evening "(മഞ്ഞു മൂടിയ സന്ധ്യയിൽ ,കാനനത്തിനരികെ നിൽക്കുമ്പോൾ ) എന്നത് .ഫ്രോസ്റ്റിന്റെ ഈ കവിതയിലെ വരികൾ അതിന്റെ ആഖ്യാന ശൈലി കൊണ്ടും ,പ്രതീകാത്മകത കൊണ്ടും ,കാല്പനികത കൊണ്ടും വായനക്കാരനെ ഹഠാദാകർഷിക്കുന്നു .ഇതിലെ വരികൾക്കും വാക്കുകൾക്കുമിടയിലൂടെ വിവിധ അർത്ഥ തലങ്ങളാണ് കാണപ്പെടുന്നത് .
മേൽപ്പറഞ്ഞ കവിതയിൽ ഒരു ലക്ഷ്യത്തിലേക്കു യാത്ര ചെയ്യുന്ന ഒരു യാത്രികനാണ് കേന്ദ്രബിന്ദു .ദൂരെ നാട്ടിൻ പുറത്തുള്ള തന്റെ ഭവനത്തിലേക്ക് കാട്ടിനരികിലൂടെ കുതിരപ്പുറത്തു യാത്ര ചെയ്യുകയാണയാൾ.ഒരു വശത്തു മനോഹരമായ തടാകവും ,മറു വശത്തു ഭംഗിയേറിയ വനവും .നേരം സന്ധ്യയാവുന്നു ,പോരെങ്കിൽ മഞ്ഞിന്റെ സാമീപ്യവും. വശ്യമായ കാനന ഭംഗിയിൽ ആരും നിന്ന് പോകുന്ന ഇടമെന്നൊക്കെ പറയാവുന്ന സമയം .ഈ സമയത്തു തന്റെ യാത്രയെക്കുറിച്ചും ,പോകേണ്ടയിടത്തെക്കുറിച്ചും ,കടപ്പാടുകളെക്കുറിച്ചുമൊക്കെ ഉത്തമ ബോധ്യമുള്ള യാത്രികൻ പറയുന്ന വരികൾ ഏറെ പ്രസിദ്ധമാണ് .
"The Woods are lovely dark and deep,
But I have promises to keep .
And Miles To Go Before I sleep,
And miles to go before I sleep".
ഈ കാനനത്തിന്റെ ഭംഗി വശ്യവും സുന്ദരവും മനോഹരവുമാണ് .എന്നാലും തനിക്കു ഒട്ടേറെ പ്രതിജ്ഞകളും കടപ്പാടുകളും പാലിക്കേണ്ടതുണ്ട് .വീടണയും മുൻപ് അല്ലെങ്കിൽ നിദ്രയെ പുൽകും മുൻപ് വളരെ ദൂരം താണ്ടേണ്ടതുമുണ്ട് .യാത്രാവേളയിൽ തന്നെ വശീകരിക്കാവുന്ന വഴിക്കാഴ്ചകളെക്കാളും ഏറെ പ്രാധാന്യമുള്ളതു തന്റെ കടപ്പാടുകളും ,ലക്ഷ്യവുമാണെന്ന ഒരു ഓർമപ്പെടുത്തൽ മേൽപ്പറഞ്ഞ വരികളിൽ കാണാം .
ഇത് കുറിച്ചത് ചില ആത്മീയ സത്യങ്ങൾ ഓർമപ്പെടുത്താനാണ് .നമ്മുടെ ആത്മീയ ജീവിതവും ഒരു യാത്രയാണ് അതിനേക്കാളുപരി വലിയ ഓട്ടമാണ് . നാമൊക്കെ ഒരു ഓട്ടക്കളത്തിലാണ് .വലിയ ശൂരന്മാർ പലരും കാലിടറി ,അല്ലെങ്കിൽ ലക്‌ഷ്യം തെറ്റി ഓട്ടം നിർത്തി,പരാജയമണഞ്ഞ ഒരു ഓട്ടക്കളം .നമ്മുടെ ലക്‌ഷ്യം നിത്യതയാണ് അല്ലെങ്കിൽ നിത്യമായ ഭവനമാണ് . പലപ്പോഴും പലരും ആവേശത്താൽ ഓടിത്തുടങ്ങും ,പ്രാരംഭ ശൂരത്വങ്ങൾ പ്രകടമാക്കും .പിന്നീട് അവരുടെ ഒരു പൊടി പോലും കാണില്ല .ഒരു പക്ഷെ ട്രാക്കിനടുത്തു കൂടെ ഈ ലക്ഷ്യത്തേ വിസ്മരിപ്പിക്കുന്ന അനേകം വഴിക്കാഴ്ചകൾ വശീകരിക്കാനിടയുണ്ട്.അതിലൊക്കെ ഭ്രമിച്ചു പോയിട്ടുണ്ടാകാം .വഴിക്കാഴ്ചകളല്ല ,ലക്‌ഷ്യം തന്നെയാണ് ഓട്ടക്കളത്തിലും യാത്രയിലുമൊക്കെ ഏറ്റവും പ്രധാനം .
സാധാരണ കായിക മത്സരാർത്ഥികളുടെ ജീവിതക്രമം ശ്രമകരമാണ് .മറ്റുള്ളവരെപ്പോലെ തോന്നിയപോലെ ഉറങ്ങാനോ ,ഭക്ഷണം കഴിക്കാനോ ,ഒന്നും അവർക്കാവില്ല. ചിട്ടയായ ഭക്ഷണ ക്രമവും ,കഠിനമായ വ്യായാമ മുറകളും ,ട്രാക്കിലെ ക്രമീകൃതമായ പരിശീലനവുമെല്ലാം അവരെ മത്സരത്തിന് സജ്ജരാക്കുന്നു.പ്രാരംഭ ശൂരത്വമല്ല ,ആദ്യാവസാനം സ്ഥിരതയോടെ (Constant & Consistent) .അവർക്കു ലക്‌ഷ്യം കിരീടം മാത്രം .അതുപോലെ തന്നെ വേറിട്ട ജീവിത രീതികളാണ് ആത്മീയ ഓട്ടക്കളത്തിലെ ഓരോരുത്തരും പിന്തുടരേണ്ടത് .നമ്മുടെ ലക്ഷ്യവും വാടാത്ത കിരീടമായിരിക്കട്ടെ .
അനേകർ ഓട്ടക്കളത്തിൽ ഓടുന്നുവെങ്കിലും ,ലക്ഷ്യത്തിലെത്തി വിരുത് പ്രാപിക്കുന്നവർ ചുരുക്കമാണ് .നമുക്ക് പാലിക്കാനുള്ള നിയമങ്ങളും ,ദൗത്യവും കടമകളും അതുപോലെ നമ്മുടെ ലക്ഷ്യവും മറക്കരുത് . നാമറിഞ്ഞ സുവിശേഷ സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതാണ് നമ്മുടെ പ്രധാന ദൗത്യങ്ങളിലൊന്ന് . പൗലോസിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ് -"ഒന്ന് ഞാൻ ചെയ്യുന്നു പിമ്പിലുള്ളത് മറന്നും മുന്പിലുള്ളതിനു ആഞ്ഞും കൊണ്ട് ക്രിസ്തുവിന്റെ പരമ വിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടുന്നു "(ഫിലി :3 :14).ആയതിനാൽ നമ്മുടെ ദൗത്യം മറക്കാതെ യാത്ര ചെയ്യാം ,ലാക്ക് നോക്കി .ആത്മീയ യുവജനങ്ങളുടെ നിത്യ ഭവനം ലക്ഷ്യമാക്കിയുള്ള ഓട്ടം സ്ഥിരതയോടെയും ,നിയമങ്ങൾ പാലിച്ചുമാകട്ടെ.
========================================================================



















